ബലാത്സംഗ പരാതിയിൽ ബിജെപി നേതാവ് സ്വാമി ചിന്മയാന്ദ് അറസ്റ്റില്
ലഖ്നൗ: നിയമവിദ്യാർഥിനിയുടെ ബലാത്സംഗക്കേസിൽ ആരോപണവിധേയനായ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാന്ദിനെ അറസ്റ്റ് ചെയ്തു.
ഷാജഹാൻപൂരിലെ നിയമ വിദ്യാർഥിനിയുടെ പരാതിയിൽ യുപി പൊലീന്റെ പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനക്കായി ചിന്മയാനന്ദയെ ഷാജഹാൻപൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലൈംഗിക അതിക്രമത്തിനാണ് ചിന്മയാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് ഷാജഹാൻപൂരിലെ നിയമ വിദ്യാർഥിനിയായ പെൺകുട്ടി സ്വാമി ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ചത്. തുടർന്ന് കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തോട് ചിന്മായനന്ദ് ഒരു വർഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടി പറഞ്ഞത്.
ഉത്തർപ്രദേശ് സംസ്ഥാനത്തെ കരുത്തനായ ബിജെപി നേതാക്കളിൽ ഒരാളായ ചിന്മയാനന്ദിനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന ആരോപണങ്ങൾ വ്യാപകമായിരുന്നു. ബലാത്സംഗപരാതി നൽകിയ പെൺകുട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത അന്വേഷണ സംഘം, പരാതി ലഭിച്ച് രണ്ടാഴ്ചയോളം ചിന്മയാനന്ദിനെ ചോദ്യം ചെയ്തിരുന്നില്ല.
73 വയസുള്ള ചിന്മയാനന്ദിന് ഉത്തർപ്രദേശിലെമ്പാടും ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അടൽ ബിഹാരി വാജ്പേയി സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിന്മയാനന്ദ്. ഈ മാസം 13 ന് ചിന്മയാനന്ദിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ രാത്രി ഒരു മണി വരെ നീണ്ടു.
ചിന്മയാനന്ദ് നടത്തുന്ന നിയമവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നും ഒരു വർഷത്തോളം പീഡനം തുടർന്നെന്നുമാണ് കേസ്. ലോ കോളെജിൽ അഡ്മിഷൻ തന്നതിന് പ്രത്യുപകാരം വേണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടിയെ ചിന്മയാനന്ദ് ബലാത്സംഗം ചെയ്തതെന്നാണ് പെൺകുട്ടിയുടെ പരാതി.
ഹോസ്റ്റലിൽ പെൺകുട്ടി കുളിക്കുന്നതിന്റെ വീഡിയോ എടുപ്പിച്ച ചിന്മയാനന്ദ് അതുപറഞ്ഞാണ് ഭീഷണി തുടങ്ങിയത്. ചിന്മയാനന്ദിന്റെ അനുയായികൾ തോക്കുമായി വന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു. തന്നെ ചിന്മയാനന്ദ് ഉപദ്രവിക്കുന്നതിന്റെ തെളിവുകളുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു. കണ്ണടയിൽ ചെറിയ സ്പൈ ക്യാമറ ഘടിപ്പിച്ച് റെക്കോഡ് ചെയ്ത ദൃശ്യങ്ങളും പെൺകുട്ടി പൊലീസിന് നൽകിയിരുന്നു.
ഈ സംഭവം ആദ്യം പൊതുശ്രദ്ധയിൽ വരുന്നത് ഇത്തരത്തിലൊരു ആരോപണം ഫെയ്സ്ബുക്കിൽ പെൺകുട്ടി കുറിച്ചപ്പോഴാണ്. പോസ്റ്റിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പെൺകുട്ടി ടാഗ് ചെയ്തിരുന്നു. എന്നാൽ ചിന്മയാനന്ദിന്റെ പേര് പോസ്റ്റിൽ പറഞ്ഞിരുന്നില്ല.