75-ാം നാൾ മനസുതുറന്ന് മോദി
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി എഎഎൻഎസ് വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്. രണ്ടാം മോദി സർക്കാർ ഇന്നലെ ഭരണത്തിൽ 75 ദിവസങ്ങൾ പൂർത്തിയാക്കി.
അഭിമുഖത്തിലെ പ്രധാന പരാമർശങ്ങൾ
ഈ സർക്കാർ അധികാരത്തിലേറിയതിനു ശേഷമുള്ള ഏതാനും ദിവസങ്ങൾക്കുള്ളിൽ അസാധാരണമായ പ്രവർത്തനങ്ങളാണു കാഴ്ചവച്ചത്. ""ശരിയായ നീതി, വ്യക്തമായ ദിശാബോധം' എന്ന നയത്തിന്റെ ഭാഗമായാണ് അതു സാധ്യമായത്.
കുട്ടികളുടെ സുരക്ഷ മുതൽ ചന്ദ്രയാൻ- 2 വരെ, അഴിമതിക്കെതിരായ നടപടി മുതൽ മുസ്ലിം വനിതകൾ അനുഭവിച്ചിരുന്ന മുത്തലാഖ് പ്രശ്നം വരെ, കശ്മീർ മുതൽ കർഷകൻ വരെയുള്ള വിഷയങ്ങളിൽ ശക്തമായ നടപടികളാണ് ഈ സർക്കാർ സ്വീകരിച്ചത്, അതും ജനങ്ങളുടെ വ്യക്തമായ ജനവിധിയിലൂടെ.
ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വലിയൊരു പരിഷ്കരണമാണു ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിലൂടെ ലക്ഷ്യമിട്ടത്. നിലവിലുള്ള പല പ്രശ്നങ്ങൾക്കും അതു പരിഹാരമാകും. ബഹുതല പരിഷ്കരണമാണ് അതുണ്ടാക്കുക. അഴിമതി കുറയ്ക്കും, സുതാര്യത വർധിപ്പിക്കും.
ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയൊരു വിപ്ലവമാവുകയാണ് ആയുഷ്മാൻ ഭാരത് പദ്ധതി. അതു വലിയൊരു ബോധവത്കരണം സൃഷ്ടിക്കും. ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷണം ലഭ്യമാക്കും, പ്രത്യേകിച്ച് രണ്ടും മൂന്നും നിരകളിലുള്ള പട്ടണങ്ങളിൽ.
സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ, എല്ലാവരെയും ഉൾക്കൊള്ളുന്ന, ജനകേന്ദ്രീകൃതമായ, ജനങ്ങളാൽ നയിക്കപ്പെടുന്ന വളർച്ചാ മാതൃകയിൽ വിദ്യാഭ്യാസം വലിയൊരു വിഷയമാണ്. അതിപ്രധാനമാണ്. യോഗ്യതയുള്ള മാനവ വിഭവ ശേഷിയിൽ ഒഴിച്ചുകൂടാനാവാത്തതാണ്.
നമ്മുടെ ദേശീയ വിദ്യാഭ്യാസ പദ്ധതി വിചക്ഷണന്മാരും വിദഗ്ധരും ആ മേഖലയുമായി ബന്ധപ്പെട്ടവരും വേണം നയിക്കേണ്ടത്. അത് കേവലമൊരു പദ്ധതിയായി നിലനിൽക്കാതെ ഏറ്റവും വേഗത്തിൽ നടപ്പാക്കേണ്ടതുണ്ട്.
അഴിമതി തുടച്ചുനീക്കാൻ അധികാരമേറ്റ ദിവസം മുതൽ ഞങ്ങൾ ശ്രമിക്കുകയാണ്. ആരെങ്കിലും ഇക്കാര്യത്തിൽ എവിടെയെങ്കിലും ഒരു തുടക്കമിടേണ്ടതുണ്ട്. അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ആലോചിക്കാതെ തന്നെ ഞങ്ങൾ അതു തീരുമാനിച്ചു.
കശ്മീരിന്റെ കാര്യത്തിൽ എതിർപ്പു പ്രകടിപ്പിച്ചവർ ആരൊക്കെയെന്നു പട്ടിക നോക്കുക- പതിവുപോലെ സ്ഥാപിത താത്പര്യക്കാരുടെ ഗ്രൂപ്പുകൾ, രാഷ്ട്രീയ കുടുംബങ്ങൾ, ഭീകരതയോടു സന്ധി ചെയ്യുന്നവർ, പ്രതിപക്ഷത്തെ ചില സുഹൃത്തുക്കൾ.
ജമ്മു കശ്മീരിലും ലഡാക്കിലും കേന്ദ്രം സ്വീകരിച്ച നിലപാടിന് രാജ്യത്തെ മുഴുവൻ ജനങ്ങളും, രാഷ്ട്രീയത്തിനതീതമായി, പിന്തുണ നൽകി. ഇത് രാഷ്ട്രവുമായി ബന്ധപ്പെട്ട വിഷയമാണ്, രാഷ്ട്രീയമല്ല.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും സഹോദരീസഹോദരന്മാരോട് ഒരുകാര്യം ഞാൻ ഉറപ്പുനൽകുന്നു- ഈ മേഖലകളിൽ അതത് പ്രദേശത്തെ തദ്ദേശീയ ജനതയുടെ അഭിലാഷങ്ങൾക്കനുസരിച്ചു വികസനമുണ്ടാകും. അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമനുസരിച്ച്.
ജനങ്ങളെ വശംകെടുത്തിയ ചങ്ങലകളായിരുന്നു 370ാം വകുപ്പും 35(എ) വകുപ്പും. ആ ചങ്ങലകൾ നാം ഇപ്പോൾ പൊട്ടിച്ചുകളഞ്ഞിരിക്കുന്നു. ജനങ്ങൾ ആ കെട്ടുപാടുകളിൽ നിന്നു മോചിതരായി. ഇനി അവർക്കു സ്വന്തം ഭാവിഭാഗധേയങ്ങൾ നിർണയിക്കാം.
തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല ഞങ്ങളുടെ പ്രവർത്തനങ്ങൾ. ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. ജനക്ഷേമത്തിൽ ഊന്നൽ നൽകുക എന്നതാണു പ്രധാനം. തെരഞ്ഞെടുപ്പുവിജയം അതിന്റെ ഉപ ഉത്പന്നം മാത്രമാണ്.
കഴിഞ്ഞ ഇരുപതു വർഷങ്ങളായി ഞാൻ ഒട്ടേറെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. എന്റെ പരാജയം പ്രവചിക്കാത്ത ഒരു തെരഞ്ഞെടുപ്പുപോലുമില്ല. രാഷ്ട്രീയ പ്രവാചകന്മാരായ അവർക്കെല്ലാം ഞാൻ ആശംസകൾ നേരുന്നു.
ജനങ്ങൾ തീരുമാനിച്ചിരിക്കുന്നു- 21ാം നൂറ്റാണ്ടിലെ ഭാരതത്തിൽ അഴിമതി, സ്വജനപക്ഷപാതം, കുടുംബരാഷ്ട്രീയം എന്നിവയൊന്നും അംഗീകരിക്കാനാവില്ല.