പക്ഷി ഗവേഷണത്തിന് അന്തർദേശീയ കേന്ദ്രം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയും കേരള വെറ്ററിനറി ആൻഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയും സംയുക്തമായി ഇന്റര്‍നാഷണല്‍ ഏവിയന്‍ റിസര്‍ച്ച് സെന്റര്‍ (IARC) തുടങ്ങുന്നു. കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസില്‍ തുടങ്ങുന്ന ഈ ഇന്റര്‍ യൂണിവേഴ്സിറ്റി കേന്ദ്രം ഈ രംഗത്ത് വിവിധ വിഷയങ്ങളെയും വകുപ്പുകളെയും സമന്വയിപ്പിക്കുന്നതും പക്ഷി ഗവേഷണ മേഖലയില്‍ ആധുനിക പഠന- ഗവേഷണ സൗകര്യങ്ങളുള്ളതുമായിരിക്കും.
അന്തര്‍ദേശീയ തലത്തില്‍ രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ പക്ഷി ഗവേഷണ കേന്ദ്രത്തില്‍ ഭാവിയില്‍ കണ്‍സര്‍വേഷന്‍ സയന്‍സിലും അനുബന്ധ വിഷയങ്ങളിലും റഗുലര്‍ കോഴ്സുകള്‍ തുടങ്ങും. ഇന്റര്‍ യൂണിവേഴ്സിറ്റി തലത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു കേന്ദ്രം.
1200 തരം പക്ഷികളുള്ള രാജ്യത്തെ പക്ഷി ഗവേഷണം പ്രോത്സാഹിപ്പിക്കുക, പക്ഷി/ജന്തു ജന്യ രോഗങ്ങളായ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ, എച്ച്1എൻ1, നിപ്പ തുടങ്ങിയ മഹാമാരികള്‍ക്ക് ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തുക, ഏവിയന്‍ സയന്‍സില്‍ പ്രത്യേകിച്ചും പക്ഷി കേന്ദ്രീകൃത പരിസ്ഥിതി, ജനിതക, ബിഹേവിയര്‍, ന്യൂട്രീഷ്യന്‍, ഫിസിയോളജിക്കല്‍, പുനരുല്‍പ്പാദന രംഗങ്ങളില്‍ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഐഎആര്‍സിയുടെ ലക്ഷ്യങ്ങള്‍.
വന്യ പക്ഷി വർഗങ്ങളെക്കുറിച്ചും പഠനം
ഇന്ത്യയില്‍ ദേശീയ നിലവാരത്തിലുള്ള പക്ഷി ഗവേഷണ കേന്ദ്രമുള്ളത് യുപിയിലെ ബറേലിയിലാണ്. അവിടെ പ്രധാനമായും പൗള്‍ട്രി വിഭാഗത്തെക്കുറിച്ചാണു ഗവേഷണം നടക്കുന്നത്. എന്നാല്‍ ഐഎആര്‍സി പൗള്‍ട്രി വർഗത്തില്‍പ്പെട്ട പക്ഷികള്‍ക്കു പുറമെ, ഇനിയും ശാസ്ത്രീയമായി പഠനങ്ങള്‍ നടത്തിയിട്ടില്ലാത്ത വന്യ പക്ഷി വർഗങ്ങളെക്കുറിച്ചും പഠന- ഗവേഷണങ്ങള്‍ നടത്തും.
ഫാല്‍ക്കണ്‍ പോലുള്ള വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന, വേട്ടയാടുന്ന പക്ഷികളെ കുറിച്ചും കേന്ദ്രം ഗവേഷണം നടത്തുമെന്ന് ഐഎആര്‍സി കോ ഓര്‍ഡിനേറ്ററും കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സുബൈര്‍ മേടമ്മല്‍ പറഞ്ഞു.
തെരഞ്ഞെടുത്ത പക്ഷികളുടെ ജനിതക സ്വീക്വന്‍സിങ് നടത്തി വന്യപക്ഷി വർഗങ്ങളുടെ ജീനോം റിസോഴ്സ് ബാങ്കിങ് (GRB) ഈ കേന്ദ്രത്തില്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജിആര്ബിയില് ആണ്- പെൺ പക്ഷികളുടെ ജേം പ്ലാസത്തിന്റെ ജൈവ സാമ്പിളുകള്‍ സംരക്ഷിക്കപ്പെടുമെന്നും ഡോ. സുബൈര്‍ പറഞ്ഞു. ഭാവിയില്‍ പക്ഷികളുടെ പോപ്പുലേഷന്‍ സംരക്ഷിക്കപ്പെടുന്നതിന് ഇത് ഉപകരിക്കും.
