ടി.ഒ. സൂരജ് പണ്ടേ പ്രശ്നക്കാരനെന്ന് മന്ത്രി ജി. സുധാകരൻ
തിരുവനന്തപുരം:മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് പണ്ടേ പ്രശ്നക്കാരനായ ഓഫിസറാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ.
താൻ തന്നെ, സൂരജ് പുറത്തിറക്കിയ 24 ഉത്തരവുകൾ റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂരജിനെതിരായ വിജിലൻസിന്റെ നടപടിക്രമങ്ങളിൽ ഒരു കാരണവശാലും സർക്കാർ ഇടപെടില്ലെന്നും മന്ത്രി.
വിജിലൻസ് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമാക്കിയതിനിടെയാണ് മന്ത്രി സുധാകരന്റെ പ്രതികരണം. വിജിലൻസ് അന്വേഷണം നിയമാനുസൃതമായിത്തന്നെ നടക്കും.
കേസിൽ വലിയ ഗൂഢാലോചന തന്നെ ഉണ്ടാകാനാണ് സാധ്യത. മൊബിലൈസേഷൻ അഡ്വാൻസ്, അഥവാ, മുൻകൂർ തുക നൽകുന്ന കീഴ്വഴക്കം പൊതുമരാമത്ത് വകുപ്പിൽ പണ്ടേയില്ല. മുൻകൂർ തുക നൽകുന്നത് തെറ്റായ നടപടിക്രമമാണെന്നും സുധാകരൻ.
ടി.ഒ. സൂരജ് പണ്ടും നിയമവിരുദ്ധമായി പലതും ചെയ്തിട്ടുണ്ട്. ഭരണത്തിലെത്തിയ ശേഷം തനിക്ക് തന്നെ സൂരജിന്റെ കാലത്ത് പുറത്തിറക്കിയ 24 ഉത്തരവുകൾ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. റോഡ് ഫണ്ട് ബോർഡും, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപ്പറേഷനും തമ്മിലുള്ള പണമിടപാട് ശരിയല്ല. കമ്പനികൾ ഇങ്ങനെ പരസ്പരം തുക നൽകരുതെന്നും സുധാകരൻ.
കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രിക്കെതിരായ അന്വേഷണസംഘത്തിന്റെ നീക്കം. വി.കെ. ഇബ്രാഹിം കുഞ്ഞ് പണമിടപാട് നടത്തിയെന്ന സൂചനയും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ, വിജിലന്‍സ് ഡയറക്റ്റര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ്.