നീറ്റ് പരീക്ഷയിലെ ആള്‍മാറാട്ടം: തമിഴ്നാട് പൊലീസ് തൃശൂരിലേക്ക്
തൃശൂര്‍: നീറ്റ് പരീക്ഷയിലെ ആള്‍മാറാട്ട കേസിന്റെ തുടരന്വേഷണങ്ങളുടെ ഭാഗമായി തമിഴ്നാട് പൊലീസ് തൃശൂരിലെത്തും. ഇതിനൊപ്പം കേരളത്തിലെ മറ്റു പല ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണു സൂചന. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ മലയാളിയായ ഇടനിലക്കാരന് ജോര്‍ജ് ജോസഫാണെന്നു വ്യക്തമായ സാഹചര്യത്തിലാണിത്. മലയാളിയായ മറ്റൊരു ഇടനിലക്കാരനെക്കുറിച്ചു കൂടി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നാണു പറയുന്നത്.
ആള്‍മാറാട്ടം നടത്തി അഡ്മിഷൻ നേടിയ തൃശൂര്‍ സ്വദേശി രാഹുല്‍, അച്ഛന് ഡേവിസ് എന്നിവരെ തമിഴ്നാട് ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. എസ്ആര്‍എം മെഡിക്കല്‍ കോളെജിലെ വിദ്യാർഥി പ്രവീണ്‍, അച്ഛന് ശരവണന്, സത്യസായി മെഡിക്കല്‍ കോളെജിലെ വിദ്യാർഥിനി അഭിരാമി എന്നിവരും ഇവര്‍ക്കൊപ്പം കസ്റ്റഡിയിലായിട്ടുണ്ട്. ആൾമാറാട്ടത്തിലൂടെ പ്രവേശനം നേടിയ ധർമപുരി മെഡിക്കൽ കോളെജ് വിദ്യാർഥി മുഹമ്മദ് ഇർഫാനു വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയതായി അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കേസിൽ ആദ്യം അറസ്റ്റിലായ തേനി മെഡിക്കല്‍ കോളെജിലെ വിദ്യാർഥി ഉദിത് സൂര്യ, പിതാവ് ഡോ. കെ.എസ്. വെങ്കടേഷ് എന്നിവരിൽ നിന്നാണ് ആള്‍മാറാട്ട കേസിന്റെ സൂചനകള്‍ ലഭിച്ചത്. കോളെജ് അഡ്മിറ്റ് കാർഡിലെ സൂര്യയുടെ ഫോട്ടൊ നീറ്റ് ഐഡി ഫോട്ടൊയുമായി യോജിക്കുന്നതല്ലെന്നു കണ്ടെത്തിയതോടെയാണ് ആൾമാറാട്ട കേസിനു തുടക്കം. ഉദിത് സൂര്യയ്ക്ക് അഡ്മിഷനു വേണ്ടി ജോർജ് ജോസഫിന് 20 ലക്ഷം രൂപ കൈമാറിയതായി പൊലീസ് പറയുന്നു. മറ്റൊരു രക്ഷിതാവ് ചെന്നൈയിലെ ഇടനിലക്കാര്‍ വഴി 23 ലക്ഷം രൂപ കൈമാറിയെന്നും പറയുന്നുണ്ട്. എന്നാല്‍, പരീക്ഷ എഴുതിയത് ആരെന്ന് അറിയില്ലെന്നാണു മൊഴി.
ബംഗളൂരുവിൽ നിന്നുള്ള റാഫി, വെല്ലൂരിനടുത്ത വാണിയമ്പാടിയിലെ മുഹമ്മദ് ഷാഫി എന്നീ ഏജന്റുമാരെയും തെരഞ്ഞുവരികയാണ്. മുൻവർഷവും ഇത്തരം തട്ടിപ്പു നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. തമിഴ്നാടിനു പുറത്ത് പരീക്ഷയെഴുതിയ തമിഴ്നാട്ടുകാരായ വിദ്യാർഥികളുടെ വിശദാംശങ്ങളും കേസ് ഏറ്റെടുത്ത സിബിസിഐഡി സംഘം ശേഖരിക്കുന്നു. മുംബൈ, ബംഗളൂരു, ലക്നൗ എന്നിവിടങ്ങളാണ് ഇവർ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നത്. എന്‍ട്രന്‍സ് പരിശീലകരോ എംബിബിഎസ് വിദ്യാർഥികളോ ആയിരിക്കാം പരീക്ഷ എഴുതിയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. വിശാലമായ റാക്കറ്റ് നീറ്റ് പരീക്ഷാ തട്ടിപ്പിനു പിന്നിലുണ്ടെന്നാണു കരുതുന്നത്.