പക്ഷികളുടെ സ്വഭാവം, ഏവിയന്‍ ഇക്കോളജി, ഏവിയന്‍ പോപ്പുലേഷന്‍, ദേശാടനം, ബേഡ് ഫിസിയോളജി, ജനിതക ജീനോമിക്സ്, ബയോ ഇന്‍ഫോര്‍മാറ്റിക്സ്, ജന്തുജന്യ രോഗങ്ങള്‍, പക്ഷികളില്‍ കാലാവസ്ഥാ വ്യതിയാനങ്ങളുടെ സ്വാധീനം തുടങ്ങിയ കാര്യങ്ങളും പഠനവിധേയമാക്കുമെന്നും ഡോ. സുബൈര്‍. ഇത്തരത്തിലുള്ള പഠനങ്ങള്‍ സമകാലിക- ഭാവി സാധ്യതകളുള്ളതാണ്.
പഠനത്തില്‍ നിന്നുരുത്തിരിഞ്ഞു വരുന്ന അറിവുകള്‍ പുതിയ കണ്‍സര്‍വേഷന്‍ നയങ്ങള്‍ രൂപീകരിക്കുന്നതിനും അതുവഴി ഈ രംഗത്ത് മുന്‍നിരയിലെത്തുന്നതിനും നമ്മെ പ്രാപ്തരാക്കും. മികച്ച അന്തര്‍ദേശീയ ജേണലുകളിലേക്ക് ടെക്നിക്കല്‍ റിപ്പോര്‍ട്ടുകളും ഗവേഷണ പ്രബന്ധങ്ങളും തയാറാക്കാനും കേന്ദ്രം ശ്രമിക്കുമെന്ന് അദ്ദേഹം.
രാജ്യത്തിനകത്തുള്ള സര്‍വകലാശാലകള്‍ക്കിടയില്‍ മാത്രമല്ല അന്തര്‍ദേശീയമായി തന്നെ അറിവിന്റെയും വിദ്യാർഥി- അധ്യാപക കൈമാറ്റത്തിന്റെയും വഴിയൊരുക്കും ഈ കേന്ദ്രം. പക്ഷി ശാസ്ത്രം, പരിസ്ഥിതി, ജൈവവൈവിധ്യം, കണ്‍സര്‍വേഷന്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാർഥികള്‍ക്കു പഠന സൗകര്യങ്ങളുണ്ടാക്കും.
ധാരണാപത്രമായി
തിരുവനന്തപുരത്ത് വനം- വന്യജീവി വകുപ്പു മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയും വെറ്ററിനറി സര്‍വകലാശാലയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ചടങ്ങില്‍ വനം-വന്യജീവി വകുപ്പു മന്ത്രി കെ. രാജു, കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍, വെറ്ററിനറി ആൻഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ.)എം.ആര്. ശശീന്ദ്രനാഥ്, കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ പ്രൊഫ.(ഡോ.) എം. മനോഹരന്, കേരള വെറ്ററിനറി ആൻഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലാ രജിസ്ട്രാര്‍ പ്രൊഫ.(ഡോ.) ജോസഫ് മാത്യു, ഐഎആര്‍സി കോ ഓര്‍ഡിനേറ്റര്‍ ഡോ. സുബൈര്‍ മേടമ്മല്‍, ഡോ.എം.കെ. നാരായണന്, പ്രൊഫ.(ഡോ.) ജി. ഗിരീഷ് വര്‍മ്മ, ഡോ. സുധീര്‍ ബാബു, കെ. വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു. പരിസ്ഥിതി മന്ത്രാലയം, യുജിസി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, ഐസിഎആര്‍, ഡിഎസ്ടി, സിഎസ്ഐആര്‍, ഡിബിടി തുടങ്ങിയ കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ സാമ്പത്തിക സഹകരണത്തോടെയാണ് ഈ അന്തര്‍ദേശീയ കേന്ദ്രം പ്രവര്‍ത്തിക്കുക.