റിയലന്‍സ് ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശ പരസ്യ ഏജന്‍സികള്‍ക്ക് വില്‍ക്കുന്നു; വെളിപ്പെടുത്തലുമായി ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസ്
റിലയന്‍സ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശ പരസ്യ ഏജന്‍സികള്‍ക്ക് വില്‍ക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസ്. മാഡ് മീ നെറ്റ്വര്‍ക്കിലേക്ക് രണ്ട് ആപ്പുകള്‍ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നാണ് ഹാക്കര്‍മാരായ അനോണിമസ് ഗ്രൂപ്പ് വെളിപ്പെടുത്തിയത്. റിലയന്‍സ് ജിയോയുടെ മൈ ജിയോ, ജിയോ ഡയലര്‍ എന്നീ ആപ്ലിക്കേഷനുകളാണ് വിവരങ്ങള്‍ വില്‍ക്കുന്നത്. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വിദേശ പരസ്യ കമ്പനികള്‍ക്ക് വില്‍ക്കുന്നുവെന്ന ആരോപണം റിലയന്‍സ് ജിയോ നിഷേധിച്ചു.
ഉപഭോക്താക്കളുടെ കോള്‍ വിവരങ്ങള്‍ അടക്കം യുഎസിലേയും സിംഗപ്പൂരിലേയും പരസ്യ ശൃംഖലയ്ക്ക് കൈമാറുന്നുവെന്നാണ് ഹാക്ടിവിസ്റ്റ് (സാമൂഹികരാഷ്ട്രീയ കാര്യങ്ങള്‍ കണക്കിലെടുത്ത് വിവരശേഖരണം നടത്തുന്ന ഹാക്കര്‍മാര്‍) ഗ്രൂപ്പായ അനോണിമസ് പുറത്തുവിടുന്ന വിവരം. ഉപഭോക്താക്കളെ അറിയിക്കാതെയാണ് റിലയന്‍സ് ജിയോ കോള്‍ ഡീറ്റെയ്ല്സും ഡേറ്റയും വിദേശ പരസ്യ കമ്പനികള്‍ക്ക് കൈമാറുന്നതെന്നും അനോണിമസ് വ്യക്തമാക്കുന്നു.
സര്‍ക്കാരുകളുടേയും കമ്പനികളുടേയും അഴിമതി തുറന്നു കാട്ടാന്‍ കമ്പ്യൂട്ടര്‍ ഹാക്കിംഗിലൂടെ വിവരങ്ങള്‍ പുറത്തു കൊണ്ടുവരുന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പാണ് അനോണിമസ്. അനോണ് ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടും അനോണിമസിനുണ്ട്. ദ ഹിന്ദു ബിസിനസ് ലൈനാണ് വാര്‍ത്ത പുറത്തുവിട്ടത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാഡ്മീ എന്ന വിദേഷ പരസ്യ ശൃംഖലയ്ക്ക് കൈമാറുന്നുവെന്നാണ് അനോണിമസിന്റെ വെളിപ്പെടുത്തല്‍. പരസ്യം ലക്ഷ്യമിട്ടാണ് റിലയന്‍സ് ജിയോ വെബ്സൈറ്റ് ഇത്തരത്തില്‍ ഉപഭോക്താക്കളറിയാതെ വിവരം കൈമാറുന്നതെന്നും അനോണിമസ് ആരോപിക്കുന്നു. വിശദമായ ബ്ലോഗിലൂടെ റിലയന്‍സ് ജിയോ ഏതുതരത്തിലുള്ള വിവരങ്ങളാണ് കൈമാറുന്നതെന്ന് ഹാക്ക് ചെയ്ത് കണ്ടെത്താനുള്ള വിശദീകരണവും എല്ലാവര്‍ക്കുമായി അനോണിമസ് പങ്കുവെച്ചു.
എന്നാല്‍ അനോണിമസിന്റെ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് റിലയന്‍സ് ജിയോ രംഗത്തെത്തി.ജിയോ ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും വളരെ ഗൗരവമായാണ് കാണുന്നത്. ഉന്നത നിലവാരവും പ്രതിബദ്ധതയുമുള്ള റിലയന്‍സ് ജിയോ, തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒരു കാരണവശാലും മറ്റൊരാള്‍ക്ക് കൈമാറില്ല. ജിയോ എന്തെങ്കിലും കാരണങ്ങളാല്‍ വിവര ശേഖരണം നടത്തുകയാണെങ്കില്‍ അത് ആഭ്യന്തര അപഗ്രഥനത്തിന് വേണ്ടിയും സേവനം മികച്ചതാക്കാനും വേണ്ടിയാകുമെന്നും റിലയന്‍സ് ജിയോ ഇന്‍ഫോകോം വക്താവ് അറിയിച്ചു.
നേരത്തെ ഒരു വര്‍ഷം മുമ്പ് അനോണിമസ് ഗ്രൂപ്പ് റിലയന്‍സിനെതിരെ മറ്റൊരു ആരോപണവും ഉന്നയിച്ചിരുന്നു. റിലയന്‍സ് ജിയ ചാറ്റ് ആപ്, ജിയോ ചാറ്റ് ഒരു ചൈനീസ് ഐപിക്ക് എന്‍ക്രിപ്റ്റ് ചെയ്യാതെ ഉപഭോക്താക്കളുടെ വിവരം കൈമാറുന്നുവെന്ന് ആയിരുന്നു അത്.സ മറ്റ് മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ആപുകളും പരിശോധിച്ചെങ്കിലും ഇപ്പോള്‍ വിദേശ ഏജന്‍സിക്ക് വിവരം കൈമാറുന്ന ആപ്പുകള്‍ ജിയോയുടേത് മാത്രമാണെന്നാണ് അനോണിമസിന്റെ വെളിപ്പെടുത്തല്‍. നെറ്റ് ന്യൂട്രാലിറ്റി ആദര്‍ശങ്ങള്‍ തെറ്റിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഹാക്ടിവിസ്റ്റുകള്‍ പറയുന്നു. കമ്പനികളുടെ തെറ്റായ നടപടികള്‍ പുറംലോകത്തെ അറിയിക്കുകയാണ് അനോണിമസിന്റെ ലക്ഷ്യമെന്നും ഹാക്കര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.