മകന്റെ തലയിണയില്‍ ആറടി മൂര്‍ഖന്‍; പാതിരാത്രിയിൽ ഉണർന്ന അമ്മ ഞെട്ടി
സുല്‍ത്താന്‍പൂര്‍: തന്റെ മൊബൈൽ ഫോൺ അപ്പോൾ അലാറം അടിച്ചില്ലായിരുന്നെങ്കിൽ അവിടെ വലിയ അത്യാഹിതം സംഭവിക്കുമായിരുന്നില്ലേ എന്ന ആശങ്കയിലായിരുന്നു മഞ്ജലി.
തന്റെ മൊബൈൽ ഫോൺ ഓഫ് ചെയ്യാൻ പാതിരാത്രിയില്‍ ഉറക്കമുണര്‍ന്ന മഞ്ജലി മകന്റെ കട്ടിലില്‍ കിടന്ന ആറടി മൂർഖനെ കണ്ട് ഞെട്ടി. ഒരുമണിയോടെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള സുല്‍ത്താന്‍പൂരിലാണ് സംഭവം.
മകന്റെ തലയിണയിലെ തണുപ്പിന്റെ കാരണം കണ്ടതോടെ അവര്‍ ഭയന്നു നിലവിളിച്ചു. ആറടിയോളം നീളവും മൂന്ന് കിലോഗ്രാം ഭാരവുമുള്ള മൂര്‍ഖന്‍ പാമ്പാണ് മൂന്നുവയസുകാരനായ മകന്റെ തലയിണയില്‍ കിടക്കുന്നത്.
പുലർച്ചെ ഒരുമണിയോടെയാണ് കിടക്കയില്‍ പാമ്പിനെ കാണുന്നത്. ആദ്യം ഭയന്നെങ്കിലും സമനില വീണ്ടെടുത്ത മുപ്പത്തൊമ്പതുകാരി ടാക്സി ഡ്രൈവറായ ഭര്‍ത്താവ് രാജേഷ് കുമാറിനെ വിളിച്ച് വേഗം വീട്ടിലെത്താന്‍ ആവശ്യപ്പെട്ടു.
ഒപ്പം കിടക്കയില്‍ പാമ്പിനെ കണ്ടെത്തിയ വിവരവും അറിയിച്ചു. അയല്‍വാസിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു. സമീപത്തായി നാല് വീടുകൾ മാത്രമെ ഉണ്ടായിരുന്നുള്ളു.
അനക്കമുണ്ടാകാതെ മകനെ കിടക്കയില്‍ നിന്ന് എടുത്ത ശേഷം രണ്ടു കുട്ടികളോടൊപ്പം അമ്മ മുറിയില്‍ തന്നെ നിന്നു. യുവതിയുടെ ഭര്‍ത്താവ് കുറച്ച് ആളുകളെ കൂട്ടിയാണ് വീട്ടിലെത്തിയത്. ഇതിന് ശേഷം കിടക്ക വിരി തന്ത്രപരമായി മടക്കിയെടുത്ത വീട്ടുകാര്‍ മൂര്‍ഖനെ കിടക്കവിരിയില്‍ കുടുക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി.
മൂന്നരകിലോ ഭാരമുള്ള ആണ് മൂര്‍ഖന്‍ പാമ്പിനെയാണ് പിടികൂടിയത്. ഇത് എങ്ങനെയാണ് വീടിനുള്ളില്‍ കയറിയതെന്ന കാര്യം പരിശോധിക്കുകയാണ് വീട്ടുകാര്‍.