വിമത നീക്കത്തിൽ ആടിയുലഞ്ഞ് കോൺഗ്രസ്
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു പ്രചാരണം രണ്ടാം ഘട്ടത്തിലേക്കു കടക്കുമ്പോഴും കോൺഗ്രസിലെ തമ്മിൽത്തല്ല് അവസാനിക്കുന്നില്ല. കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങൾക്കു പുറമേ പുതിയ പ്രതിസന്ധിയുമായി അരൂരും യുഡിഎഫിനെ കുഴയ്ക്കുന്നു. അവിടെ വിമത നീക്കവുമായി യൂത്ത് കോൺഗ്രസിന്റെ വനിതാ സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം മണ്ഡലമായ ഹരിപ്പാട് സ്വദേശിയുമായ ഗീത അശോകൻ തന്നെയാണു രംഗത്തെത്തിയത്.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നായതിനാൽ ഗീത അടക്കമുള്ള വിമത സ്ഥാനാർഥികളെ അനുനയിപ്പിക്കുക എന്നതാണ് പാർട്ടിയുടെ പുതിയ തലവേദന. ശബരിമല വിഷയവും ബിജെപി - സിപിഎം വോട്ട് മറിക്കൽ ആരോപണവും ഉന്നയിച്ച് ശ്രദ്ധ തിരിക്കാൻ നേതാക്കൾ ശ്രമിക്കുമ്പോഴും പാർട്ടിക്കുള്ളിൽ വൻ അടിയൊഴുക്കുകൾ നടക്കുന്നത് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ മുൻ എംഎൽഎമാരായ അടൂർ പ്രകാശ്, കെ. മുരളീധരൻ എന്നിവരുടെ നിസഹകരണം യുഡിഎഫ് പ്രചാരണങ്ങളെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്. അടൂർ പ്രകാശിനോട് അടുപ്പമുള്ള പ്രവർത്തകർ കോന്നിയിൽ മോഹൻ രാജിന്റെ പ്രചരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെന്ന പരാതി ഡിസിസിക്കുണ്ട്. അതിനു സമാനമാണ് ഇപ്പോൾ അരൂരിലെയും അവസ്ഥ. അരൂർ സ്വദേശികളായ യുവ നേതാക്കളെ തഴഞ്ഞതിൽ പാർട്ടിയിലെ യുവജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയാണുള്ളത്.
പത്രിക പിൻവലിക്കൽ അവസാനിക്കും മുൻപു പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിലാണ് കെപിസിസി നേതൃത്വം. ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള പദയാത്രയ്ക്കായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളത്തുമായതിനാൽ ഇന്നലെ ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടന്നിട്ടില്ല.
അരൂരിൽ യുഡിഎഫിന് വിമത സ്ഥാനാർഥി
യുവാക്കൾക്കു പ്രാതിനിധ്യം നൽകിയെല്ലെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത അശോകൻ അരൂരിൽ യുഡിഎഫ് വിമത സ്ഥാനാർഥിയാകുന്നു. യൂത്ത് കോൺഗ്രസ് നേതാവ് എസ്. രാജേഷിന്റെ പേരാണ് സ്ഥാനാർഥിത്വത്തിൽ മുഖ്യ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ അവസാന നിമിഷമാണ് ഷാനിമോൾ ഉസ്മാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ഗീത സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.
"യുവജന വിരുദ്ധ നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ജനകീയത മാനദണ്ഡമാക്കാതെ നേതാക്കളുടെ താത്പര്യം മാത്രം മുൻനിർത്തി തീരുമാനമെടുത്തു. സംഘടനാ പ്രവർത്തനം ഉപേക്ഷിച്ചു പുതിയ സ്ഥലം തേടിപ്പോയവരും മത്സരിച്ചു സ്ഥിരം തോൽക്കുന്നവരുമാണ് കോൺഗ്രസ് പട്ടികയിലുള്ളത്. വരും കാലങ്ങളിലെങ്കിലും യുവാക്കൾക്ക് പ്രാതിനിധ്യം ലഭിക്കണം. അതിന് രക്തസാക്ഷിത്വം വഹിക്കാൻ തയാറാണ്. നേതൃത്വത്തിൽ നിന്നും സമ്മർദങ്ങളുണ്ട്. പക്ഷേ നിലപാടിൽ ഉറച്ചുനിൽക്കുന്നു'- ഗീത പറഞ്ഞു.
അരൂർ സ്വദേശികളായ യൂത്ത് കോൺഗ്രസ് നേതാക്കൾ, യൂത്ത് കോൺഗ്രസ് അരൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവരെ തഴഞ്ഞതിൽ യുവജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയാണുള്ളത്. സിപിഎമ്മും ബിജെപിയും യുവജനങ്ങൾക്ക് പ്രാതിനിധ്യം നൽകിയെന്നും അവർ പറഞ്ഞു. അരൂരിലെ യൂത്ത് കോൺഗ്രസിൽ രണ്ടു മണ്ഡലം സെക്രട്ടറിമാർ രാജിവച്ചെന്നും രാജി തുടരുമെന്നും യൂത്ത് കോൺഗ്രസ് കൂട്ടായ്മയുടെ തീരുമാന പ്രകാരമാണ് താൻ മത്സരിക്കുന്നതെന്നും ഗീത കൂട്ടിച്ചേർത്തു.
എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി ഗീത അശോകൻ യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകയല്ലെന്നും തങ്ങളുടെ അറിവോടെയല്ല അവർ മത്സരിക്കുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ശരത് പ്രതികരിച്ചു. ഹരിപ്പാട് സ്വദേശിയായ ഗീത അശോകൻ 2013ലാണ് യൂത്ത് കോൺഗ്രസ് അംഗത്വം നേടിയത്.