കൊച്ചിയിൽ യുവരക്തം മതിയെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പേരിൽ പോസ്റ്റർ
കൊച്ചി:ഹൈബി ഈഡന്റെ പിൻഗാമിയും യുവരക്തമാകണമെന്ന് ആവശ്യം. എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് യുവാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രചരണം.
കൊച്ചി കോർപ്പറേഷൻ ഓഫിസിനു മുന്നിലും ഡിസിസി ഓഫിസിനു മുന്നിലുമാണു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്റർ.
അധികാരത്തിലുള്ളവരും പലപ്രാവശ്യം മത്സരിച്ചവരും മാറിനിൽക്കട്ടെ, കൊച്ചിയുടെ വളർച്ചയ്ക്കു വേണ്ടതു യുവരക്തം, യുവാക്കൾക്ക് അവസരം നൽകുക എന്നിങ്ങനെയാണു പോസ്റ്ററിലെ വാചകങ്ങൾ.
മുൻ എംപി കെ.വി. തോമസ് ഡൽഹിയിൽ എത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ചകൾ നടത്തിയതിനു പിന്നാലെയാണു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്ഥാനാർഥിത്വം തേടിയാണ് തോമസ് ഡൽഹിയിലേക്കു പോയതെന്നാണ് ആരോപണങ്ങൾ. ഹൈബി ഈഡൻ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്.
മുൻ എംഎൽഎ ഡൊമിനിക് പ്രസന്റേഷൻ, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, കൊച്ചി മുൻ മേയർ ടോണി ചമ്മിണി തുടങ്ങിയവരാണ് കോണ്‍ഗ്രസിൽ സ്ഥാനാർഥിത്വ മോഹവുമായി രംഗത്തുള്ളവരിൽ ചിലർ.