പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയം: കേരള കോൺഗ്രസ് സസ്പെൻസ് തുടരുന്നു
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ച് മൂന്നുനാൾ പിന്നിടുമ്പോഴും കേരള കോൺഗ്രസ് എമ്മിലെ സ്ഥാനാർത്ഥി നിർണ്ണയം സസ്പെൻസായി തുടരുന്നു. ഇതിനിടെ സ്ഥാനാർത്ഥി നിർണയത്തിനായി ജോസ് കെ മാണി വിഭാഗം ഏഴംഗ സമിതിയെ നിയോഗിച്ചു. എൻഡിഎ മുന്നണിയുടെ ചിത്രവും ഇതുവരെ തെളിഞ്ഞിട്ടില്ല. ആദ്യം സ്ഥാനാർത്ഥിയെ നിർണ്ണയിച്ച ഇടതു മുന്നണിയുടെ മാണി സി കാപ്പനാവട്ടെ പ്രചരണ രംഗത്ത് സജീവമായിക്കഴിഞ്ഞു.
വെള്ളിയാഴ്ച പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ മാരത്തോൺ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സ്ഥാനാർത്ഥി ആരെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ടു ദിവസം കൂടി കാക്കാനാണ് ജോസ് കെ മാണി പറയുന്നത്. നിഷ ജോസ് കെ മാണി, ജോസ് കെ മാണി എന്നീ പേരുകളാണ് പ്രചരിക്കുന്നതെങ്കിലും മൂന്നാമനുള്ള സാധ്യതയും ഇപ്പോഴും തള്ളിക്കളയുന്നില്ല. കെ.എം മാണിയുടെ അടുത്ത സ്നേഹ വൃത്തത്തിലുള്ളവർ ഇപ്പോഴും ജോസ് കെ മാണിയെയാണ് സ്ഥാനാർത്ഥിയായി കാണുന്നത്. എന്നാൽ രാജ്യ സഭാംഗത്വ കാലാവധി നാല് വർഷം കൂടിയുള്ളത് കോൺഗ്രസ് ഗൗരവമായി പരിഗണിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഒന്നര വർഷം കഴിഞ്ഞപ്പോൾ സീറ്റ് ഉപേക്ഷിച്ചു പോയാൽ അത് ഉറപ്പായും കോൺഗ്രസ്- കേരള കോൺഗ്രസ് ബന്ധത്തെ ഉലയ്ക്കുക തന്നെ ചെയ്യും. സീറ്റ് നൽകിയപ്പോൾ തന്നെ കോൺഗ്രസിൽ കലാപക്കൊടി ഉയർന്നതാണ്. ഈ സാഹചര്യത്തിലാണ് നിഷ ജോസ് കെ മാണിയുടെ പേര് ഉയർന്നതെങ്കിലും മാണി കുടുംബത്തിൽ ഇവരോട് താത്പര്യക്കുറവുള്ളവരും ഉണ്ട്. ഈ സാഹചര്യത്തിൽ കുടുംബത്തിനോട് വിധേയത്വവും വിശ്വസ്തതയുമുള്ള മൂന്നാമനെയാണ് കേരള കോൺഗ്രസ് തേടുന്നത്.
ഇതിനിടെ പാർട്ടി അംഗത്വം ഇല്ലാത്തയാളിനെയാണ് ജോസ് കെ മാണി വിഭാഗം സ്ഥാനാർത്ഥി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതെങ്കിൽ രണ്ടില ചിഹ്നത്തിൽ പാലായിൽ മൽസരിക്കില്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും ജോസ് കെ മാണി പറയുന്നയാൾക്ക് യുഡിഎഫ് സീറ്റ് നൽകിയാൽ പൊതു സമ്മതനല്ലെങ്കിൽ ചിഹ്നം നൽകാനാവില്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും ചിഹ്നത്തിനും യുഡിഎഫിൽ ധാരണയുണ്ടെന്ന് ജോസ് കെ മാണി പറയുന്നു. എന്നാൽ പാലായിൽ നടന്ന യോഗത്തിൽ നിഷ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അഭിപ്രായ ഭിന്നയുണ്ടായി. ജോസ് കെ മാണി മൽസരിക്കുന്ന കാര്യത്തിൽ പ്രായോഗികതക്കുറവില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. മൽസരിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരം പറയാൻ ജോസ് കെ മാണിയും മടിക്കുന്നതിലൂടെ യുഡിഎഫിനോടുള്ള വിലപേശലും വ്യക്തമായിട്ടുണ്ട്. ഒടുവിൽ സ്ഥാനാർത്ഥി നിർണയത്തിനായി ഏഴംഗ സമിതിയെ നിയോഗിച്ചിരിക്കുന്നു. ജോസഫ് വിഭാഗം എന്ത് തീരുമാനമെടുക്കും എന്നുള്ളത് ഇനി കാത്തിരുന്ന് കാണാം.
ഏഴംഗ സമിതിയെ നിയോഗിച്ചു
കേരള കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയത്തിനായി ജോസ് കെ മാണി പക്ഷം ഏഴംഗ സമിതിയെ നിയോഗിച്ചു. പ്രവർത്തകരുടെ അഭിപ്രായം കേട്ട ശേഷം സമിതി യുഡിഎഫിൽ അറിയിക്കും. ഒന്നാം തീയതി തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി പറയുന്നു. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്കു ശേഷം പാലായിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്ഥാനാർത്ഥി നിർണയത്തിനായി തോമസ് ചാഴികാടൻ, എൻ. ജയരാജ്, പി കെ സജീവ്, പിടി ജോസ്, ജോസഫ് എം പുതുശേരി, സ്റ്റീഫൻ ജോർജ്, കെ ഐ ആന്റണി എന്നിവരങ്ങിയ സമിതിയെയാണ് രൂപീകരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മുൻപ് പ്രവർത്തകർക്ക് അഭിപ്രായം അറിയിക്കാം. അഭിപ്രായ രൂപീകരണം നടത്തിയ ശേഷം യുഡിഎഫിൽ അറിയിച്ച് ഒന്നാം തിയതി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
തർക്കത്തിൽ കോൺഗ്രസ് ഇതുവരെ ഇടപെട്ടിട്ടില്ല: തിരുവഞ്ചൂർ
കേരള കോൺഗ്രസ് തർക്കത്തിൽ കോൺഗ്രസ് ഇതുവരെ ഇടപെട്ടിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പാർട്ടിയിലെ തർക്കങ്ങൾ അവർ പരിഹരിക്കും. സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് തീരുമാനിച്ച് യുഡിഎഫിനെ അറിയിക്കുന്ന മുറയ്ക്ക് പ്രഖ്യാപനമുണ്ടാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു. എൽഡിഎഫിന്റെ പ്രചരണങ്ങൾ അവരുടെ മോഹപ്രകടനങ്ങളാണെന്നും മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് പാലായിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.