പാലാ ഉപതെരഞ്ഞെടുപ്പ്: പൊതുസമ്മത സ്ഥാനാർഥിയെ വേണമെന്ന് പി.ജെ. ജോസഫ്
കോട്ടയം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചുമതല ആര്‍ക്കെന്ന തര്‍ക്കം തുടരുന്നതിനിടെ നിര്‍ണായകനീക്കവുമായി പിജെ ജോസഫ് വിഭാഗം. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന് പി.ജെ. ജോസഫ് യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെടും. പൊതുസ്വതന്ത്രനായി പി.ജെ.ജോസഫ് വിഭാഗം പറയുന്ന പേര് അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. മുതിര്‍ന്ന നേതാവും മാണിയോട് ഏറെ അടുപ്പമുണ്ടായിരുന്ന ഇ.ജെ ആഗസ്തിയെ ആണ് ജോസഫ് വിഭാഗം നിര്‍ദേശിക്കുന്നത്.
കോണ്‍ഗ്രസിനും താല്‍പ്പര്യമുണ്ട് ഇ.ജെ ആഗസ്തിയുടെ കാര്യത്തില്‍. അതേസമയം ജോസ് കെ മാണി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് നീക്കമെങ്കില്‍ അതിനെ നേരിടുമെന്നും ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം നല്കില്ലെന്നുമുള്ള കടുത്ത തീരുമാനം പി.ജെ. ജോസഫ് യുഡിഎഫിനെ അറിയിക്കാം. ജോസ്.കെ മാണിയ്ക്ക് പുതിയ പാര്‍ട്ടി രൂപികരിച്ച ഘടക കക്ഷിയായി യുഡിഎഫില്‍ തുടരാമെന്നും ഇവര്‍ യോഗത്തെ അറിയിക്കും.
ജയസാദ്ധ്യതയും പൊതുസ്വീകാര്യതയും മാനദണ്ഡമാക്കി വേണം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനെന്ന മുന്നറിയിപ്പ് ജോസഫ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള അവകാശം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ജോസ് കെ.മാണി. ജോസഫ് വിഭാഗമാകട്ടെ, സ്ഥാനാര്‍ത്ഥിയെ ആര് നിശ്ചയിച്ചാലും ചിഹ്നം അനുവദിക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്ന് പറയുന്നു. അതിന് കാരണമായി പറയുന്നത്, ജോസ് കെ. മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ച ജോസ് പക്ഷത്തിന്റെ തീരുമാനം കട്ടപ്പന കോടതി സ്റ്റേ ചെയ്തതാണ്. ഇതിനെതിരെ ജോസ് കെ.മാണി നല്കിയ അപ്പീലില്‍ നാളെ കോടതി വിധി പറയും.
വിധി അനുകൂലമാകുമെന്ന് ജോസഫും ജോസും ഒരുപോലെ പ്രതീക്ഷിക്കുന്നു. വിധി ജോസഫിനെ തുണച്ചാല്‍ ചിഹ്നം അനുവദിക്കേണ്ടത് അദ്ദേഹം തന്നെയാകും. അത് ജോസ് പക്ഷത്തിന് തിരിച്ചടിയാകും. സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണിയുടെ ഭാര്യ നിഷ ജോസ് കെ.മാണി, മാണിഗ്രൂപ്പിന്റെ മുന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി എന്നിവരെയാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നത്. ജോസ് വിഭാഗത്തിനൊപ്പമായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ ജോസ് പക്ഷത്തിന്റെ യോഗത്തില്‍ നിന്ന് ആഗസ്തി വിട്ടുനിന്നത് മാറ്റത്തിന്റെ സൂചനയായാണ് ജോസഫ് വിഭാഗം കാണുന്നത്.
അതിനിടെ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന വാര്‍ത്തകളെ ജോസഫ് വിഭാഗം തള്ളിക്കളയുന്നുണ്ട്. രാജ്യസഭാഗംത്വം ജോസ് കെ മാണി രാജി വച്ച് പാലായില്‍ മത്സരിക്കാന്‍ വന്നാലും ഇനി ഒരു രാജ്യസഭാ അംഗത്തെ വിജയിപ്പിക്കാനുള്ള ശേഷി യുഡിഎഫിനില്ല. അതിനാല്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായി എത്തുന്നതിനെ ഇക്കാരണം ചൂണ്ടിക്കാട്ടിയും ജോസഫ് വിഭാഗം എതിര്‍ക്കും.
മുന്‍ എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്‍, ഫിലിപ്പ് കുഴികുളം, നിഷ ജോസ് കെ മാണി എന്നിവരുടെ പേരുകള്‍ക്ക് തന്നെയാണ് ജോസ് കെ മാണി വിഭാഗം മുന്‍ഗണന കൊടുക്കുന്നത്. എന്നാല്‍ നിഷയെ മത്സരിപ്പിച്ചാല്‍ അത് ആത്മഹത്യാപരമാണെന്ന ചിന്തയും ജോസ് വിഭാഗത്തിനുണ്ട്. എതിരാളികള്‍ ആരോപിക്കുന്നത് പോലെ അതൊരു കുടുംബവാഴ്ചാ സംവിധനാത്തിലേക്ക് പോകുകയാണെന്ന ധ്വനി ഉണ്ടാകുകയും ചെയ്യും.