പിഎസ്സി പരീക്ഷ: സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികൾ
കൊച്ചി:പൊലീസ് കോൺസ്റ്റബിളിന്റെ പിഎസ്സി പരീക്ഷയ്ക്കായി ഹാളിൽ സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളുടെ വെളിപ്പെടുത്തൽ. പ്രതികളായ ശിവരജ്ഞിത്തും നസീമും ആണ് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നുമാണ് ഇവരുവരും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളെജിലെ കത്തികുത്തുകേസിൽ ജയിലിൽ കഴിയുന്ന ശിവരജ്ഞിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ജയിലിൽ വച്ചുള്ള ചോദ്യം ചെയ്യിലിൽ കോപ്പിയടി സമ്മതിച്ച പ്രതികള്‍, എങ്ങനെയാണ് ആസൂത്രണം നടത്തിയതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
സ്മാർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ പരീക്ഷ തുടങ്ങിയ ശേഷം എസ്എംഎസുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇരുവരും പറഞ്ഞത്. പൊലീസ് കോണ്‍സ്റ്റബിള്‍ പട്ടികയിൽ ഇടംനേടിയ പ്രണവിന്റെ സുഹൃത്തുക്കളാണ് കോപ്പയടിക്കാൻ സഹായിച്ച പൊലീസുകാരൻ ഗോകുലും സഫീറുമെന്നും ശിവരജ്ഞിത്തും നസീമും പറഞ്ഞു.
ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളിൽ പിഎസ്സി ചോദ്യപേപ്പർ എങ്ങനെ കിട്ടയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിച്ചു ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ മറുപടികളാണ് നൽകിയിരിക്കുന്നത്. പിടികൂടാനുള്ള പ്രതികളുടെ മേൽ ചോദ്യപേപ്പർ ചോർച്ച കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമാണ് നടത്തുന്നത്. കേസിലെ അഞ്ചു പ്രതികളിൽ പ്രണവ്, ഗോകുല്‍, സഫീർ എന്നിവരെ പൊലീസിന് പിടികൂടാനായിട്ടില്ല.
പരീക്ഷ തുടങ്ങിയ ശേഷം യൂണിവേഴ്സിറ്റി കോളെജിൽ നിന്നും ചോർന്നുകിട്ടിയ ഉത്തരകടലാസ് നോക്കി ഗോകുലും സഫീറും ചേർന്ന് ഉത്തരങ്ങള്‍ മറ്റ് മൂന്നു പേർക്കും എസ്എംഎസ് വഴി നൽകിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പരീക്ഷാ ഹാളിൽ സ്മാർട്ട് വാച്ച് ഉപയോഗിക്കാനുള്ള സഹായം പ്രതികള്‍ക്ക് ലഭിച്ചുവെന്ന സംശയവും ഉയരുന്നുണ്ട്.