ഉറി ആക്രമണം ഇന്ത്യ മറക്കില്ല; തിരിച്ചടി നല്‍കും: മോദി
കോഴിക്കോട്: പാകിസ്താന് കനത്ത താക്കീത് നല്കി പ്രധാനമന്ത്രിയുടെ കോഴിക്കോട് പ്രസംഗം.
ഏഷ്യയില്‍ ഭീകരവാദം വിതയ്ക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് മോദി പറഞ്ഞു. ഇന്ത്യ ഐടി കയറ്റുമതി ചെയ്യുമ്പോള്‍ പാകിസ്താന് ഭീകരവാദം കയറ്റിയയ്ക്കുകയാണ്. തീവ്രവാദം മനുഷ്യത്വത്തിന്റെ മുഴുവന്‍ ശത്രുവാണ്.
ഭീകരവാദത്തിന്റെ മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ല. അതിന് ഉദ്ദേശവുമില്ല. രാജ്യം മുഴുവന്‍ ആശങ്കയുടെ സാഹചര്യമാണുള്ളത്.
കശ്മിരില്‍ പാകിസ്ഥാനില്‍നിന്നുള്ള ഭീകരവാദികള്‍ നമ്മുടെ സൈനികരെ കൊലപ്പെടുത്തി.
ഇത് ഒരു കാരണവശാലും ഇന്ത്യ മറക്കില്ല. അതിനു മറുപടി കൊടുക്കുകതന്നെ ചെയ്യും.
കുറച്ചു മാസങ്ങള്‍ക്കിടയില്‍ 17 തവണ ഭീകരര്‍ നമ്മുടെ അതിര്‍ത്തി കടന്നു. എന്നാല്‍ നമ്മുടെ സൈന്യം പരാജയപ്പെടുത്തി. 110 ഭീകരവാദികളെ വധിക്കാന്‍ സേനയ്ക്കു കഴിഞ്ഞു.
21-ാം നൂറ്റാണ്ട് ഏഷ്യയുടേതാണ്. എന്നാല്‍ ഇതിനു ഒരപവാദമാണ് പാകിസ്താന് എന്ന രാജ്യം.
എവിടെ ഭീകരാക്രമണമുണ്ടായാലും പാകിസ്താനാണ് അതിന് ഉത്തരവാദി. ഒസാമാ ബിന്‍ ലാദന് അഭയം നല്കിയ രാജ്യമാണത്.
പാകിസ്താനിലെ ജനങ്ങളോടെ ഞാന്‍ ചോദിക്കുന്നു. ‘പാക് അധീന കശ്മീരിലേയും ബലൂചിസ്താനിലേയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങളുടെ നേതാക്കള്ക്കായോ എന്ന് നിങ്ങള്‍ അവരോട് ചോദിക്കണം’. കശ്മിരിന്റെ പേരു പറഞ്ഞ് പാകിസ്താന് അവരുടെ ജനങ്ങളെ കണ്ണില്പൊടിയിടുന്നു.
നവാസ് ഷരിഫ് കേള്‍ക്കുന്നത് ഭീകരവാദികളുടെ വാക്കു മാത്രമാണ് കേള്‍ക്കുന്നത്.
ലോക രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്താനെ ഒറ്റപ്പെടുത്തും. ഭീകരവാദം വച്ചുപൊറുപ്പിക്കില്ല.
പാകിസ്താന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യ തയാറാണ്. പാകിസ്താനുമായി യുദ്ധത്തിന് തയാറാണ്. എന്നാല്‍ അത് ദാരിദ്രം നിര്‍മാര്‍ജനം ചെയ്യാനുള്ള യുദ്ധമാണ്.യുവാക്കള്‍ക്ക് തൊഴിലിനു വേണ്ടിയിള്ള യുദ്ധമാണ്.
അശാന്തിയുടെ രാഷ്ട്രീയം വിതയ്ക്കുകയാണ് പാകിസ്താന്.
ഇന്ത്യയുടെ 18 ജവാന്മാരുടെ വീരമൃത്യു വെറുതെയാവില്ലെന്ന് പാകിസ്താന് മനസിലാക്കണമെന്നും മോദി പറഞ്ഞു.
മലയാളത്തില്‍ ആശംസയര്‍പ്പിച്ചും കേരളത്തെ പ്രശംസിച്ചുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. കേരളീയരുടെ കര്‍മശേഷിയെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. പവിത്രമായ മണ്ണാണ് കേരളത്തിന്റെതെന്നും മോദി പറഞ്ഞു.
ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കടപ്പുറത്തുനടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന്
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
നാലരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ മോദി അവിടെനിന്ന് ഹെലികോപ്ടര്‍ മാര്‍ഗം വിക്രം മൈതാനിയിലെത്തി. പിന്നീട് കാര്‍മാര്‍ഗമാണ് സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെത്തിയത്.