മഹാലയനം; ആഗോള സാന്നിധ്യമുള്ള ബാങ്കുകൾ; വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ രണ്ടാംഘട്ട സാമ്പത്തിക പരിഷ്ക്കരണ നടപടികളുമായി കേന്ദ്രസർക്കാർ. ബാങ്കിങ് മേഖലയ്ക്ക് ഊന്നൽ നൽകിയാണ് ധനമന്ത്രി നിർമല സീതാരാമൻ കൂടുതൽ ഉത്തേജന നടപടികൾ പ്രഖ്യാപിച്ചത്. ലയനത്തിലൂടെ പൊതുമേഖലാ ബാങ്കുകൾ 12 ആയി ചുരുക്കും. ആഗോളതലത്തിൽ സ്വാധീനമുളള വമ്പൻ ബാങ്കുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
ബാങ്കിങ് മേഖലയെ ഇനിയും ശക്തിപ്പെടുത്തും. വന്‍ വായ്പകള്‍ക്ക് പ്രത്യേക ഏജന്‍സികളുണ്ടാകും. വന്‍ വായ്പകള്‍ നല്‍കുന്നതിനും തിരിച്ചടവ് നിരീക്ഷിക്കുന്നതിനും പ്രത്യക സംവിധാനം ഏർപ്പെടുത്തും. 250 കോടി രൂപയിലേറെയുള്ള വായ്പകള്‍ ഈ ഏജന്‍സിയുടെ ചുമതലയിലായിരിക്കും. കിട്ടാക്കടം കുറഞ്ഞു. നിലവിലെ 18 പൊതുമേഖലാ ബാങ്കുകളിൽ 14ഉം പ്രവർത്തിക്കുന്നതു ലാഭത്തിലാണെന്നും നിർമല സീതാരാമൻ പറഞ്ഞു. ഭവന വായ്പാ മേഖലയിലേക്ക് 3,300 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ബാങ്കുകൾ ഭവന വായ്പയുടെ പലിശ കുറച്ചുതുടങ്ങി. വായ്പാ നടപടികള്‍ ലളിതമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ്, യൂണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. ഇവയെ ലയിപ്പിക്കുന്നതോടെ 17.95 ലക്ഷം കോടി രൂപയുടെ ബിസിനസുമായി എസ്ബിഐയ്ക്ക് പിന്നിൽ രാജ്യത്തെ രണ്ടാമത്തെ ബാങ്കായി ഇത് മാറും. കാനറ, സിൻഡിക്കേറ്റ് ബാങ്കുകളെ ലയിപ്പിക്കും. ഇതോടെ 15.20 ലക്ഷം കോടി രൂപ ബിസിനസുമായി രാജ്യത്തെ വലിയ നാലാമത്തെ ബാങ്കായി ഇത് മാറും.
ഇന്ത്യൻ ബാങ്കിനെ അലഹബാദ് ബാങ്കിൽ ലയിപ്പിക്കുന്നതാണ് മറ്റൊരു പദ്ധതി. ഇതോടെ ഏഴാമത്തെ വലിയ ബാങ്കായി ഇത് മാറും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ആന്ധ്രാബാങ്കും കോർപ്പറേഷൻ ബാങ്കും പരസ്പരം ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി മാറുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
പ്രാദേശിക തലത്തിൽ പൊതുമേഖല ബാങ്കുകളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഒ.ബി), യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് സിന്ധ് ബാങ്ക് എന്നിവ തുടർന്നും പ്രവർത്തിക്കും. മേഖലാടിസ്ഥാനത്തിൽ ഈ ബാങ്കുകളുടെ സാന്നിധ്യം ശക്തമായതിനാലാണിത്. ദേശീയതലത്തിൽ സാന്നിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബാങ്ക് ഓഫ് ഇന്ത്യയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും പ്രവർത്തിക്കും.
2017ൽ പൊതുമേഖലയിൽ 27 ബാങ്കുകളാണുണ്ടായിരുന്നത്. പിന്നാലെ എസ്ബിഐയിൽ അസോസിയേറ്റഡ് ബാങ്കുകളെ ലയിപ്പിച്ചു കൊണ്ട് ഒന്നാം മോദി സർക്കാരാണ് ബാങ്കിങ് പരിഷ്കരണ നടപടികൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡയിൽ ദേനാ ബാങ്കിനെയും വിജയാ ബാങ്കിനെയും ലയിപ്പിച്ചു. ഇതോടെ പൊതുമേഖല ബാങ്കുകൾ 18 ആയി ചുരുങ്ങിയിരുന്നു.