ഓട്ടൊ ഡ്രൈവർ രാജേഷിന്റെ ആത്മഹത്യ: രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് ഭാര്യ രജിഷ
കോഴിക്കോട്: എലത്തൂരിൽ ഓട്ടൊ ഡ്രൈവർ രാജേഷിന്റെ ആത്മഹത്യയിലേക്ക് നയിച്ച മർദ്ദനത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് ഭാര്യ രജിഷ.
രാജേഷിന് രാഷ്ട്രീയ പ്രവർത്തനങ്ങളുണ്ടായിരുന്നില്ല. ഓട്ടൊ സ്റ്റാൻഡിൽ നിർത്തുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് രജിഷ.
പത്ത് പേരിലധികം ചേന്നാണ് മദ്ദിച്ചതെന്ന് രാജേഷ് പറഞ്ഞത്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പോകുന്ന ഒരാളല്ല രാജേഷ്. നേരത്തെയും ഓട്ടൊ സ്റ്റാൻഡിൽ ഇടുന്നതുമായി ബന്ധപ്പെട്ട് രാജേഷിന് ഭീഷണിയുണ്ടായിരുന്നെന്ന് രജിഷ പറഞ്ഞു.
കക്ക വാരലടക്കമുള്ള തൊഴിലുകള്‍ ചെയ്തു ജീവിച്ചിരുന്ന രാജേഷ് പണി കുറവായതോടെയാണ് ബാങ്ക് വായ്പ എടുത്ത് പുതിയ ഓട്ടൊറിക്ഷ വാങ്ങുന്നത്.
ഓട്ടൊയുമായി എലത്തൂര്‍ സ്റ്റാന്‍ഡില്‍ എത്തിയ രാജേഷിനെ സിഐടിയുകാരായ ഓട്ടൊ തൊഴിലാളികള്‍ തടഞ്ഞു. ഇതു രാജേഷ് ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാകുകയും രാജേഷിനെ വളഞ്ഞിട്ട് തല്ലുന്ന അവസ്ഥയുണ്ടാവുകയുമായി.
കൂട്ട ആക്രമണത്തിൽ പരിക്കേറ്റ രാജേഷ് ഓട്ടൊറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
15 പേർ ചേർന്നാണ് രാജേഷിനെ മർദ്ദിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങൾ ഇന്ന് കോടതിയിൽ സമർപ്പിക്കും.
കേസില്‍ മുൻപ് അറസ്റ്റിലായ ശ്രീലേഷ്, ഷൈജു തുടങ്ങിയ സിപിഎം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്. സിപിഎം പ്രവര്‍ത്തകനായ എലത്തൂര്‍ സ്വദേശി മുരളിയും സിഐടിയു ഏലത്തൂര്‍ ഓട്ടൊസ്റ്റാന്റ് യൂണിയന് സെക്രട്ടറി ഖദ്ദാസിയുമടക്കം നാല് പേരാണ് ഈ കേസിൽ ഇതു വരെ അറസ്റ്റിലായത്.