വീണ്ടുമൊരു രാജ്യാന്തര പങ്കാളിത്തക്കരാർ
വളരെ പ്രധാനപ്പെട്ട അന്താരാഷ്ട്ര വാണിജ്യക്കരാർ ഒപ്പിടാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. പത്തു തെക്കുകിഴക്കൻ രാജ്യങ്ങളും ഇന്ത്യയടക്കം ആറ് സാമ്പത്തിക ശക്തികളും ചേർന്നു രൂപീകരിക്കുന്ന റീജണൽ കോംപ്രിഹൻസിവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർസിഇപി) കരാർ അവസാന മിനുക്കുപണികളിലാണ്. ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പീൻസ്, സിങ്കപ്പുർ, തായ്ലൻഡ്, വിയറ്റ്നാം, മ്യാൻമർ എന്നീ രാജ്യങ്ങളാണു പട്ടികയിലെ പ്രധാന പങ്കാളികൾ. ഇവരുമായി ഇന്ത്യ, ഓസ്ട്രേലിയ, ചൈന, ജപ്പാൻ, സൗത്ത് കൊറിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും വ്യാപാര- വാണിജ്യ കരാർ ഒപ്പിടും. അതോടെ, ഈ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ കൂടുതൽ ഇളവുകളോടെ പരസ്പരം ക്രയം ചെയ്യാമെന്നാണു കരാറിലെ കാതലായ വ്യവസ്ഥ എന്നാണു സൂചന.
വാണിജ്യം, വ്യാപാരം എന്നിവയ്ക്കു മാത്രമല്ല, കൃഷി, ക്ഷീരോത്പാദനം, വ്യവസായം, സേവനം, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങി സുപ്രധാന മേഖലകളെയെല്ലാം കരാർ ബാധിക്കും. അതിന്റെ തോത് ഏതേതൊക്കെ തരത്തിലായിരിക്കുമെന്നു ധാരണയായിട്ടില്ല. ഈ കരാറിൽ ഒപ്പിടുന്ന രാജ്യങ്ങളുടെ ബന്ധപ്പെട്ട സർക്കാർ പ്രതിനിധികളും മന്ത്രിതല സമിതികളുമാണ് ഇപ്പോൾ ഇക്കാര്യം അറിഞ്ഞതും ചർച്ച ചെയ്യുന്നതും. കരാറിന്റെ ഗുണദോഷങ്ങളെക്കുറിച്ചു ദേശീയതലത്തിൽ തുറന്ന ചർച്ചകൾ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. പാർലമെന്റിലടക്കം ചർച്ച ചെയ്തിട്ടു മതി കരാറെന്ന രാഷ്ട്രീയ ആവശ്യവും സജീവം തന്നെ. എന്നാൽ, ആ വഴിക്കുള്ള നീക്കങ്ങളൊന്നും ഇപ്പോൾ നടക്കുന്നില്ല.
അന്താരാഷ്ട്ര വാണിജ്യ കരാറുകൾ ഒപ്പിട്ടു വെട്ടിലായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗാട്ട് കരാറിലും ആസിയാൻ കരാറിലും ഒപ്പിട്ട ശേഷം ഏറ്റവും കൂടുതൽ തകർച്ച ഉണ്ടായത് കാർഷിക മേഖലയിലാണ്. കേരളത്തിലെ റബർ, നാളികേര കർഷകർക്കായിരുന്നു ഏറ്റവും വലിയ നഷ്ടം. 1997ൽ ക്വിന്റലിന് 5,300 രൂപ വിലയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്കു പിന്നീടു വില മൂവായിരത്തിലേക്കു താഴ്ന്നു. തേയില, കാപ്പി തുടങ്ങിയ നാണ്യവിളകളും തകർച്ച നേരിട്ടു. ആസിയാൻ കരാറിനെത്തുടർന്നാണു രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്നതെന്നും മറക്കരുത്.
