പാലാ ഉപതെരഞ്ഞെടുപ്പ്: ജോസഫ് ആർക്കൊപ്പമെന്ന് നാളെയറിയാം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ പരസ്യ പ്രചരണം അവസാനിക്കാൻ കേവല ദിനങ്ങൾ മാത്രം ശേഷിക്കെ ജോസഫ്- ജോസ് പക്ഷങ്ങൾക്കിടയിലെ തർക്കങ്ങൾ ഒഴിവാക്കാൻ തിങ്കളാഴ്ച തീരുമാനിച്ച യുഡിഎഫ് ഉപസമിതി ചർച്ച ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഉച്ചയ്ക്ക് മൂന്നു മണിക്കാണ് വീണ്ടും യോഗം ചേരുക. യോഗം ചേരുന്നതിന് തൊട്ടുമുൻപാണ് നേതാക്കളുടെ അസൗകര്യം ചൂണ്ടിക്കാട്ടി ചർച്ച മാറ്റിവച്ചത്. അപമാനിക്കുന്ന നടപടികൾ ഒഴിവാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് പ്രചരണം നടത്തുമെന്ന് പി.ജെ ജോസഫ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യുഡിഎഫ് മുതിർന്ന നേതാക്കൾ അനുരഞ്ജന ശ്രമവുമായി രംഗത്തിറങ്ങിയത്.
നേരത്തെ, കോട്ടയം ഡിസിസി ഓഫിസിൽ യോഗം തുടങ്ങാൻ മിനിറ്റുകൾ ശേഷിക്കെയാണ് നേതാക്കൾ അസൗകര്യം പറഞ്ഞ് രംഗത്തെത്തിയത്. യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വിദേശത്തായതിനാൽ എത്താൻ കഴിയാഞ്ഞതാണ് യോഗം മാറ്റിവച്ചതെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. പക്ഷെ ജോസഫ് വിഭാഗം നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് യോഗം മാറ്റിവയ്ക്കുന്നത് എന്നായിരുന്നു കോൺഗ്രസ് ഭാഗത്തു നിന്നുള്ള അനൗദ്യോഗികമായി ലഭിച്ച വിവരം. യോഗത്തില്‍ ബെന്നി ബഹനാന് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ എന്നിവര്‍ ജോസഫ് വിഭാഗം നേതാക്കളായ മോന്‍സ് ജോസഫ് എം.എല്‍.എ, ജോയ് ഏബ്രഹാം എന്നിവരുമായി ചർച്ച നടത്തി തർക്കപരിഹാരം ഉണ്ടാക്കുവാനായിരുന്നു ശ്രമം.
ബെന്നി ബഹനാൻ പങ്കെടുക്കാത്തതിനാലാണ് യോഗത്തിന് എത്താഞ്ഞതെന്നായിരുന്നു ജോസഫ് വിഭാഗം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രം അവശേഷിയ്ക്കെ യു.ഡി.എഫ് അഭ്യർത്ഥന മാനിച്ച് സമാന്തര തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് ജോസഫ് വിഭാഗം പിൻമാറിയേക്കും. തെരഞ്ഞെടുപ്പ് കഴിയും വരെ ഇരുവിഭാഗവും പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന കർശന നിർദ്ദേശവും ഇന്ന് നടക്കുന്ന ചർച്ചയിൽ യുഡിഎഫ് നേതൃത്വം ജോസഫ് വിഭാഗത്തിന് നൽകും. ജോസഫ് വഴങ്ങുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
എല്ലാം യുഡിഎഫ് പരിഹരിക്കുമെന്ന് പറഞ്ഞ് ജോസ് കെ മാണി ഇക്കാര്യത്തിൽ ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കേരള കോൺഗ്രസിലെ ഇരു ഭാഗങ്ങളിലെയും തർക്ക നീക്കങ്ങൾ യുഡിഎഫിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. പരമാവധി വേഗത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്ന് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നുണ്ട്. പാലാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടയിൽ പിജെ ജോസഫിനെ കൂവിവിളിച്ചതില് ജോസഫ് വിഭാഗം നേതാക്കള്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജോസഫിനോട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള നേതാക്കള്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് പാര്‍ട്ടി പത്രമായ പ്രതിഛ്ചായയില് ജോസഫിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചത്. ഇത് ഭിന്നത കൂടുതല്‍ വഷളാക്കി. തുടർന്ന് യുഡിഎഫ് നടത്തുന്ന പ്രചരണത്തിൽ നിന്നും ജോസഫ് വിഭാഗം ഇപ്പോൾ വിട്ടു നിൽക്കുകയാണ്. ജോസ് ടോമിന്റെ വിജയത്തിനായി സമാന്തര കൺവൻഷൻ നടത്താനും ജോസഫ് വിഭാഗം അണിയറിൽ ശ്രമം നടത്തുന്നുണ്ട്. കേരള കോണ്‍ഗ്രസിലെ ഭിന്നത തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്നാണ് യുഡിഎഫ് നിലപാടെങ്കിലും പി.ജെ ജോസഫ് എന്തു നിലപാട് സ്വീകരിക്കും എന്നത് ചൊവ്വാഴ്ചത്തെ ചര്‍ച്ചയിൽ അറിയാം.