ജയ്റ്റ്ലിയുടെ സംസ്കാരച്ചടങ്ങിനിടെ രണ്ട് കേന്ദ്രമന്ത്രിമാരുടേതടക്കം ഫോണ്‍ പോക്കറ്റടിച്ചു
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ സംസ്കാരച്ചടങ്ങിനിടെ രണ്ട് കേന്ദ്രമന്ത്രിമാരുടേതടക്കം മൊബൈൽ ഫോണ്‍ പോക്കറ്റടിച്ചതായി പരാതി.
കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബൂൽ സുപ്രിയോ, കേന്ദ്ര വ്യവസായ ധന സഹമന്ത്രി സോംപ്രകാശ് എന്നിവരുടേത് അടക്കം 11 പേരുടെ മൊബൈൽ ഫോൺ പോക്കറ്റടിച്ചതായാണ് പരാതി. തന്റെയും സെക്രട്ടറിയുടെയും മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായാണ് മന്ത്രി സുപ്രിയോ പറയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിന് കേന്ദ്രമന്ത്രിമാരായ ബാബുൽ സുപ്രിയോ, സോം പ്രകാശ്, സെക്രട്ടറി ധർമേന്ദ്ര കൗശൻ, വിനോദ്കുമാർ, രത്തൻ ദോഗ്ര എന്നിവരുടെ പരാതിയിൽ കേസെടുത്തതായി ഡൽഹി പൊലീസ് അഡീഷണൽ പിആർഒ അനിൽ മിത്തൽ അറിയിച്ചു.
ചടങ്ങിനിടെ ബിജെപി എംപി ബാബുൽ സുപ്രിയോയുടേതടക്കം 11 പേരുടെ മൊബൈൽ ഫോണ്‍ പോക്കറ്റടിച്ചതായാണ് റിപ്പോർട്ടുണ്ട്. പതഞ്ജലിയുടെ ഔദ്യോഗിക വക്താവ് എസ്.കെ. തിജാരവാലയാണ് ട്വിറ്ററിലൂടെ പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. ഡൽഹിയിലെ നിഗംബോധഘട്ടിൽ നടന്ന സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം.
അരുണ്‍ ജയ്റ്റ്ലിക്ക് അന്ത്യോപചാരം അർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ, ഇതിന്റെ ചിത്രങ്ങൾ പകർത്തിയ ഫോണ്‍ തന്നോട് വിടപറഞ്ഞുവെന്ന് തിജാരവാല ട്വീറ്റ് ചെയ്തു.