പ്രൊഫൈൽ പരിശോധനകളിലും പിഎസ്സിയിൽ പിഴവ്
തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിലെ റാങ്ക് ജേതാവ് നസീമിന്റെ പ്രൊഫൈൽ പരിശോധനകളിൽ പിഎസ്സി വരുത്തിയതു ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് പ്രൊഫൈലുകൾ ഉപയോഗിച്ചാണ് യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയായ നസീം പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിച്ചത്. നസീമിനും ശിവരഞ്ജിത്തിനും പ്രണവിനും ഒരേ കോഡിലുള്ള ചോദ്യപേപ്പർ കിട്ടിയതിലും ദുരൂഹതയുണ്ട്.
പിഎസ്എസിയുടെ ചട്ടങ്ങൾ പ്രകാരം ഒരാള്‍ തന്നെ രണ്ട് പ്രൊഫൈലുകളില്‍ നിന്ന് രജിസ്ട്രേഷൻ നടത്തുന്നത് ഡീബാർ ചെയ്യേണ്ട തട്ടിപ്പാണ്. സമാന തട്ടിപ്പിന് വർഷാവർഷം ഡീബാർ ചെയ്യുന്നവരുടെ പട്ടികയും പിഎസ്സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നസീമിന്റെ കാര്യത്തിൽ കൂടുതൽ പരിശോധനയുണ്ടായില്ലെന്നു മാത്രമല്ല യൂണിവേഴ്സിറ്റി കോളെജ് അക്രമം വരെ പിഎസ്സി നസീമിനെ തൊട്ടിട്ടുമില്ല.
ഇരട്ട പ്രൊഫൈലുള്ളവർ ആളുമാറി രണ്ടാം ഹാൾ ടിക്കറ്റിൽ പരീക്ഷ എഴുതുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഇരട്ട പ്രൊഫൈൽ കുറ്റമാക്കിയത്. നസീമിന്റെ കാര്യത്തിൽ പിഎസ്സി അറിഞ്ഞിട്ടും കണ്ണടച്ചതാണോ, അതോ കബളിപ്പിക്കപ്പെട്ടതോ എന്നാണ് ഇനി അറിയേണ്ടത്.
റാങ്ക് ലിസ്റ്റിൽ പെട്ട ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും പൊലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിൽ ലഭിച്ചത് കോഡ് C ചോദ്യപേപ്പറുകളാണ്. ഈ ചോദ്യപേപ്പറിലെ ക്രമത്തിലുള്ള ഉത്തരങ്ങൾ പുറത്തു നിന്ന് മൊബൈൽ ഫോണിൽ മൂവർക്കും എത്തിയതായാണ് പിഎസ്സി വിജിലൻസിന്റെ തന്നെ കണ്ടെത്തൽ. അങ്ങനെയെങ്കിൽ മൂവർക്കും ഒരേ കോഡ് ലഭിച്ചതിനു പിന്നിൽ എവിടെയാണ് ഒത്തുകളി നടന്നതെന്നും കൂടി ചോദ്യമുയരുമ്പോൾ കേരള പബ്ലിക് സർവീസ് കമ്മിഷൻ സംശയത്തിന്റെ മുനയിലാണ്.
എസ്എഫ്ഐ നേതാക്കൾക്ക് ഒരേ കോഡിലുള്ള ചോദ്യം; അന്വേഷണം വേണമെന്ന് ആവശ്യം
പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനുള്ള പിഎസ്സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും ഒരേ കോഡിലുള്ള ചോദ്യപേപ്പർ ലഭിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യം. ഇതിന് പിഎസ്സിയിലുള്ള ആരുടെയെങ്കിലും ഇടപെടലുണ്ടോയെന്നാണു സംശയം.
യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്ഐ മുൻ നേതാക്കൾ വിവിധ സെന്ററുകളിലാണ് പരീക്ഷ എഴുതിയതെങ്കിലും മൂന്നു പേർക്കും സി കോഡിലുള്ള ചോദ്യപേപ്പറാണ് ലഭിച്ചത്. പിഎസ്സി പരീക്ഷയ്ക്ക് നാലു തരം കോഡുകളിലുള്ള ചോദ്യപേപ്പറാണുള്ളത്. ഒരു ഹാളിലുള്ള 20 ഉദ്യോഗാർഥികൾക്ക് വ്യത്യസ്ത കോഡുകളാണ് ലഭിക്കുക. പലയിടത്തും പരീക്ഷയെഴുതിയിട്ടും ഈ മൂന്നുപേർക്കും ഒരേ കോഡ് തന്നെ ലഭിച്ചതാണ് സംശയത്തിന് ഇടയാക്കിയത്.
ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും പരീക്ഷ പേപ്പറിലെ തെറ്റുകളിലും സാമ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ നടന്ന 2018 ജൂലൈ 22ന് ഉച്ചയ്ക്ക് 2നും 3.15നും ഇടയിൽ ഒട്ടേറെ സന്ദേശങ്ങളാണ് ഇരുവരുടെയും ഫോണിലേക്ക് വന്നത്. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു ഫോണുകളിൽ നിന്നായി 96 മെസേജുകളാണ് വന്നത്. ഇതിൽ ആറെണ്ണം 2.08നും 2.15നും ഇടയിലായിരുന്നു. 2.15നും 3.15നും ഇടയിൽ 81 സന്ദേശങ്ങളെത്തി. 9 സന്ദേശങ്ങളുടെ സമയം പൊലീസ് റിപ്പോർട്ടിലില്ല. പതിനേഴാം പ്രതിയും റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരനുമായ പ്രണവിന്റെ ഫോണിലേക്ക് പരീക്ഷാ സമയത്ത് 78 സന്ദേശങ്ങളെത്തി. എന്നാൽ 28-ാം റാങ്കുകാരനുമായ നസീമിന്റെ പിഎസ്സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടു ഫോണിലേക്കും സന്ദേശങ്ങളെത്തിയിട്ടില്ല. പരീക്ഷ എഴുതിയതിനുശേഷം പ്രണവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നെന്നും കണ്ടെത്തി.