പിതൃസഹോദരൻ മരിച്ച ഒഴിവിലും ആശ്രിത നിയമനം; ജീവനക്കാരൻ ഇന്ന് ഡിടിഒ
തിരുവനന്തപുരം: കെഎസ്ആർടിസിക്കു വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന ആശ്രിതനിയമനത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് മെട്രൊവാർത്ത പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് പിന്നാലെ സമാനമായ നിയമനങ്ങൾ വീണ്ടും പുറത്ത്. നേരിട്ട് ബന്ധമില്ലാതിരുന്നിട്ടും വല്യച്ഛൻ സർവീസിലിരുന്നു മരണപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയ സഹോദരപുത്രനും കെഎസ്ആർടിസി ജോലി നൽകി.
ദീർഘനാളായി സർവീസിൽ തുടരുന്ന ഇയാൾ പ്രൊമോഷൻ നേടി നിലവിൽ ആലപ്പുഴ ജില്ലയിലെ ഒരു ഡിപ്പോയിൽ ഡിടിഒ( ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫിസർ) ആയി ജോലി ചെയ്യുന്നതായാണ് വിവരം. ആശ്രിത നിയമനം വഴി സർവീസിലെത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്ത് വന്നതോടെ വിവരാവകാശം നൽകി ബന്ധപ്പെട്ട രേഖകൾ കോർപ്പറേഷനിൽ ആവശ്യപ്പെട്ടെങ്കിലും ഇയാളുടെയും ഫയൽ കണ്ടെത്താനായില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഇത്തരത്തിൽ സർവീസിൽ കയറിയ ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ആരാഞ്ഞപ്പോഴും രേഖകൾക്ക് പഴക്കം ചെന്നതിനാൽ കണ്ടെത്താനായില്ല, ഫയൽ കാണുന്നില്ല, തുടങ്ങിയ സമാനമായ മറുപടികളാണ് കോർപ്പറേഷൻ നൽകുന്നത്. ഇത്തരം രേഖകൾ മാനുസ്ക്രിപ്റ്റായി സൂക്ഷിക്കണമെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് രേഖകൾ കാണാത്തന്നതും ശ്രദ്ധേയം. കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.എം. ശ്രീകുമാര്‍ (അഡ്മിനിസ്ട്രേഷന്) , ഷറഫ് മുഹമ്മദ് (ഓപ്പറേഷന്‍സ്) എന്നിവരുടെ രേഖകളും കൈവശമില്ലെന്നു കോര്പ്പറേഷൻ സമ്മതിച്ചു. ഇരുവരും ആശ്രിതനിയമനപ്രകാരം സര്‍വീസില്‍ പ്രവേശിച്ചവരാണ്.
മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഇവര്‍ തലപ്പത്തേക്ക് എത്തിയതെന്നു പരാതിയുണ്ട്. ഇവര്‍ക്കു പുറമേ മുന്‍ വിജിലന്‍സ് വിഭാഗം അഡ്മിനിസ്ട്രേഷന് ഓഫീസര്‍ സി. ബീന, പിഎല്‍. വിഭാഗം അഡിമിനിസ്ടേഷന് ഓഫീസര്‍ എം.എം ഷൈല എന്നിവരുടെ ആശ്രിതനിയമനവുമായി ബന്ധപ്പെട്ടുള്ള രേഖകളും കാണാനില്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്റ്റര്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന് അയച്ച് ഉത്തരവും കോര്പ്പറേഷന് മുക്കിയെന്ന് ജീവനക്കാർ തന്നെ സമ്മതിക്കുന്നു.
ആശ്രിതനിയമനം ലഭിക്കുന്നവര്‍ക്കു കണ്ടക്ടര്‍ -ഡ്രൈവര്‍ തസ്തികയില്‍ ജോലി നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇങ്ങനെ കയറിയവരില്‍ ഏറെയും ക്ലറിക്കല്‍ വിഭാഗത്തിലൂടെയാണ് സര്‍വീസില്‍ പ്രവേശിച്ചിരിക്കുന്നത്. ഇതും നിയമവിരുദ്ധമാണ്. നേരിട്ടു നിയമനം നല്കുന്നതില് അഞ്ചു ശതമാനമേ ആശ്രിതനിയമനം ആകാവൂ എന്നു പിഎസ്സി അനുശാസിക്കുന്നുണ്ട്. എന്നാല്‍ കോര്പ്പറേഷന് നിയമനങ്ങള്‍ പിഎസ്സിക്ക് അല്ലാത്തതിനാല്‍ ഇത് തങ്ങള്‍ക്ക് ബാധകമല്ലെന്നു പറഞ്ഞായിരുന്നു കെഎസ്ആര്‍ടിസിയില്‍ നിയമനത്തട്ടിപ്പ് നടന്നിരുന്നതെന്നും യൂണിയൻ നേതാക്കൾ പോലും സമ്മതിക്കുന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ട അഡ്മിനിസ്ട്രേഷന് എക്സിക്യൂട്ടിവ് ഡയറക്ടറും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ഉദ്യോഗസ്ഥനും ആശ്രിതനിയമനത്തിലൂടെ ജോലിയില്‍ പ്രവേശിച്ചവരായതിനാല് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
പല ചോദ്യങ്ങള്‍ക്കും മറുപടി ലഭിക്കാറുമില്ല. കോർപ്പറേഷനിലെ പിഎൽ സെക്ഷനിലെ ഉദ്യോഗസ്ഥരുടെ ലോബിയാണ് വർഷങ്ങളായി നടക്കുന്ന ഇത്തരം നിയമനങ്ങൾക്ക് പിന്നിലെന്നും 1990ന് ശേഷമുള്ള ആശ്രിത നിയമനങ്ങളെല്ലാം സർക്കാർ ഇടപെട്ട് അന്വേഷിക്കണമെന്നുമാണ് ഒരുവിഭാഗം ജീവനക്കാരുടെ ആവശ്യം.