ഹംസ ബിന്ലാദന് കൊല്ലപ്പെട്ടെന്ന് ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: അല്‍ ഖ്വൈദ നേതാവും ഉസാമ ബിന്‍ലാദന്റെ മകനുമായ ഹംസ ബിന്ലാദന് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമായി അമെരിക്ക നടത്തിയ ഓപ്പറേഷനിലാണ് ഹംസ ബിന്ലാദന് കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഹംസ ബിന്‍ലാദന്റെ മരണം അല്‍ ഖ്വൈദയെ ഇല്ലാതാക്കാന്‍ സഹായകമാകുമെന്നും ഹംസ ബിന്ലാദന് വിവിധ തീവ്രവാദ സംഘടനകളുടെ ഭാഗമായിരുന്നെന്നും പ്രസ്താവന.
ഹംസ ബിന്ലാദന് കൊല്ലപ്പെട്ടതായി ഓഗസ്റ്റില്‍ യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂയോര്‍ക്ക് ടൈംസ്, എന്‍ബിസി ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് അമെരിക്കന്‍ പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്ന് വാര്‍ത്ത പുറത്തുവിട്ടത്.
എന്നാൽ കൊല്ലപ്പെട്ടത് എന്നാണെന്നോ എവിടെവെച്ചാണെന്നോ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നില്ല. രണ്ടുവര്‍ഷത്തിനിടെ യുഎസ് ഇടപെട്ട് നടത്തിയ ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല. ഉസാമ ബിന്‍ ലാദന്റെ മൂന്നാമത്തെ ഭാര്യയിലെ മകനാണ് ഹംസ. ലാദന്റെ 20 മക്കളില്‍ പതിനഞ്ചാമത്തെയാളാണ് ഇയാൾ. സൗദി അറേബ്യക്കാരി ഖൈറ സബറാണ് ഹംസയുടെ മാതാവ്.
2011-ലാണ് യു.എസ്. സേന പാകിസ്ഥാനിലെ ആബട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഉസാമ ബിന്‍ ലാദനെ സൈനികനടപടിയിലൂടെ വധിച്ചത്. 2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ തിരിച്ചടിയായിരുന്നു യുഎസ് നടപടി.
അന്ന് ഹംസ ബിന്‍ലാദനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പിതാവിന്റെ മരണത്തിനു പ്രതികാരമായി യുഎസിനും സഖ്യരാഷ്ട്രങ്ങള്‍ക്കുമെതിരേ ഹംസ ആക്രമണങ്ങള്‍ക്ക് ആഹ്വാനംചെയ്യുന്ന ശബ്ദ, വീഡിയോ സന്ദേശങ്ങള്‍ യുഎസ് നേരത്തെ പുറത്തുവിട്ടിരുന്നു.