ചരിത്രസന്ധിയിൽ ശ്വാസമടക്കി പാലാ
പാലാ: കെ.എം. മാണി ഇല്ലാത്ത പാലായിലെ ആദ്യ തെരഞ്ഞെടുപ്പ് മറ്റൊരു ചരിത്രത്തിന് കൂടി സാക്ഷ്യം വഹിക്കുന്നു. പാലാ നിയോകജക മണ്ഡലം രൂപികരിച്ച 1965 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളിലെ ഏറ്റവും സ്ഥാനാർഥി ബാഹുല്യം ഇത്തവണയാണ്. 13 പേരാണ് മത്സരരംഗത്തുള്ളത്. അവരിൽ യുഡിഎഫ് സ്ഥാനാർഥിയുള്‍പ്പടെ 11 പേരും സ്വതന്ത്രർ. യുഡിഎഫിന് അഡ്വ. ജോസ് ടോം പുലിക്കുന്നേൽ പൈനാപ്പിൾ ചിഹ്നത്തിലും എല്‍ഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന് എന്‍സിപിയുടെ ടൈംപീസ് ചിഹ്നത്തിലും എന്‍ഡിഎയിലെ എന്‍. ഹരി താമര ചിഹ്നത്തിലും മത്സരിക്കുന്നു.
സ്വതന്ത്രരില്‍ പലരും കേരള കോണ്‍ഗ്രസുമായി ബന്ധമുള്ളവരാണ്, ജോസ് കെ. മാണി എംപിയുടെ നിലപാടിനെതിരെ രംഗത്തു വന്നിട്ടുള്ളവരാണ് പലരും. തങ്ങളാല്‍ കഴിയുന്ന പ്രതിഷേധം രേഖപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍ റിബലോ അപരന്മാരോ മുന്നണികള്‍ക്ക് ഭീഷണി ഉയർത്തുന്നില്ല എന്നതും ശ്രദ്ധേയം. ഇഗ്നേഷ്യസ് ഇല്ലിമൂട്ടില്‍, ജോബി തോമസ്, ജോമോന് ജോസഫ്, ജോര്‍ജ് ഫ്രാന്‍സിസ്, ജോസഫ് ജേക്കബ്, ടോം തോമസ്, സി.ജെ ഫിലപ്പ്, ബാബു ജോസഫ്, മജു, സുനില്‍ കുമാര്‍ എന്നിവരാണ് സ്വതന്ത്രർ.
പാലാ നഗരസഭ ഉള്‍പ്പടെ 13 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലാ നിയോജകമണ്ഡലം. ഇതില്‍ നഗരസഭ ഉള്‍പ്പടെ 10ലും യുഡിഎഫാണ് അധികാരത്തിൽ. മൂന്ന് പഞ്ചായത്തുകളില്‍ നേരിയ മാര്‍ജിനില്‍ എല്‍ഡിഎഫ് ഭരിക്കുന്നു. ഇതില്‍ തന്നെ ഒരു പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് അവർക്ക് അധികാരം ലഭിച്ചത്. പാലാ നഗരസഭ, മുത്തോലി, മൂന്നിലവ്, മേലുകാവ്, തലപ്പലം, കരൂര്‍, ഭരണങ്ങാനം, കൊഴുവനാല്‍, രാമപുരം എന്നിവിടങ്ങളിലാണ് യുഡിഎഫ് ഭരിക്കുന്നത്. തലനാട് , കടനാട്, എലിക്കുളം പഞ്ചായത്തുകളിൽ എല്‍ഡിഎഫും. എലിക്കുളത്ത് നറുക്കെടുപ്പിലൂടെയാണ് അധികാരത്തിലേറിയത്.
യുഡിഎഫിന് കെ.എം. മാണിയുടെ നഷ്ടം പോലെ തന്നെ നികത്താനാകാത്തതാണ് എൽഡിഎഫിന് എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ വിയോഗവും. പാലാ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന യോഗങ്ങളില്‍പ്പോലും ഉഴവൂര്‍ വിജയന്റെ നർമം അലതല്ലിയിരുന്നു.
താമരത്തിളക്കം
പാലായുടെ വോട്ട് ചരിത്രം പരിശോധിച്ചാൽ യുഡിഎഫിന് വോട്ടിങ് ശതമാനം കുറഞ്ഞു വരുന്നതായാണ് കാണുന്നത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 49.14ശതമാനം വോട്ട് നേടിയപ്പോള്‍ 2016ലെ തെരഞ്ഞെടുപ്പില്‍ അത് 42.13 ആയി കുറഞ്ഞു. 2011ല്‍ 5259 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് 4703 വോട്ടായി കുറയുകയും ചെയ്തു. ലോക്സഭയില്‍ 2014ല്‍ 56.42ശതമാനം വോട്ട് നേടിയപ്പോള്‍ 2019ൽ അത് 51.90 ശതമാനമായി. അതേസമയം ഭൂരിപക്ഷം 31399ല്‍ നിന്ന് 33472 ആയി കൂടി. 2011ല്‍ 44.92 ശതമാനമായിരുന്നു എല്‍ഡിഎഫ് വോട്ട്. ഇത് 2016ല്‍ 38.76 ആയി കുറഞ്ഞു. ലോക്സഭയില്‍ 2014ല്‍ 29.97 ശതമാനമായിരുന്നത് 2019ല്‍ 25.96ശതമാനത്തിലെത്തി. ബിജെപിക്ക് 2011ല്‍ 5.10 ശതമാനം കിട്ടിയപ്പോൾ 2016ൽ അത് 17.76 ആയി ഉയർന്നു. ലോക്സഭയിൽ 2014ല്‍ 7.14 ശതമാനമായിരുന്നത് 2019ല്‍ 20.56 ശതമാനമായി.
വിധിയെഴുതാൻ 1.79 ലക്ഷം
ഉപതെരഞ്ഞെടുപ്പില്‍ 1557 കന്നിവോട്ടുകളാണുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ചേര്‍ത്ത വോട്ടുകളാണിവ. മണ്ഡലത്തില്‍ 1,79,107 വോട്ടര്‍മാരാണുള്ളത്. 87,729 പുരുഷന്മാരും 91,378 വനിതകളും. ബൂത്ത് നമ്പര്‍ 132 ആയ കണ്ണാടിയുറുമ്പ് സെന്റ് ജോസഫ്സ് അപ്പര്‍ പ്രൈമറി സ്കൂളിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്- 1380 പേർ. 657 പുരുഷന്മാരും 723 വനിതകളും. ബൂത്ത് നമ്പര്‍ 62 ആയ നരിയങ്ങാനം സെന്റ് മേരീസ് മഗ്ദലനാസ് യുപി സ്കൂളിലാണ് എറ്റവും കുറവ് വോട്ടുകൾ. ആകെ 203 വോട്ട് മാത്രം. 113 പുരുഷന്മാരും 90 വനിതകളും.
മണ്ഡലത്തില്‍ എറ്റവും കൂടുതല്‍ പുരുഷ വോട്ടർമാരുള്ളത് 39ാം ബൂത്തായ മേലുകാവ് ചര്‍ച്ച് മിഷന് സൊസൈറ്റി ഹൈസ്കൂളില്‍. 683 വോട്ടര്‍മാരാണ് ഉവിടെ ഉള്ളത്. കുടുതൽ സ്ത്രീ വോട്ടർമാർ 29-ാം ബൂത്തായ മാന്തൂര്‍ സെന്റ് ജോസഫ്സ് എച്ച് എസിലും. 689 വനിതാ വോട്ടര്‍മാർ.