ഗാട്ട് കരാറിൽ ഒപ്പിടുമ്പോഴും പല തരത്തിലുള്ള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. വികസിത രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം കുറച്ചുകിട്ടാൻ അവരുണ്ടാക്കിയ ധാരണകളെല്ലാം കണ്ണടച്ചു സമ്മതിക്കേണ്ടി വന്നതിന്റെ അപകടമാണു പിന്നീട് നമ്മുടെ കാർഷിക മേഖലയുടെ തകർച്ചയ്ക്കു കാരണം. ഗാട്ട്, ആസിയാൻ കരാറുകളിൽ നിന്ന് വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച ഇന്ത്യക്കു ഗുണത്തെക്കാൾ കൂടുതൽ ദോഷങ്ങളാണു സംഭവിച്ചത്. അതിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ടാവണം, ഇനി പുതിയ കരാറുകളിലേക്കു രാജ്യം കടക്കേണ്ടതെന്ന വാദഗതി അംഗീകരിക്കേണ്ടതു തന്നെയാണ്.
നിർദിഷ്ട ആർസിഇപി കരാർ കൃഷിയെയും വ്യവസായത്തെയും വാണിജ്യത്തെയും സേവനങ്ങളെയുമൊക്കെ ബാധിക്കുന്നതാണ്. കരാറിൽ ഇന്ത്യക്കൊപ്പം ചൈനയുമുണ്ടെന്നത് അതിന്റെ ഗൗരവം കൂട്ടുന്നു. നിലവിൽ ആഗോള സമ്പദ്വ്യവസ്ഥയുടെ 40 ശതമാനത്തോളം ഈ രാജ്യങ്ങളാണു സംഭാവന ചെയ്യുന്നത്. ഇത് അൻപതു ശതമാനത്തിലേക്ക് ഉയർത്തുകയാണു കരാറിന്റെ ലക്ഷ്യമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സഖ്യരാജ്യങ്ങളിൽ ചൈന കഴിഞ്ഞാൽ ഇന്ത്യക്കാണ് ഉത്പാദന മികവ്. എന്നാൽ, ലോകത്തെ വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയിലേക്കടക്കം കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയച്ചാണ് ചൈന വൻശക്തിയായി മാറിയത്. ഇന്ത്യയിലാകട്ടെ കനത്ത ഉത്പാദന മാന്ദ്യം നിലനിൽക്കുന്നു. ജിഡിപിയുടെ വളർച്ച കീഴോട്ടാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 6.8 ശതമാനം വരെ വളർച്ച പ്രതീക്ഷിച്ച സ്ഥാനത്ത് ആറിലും താഴേക്കു വീണു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇത് ആറു ശതമാനത്തിലും കുറഞ്ഞ് കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തി. ഉത്പാദനത്തിലെ മുരടിപ്പ് തൊഴിൽ മേഖലയെയും തളർത്തി. കഴിഞ്ഞ നാല്പതു വർഷത്തെ ഏറ്റവും വലിയ തൊഴിൽ നഷ്ടമാണ് ഇപ്പോൾ ഇന്ത്യ നേരിടുന്നത്.
പ്രതികൂലമായ ഈ സാഹചര്യങ്ങളെല്ലാം മുതലാക്കാൻ ചൈന മുന്നിട്ടിറങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തെ ഒന്നാംനമ്പർ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പിലാണവർ. കളിപ്പാട്ടം മുതൽ ഫാർമസ്യൂട്ടിക്കൽസ് വരെ വിവിധ മേഖലകളിൽ മേധാവിത്വം ഉറപ്പു വരുത്തിയ ചൈന, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുമെന്നു കരുതാൻ കഴിയില്ല. അംഗരാജ്യങ്ങൾ തമ്മിലുള്ള ചുങ്കത്തിൽ ഇളവനുവദിച്ച് ഇറക്കുമതി പ്രോത്സാഹിപ്പിക്കുമ്പോൾ, ഈ രാജ്യങ്ങളുടെ ഉത്പന്നങ്ങളാവും ഇവിടേക്ക് ഒഴുകിയെത്തുക. ജിഎസ്ടിയിലെ അപാകതകൾ മൂലം വിപണിയിലുണ്ടായ താളപ്പിഴകൾ കാണാതെ പോകരുത്. അന്താരാഷ്ട്ര വ്യാപാര മേഖല ഉദാരീകരിക്കുമ്പോൾ ഇന്ത്യൻ വിപണിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു കൂടി ശക്തമായ കൂടിയാലോചനയും ചർച്ചകളും അത്യാവശ്യമാണ്.