കോട്ടയം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയില്‍; 22,291 പേർ ക്യാമ്പുകളിൽ
കോട്ടയം: മഴകനത്തതോടെ ജില്ല വീണ്ടും വെള്ളപ്പൊക്കഭീഷണിയില്‍. പിരിച്ചുവിട്ട ക്യാമ്പുകള്‍ പലതും വീണ്ടും ആരംഭിച്ചു. മീനച്ചിലാർ കരകവിഞ്ഞതോടെ വെള്ളം ഇറങ്ങിയ പലമേഖലകളിലും വീണ്ടും വെള്ളം കയറി. പടിഞ്ഞാറൻ പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. ഈരാറ്റുപേട്ട തലനാട് വില്ലേജിലും കൂട്ടിക്കല്‍ വില്ലേജിലെ മേലേത്തടത്തും ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വാഹനത്തിൽ ജാഗ്രതാ അനൗണ്‍സ്മെന്റ് നടത്തിയാണ് ആളുകളെ ക്യാമ്പിലെത്തിച്ചത്.
കനത്ത മഴയില്‍ ജില്ലയിലെ പല റോഡുകളും വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. പ്രളയത്തിൽ കോട്ടയം, വൈക്കം, ചങ്ങനാശേരി, മീനച്ചിൽ, കാഞ്ഞിരപ്പള്ളി എന്നീ താലൂക്കുകളിലായി 177 ദുരിതാശ്വാസ ക്യാമ്പുകളിൽ 7143 കുടുംബങ്ങളിൽ നിന്നായി 9063 പുരുഷൻമാരും 10031 സ്ത്രീകളും 3197 കുട്ടികളും അടക്കം 22291 പേർ അഭയം തേടി.
കോട്ടയം-ആലപ്പുഴ എ.സി റോഡ്, അറുപുഴ-പാറേച്ചാല്‍, ഇറഞ്ഞാല്‍ - തിരുവഞ്ചൂര്‍, ആയാംകുടി - മാന്നാര്‍, കടുത്തുരുത്തി - ആപ്പുഴ, ചേര്‍പ്പുങ്കല്‍ - മരങ്ങാട്ടുപിള്ളി, വടയാര്‍ - എഴുമാംതുരുത്ത്, കോട്ടയം - പരിപ്പ്, കോട്ടയം-കുമരകം എന്നീ റോഡുകള്‍ വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥിതിയിലാണ്. പാലായില്‍ മീനച്ചിലാര്‍ കരകവിഞ്ഞു. ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ സ്റ്റേറ്റ് ഹൈവേയില്‍ മൂന്നാനിയിലും , വാഴൂര്‍ പുലിയന്നൂര്‍ റോഡിലും വെള്ളക്കെട്ടാണ്.
പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടാം തവണയാണ് മീനച്ചിലാര്‍ കരകവിയുന്നത്. ഇരുനൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. വീടുകളില്‍നിന്ന് വെള്ളം ഒഴിഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ ക്യാമ്പുകള്‍ വിട്ടതിന് പിന്നാലെയാണ് രണ്ടാമതും വെള്ളപ്പൊക്കം എത്തിയത്. വള്ളിച്ചിറ- പുലിയന്നൂര്‍ റോഡില്‍ വെള്ളം കയറിയിരിക്കയാണ്. പാല- കോഴ റോഡില്‍ മണലേല്‍ പാലം വെള്ളത്തിനടിയിലാണ്.പനയ്ക്കപ്പാലം, അമ്പാറ, മൂന്നാനി എന്നിവിടങ്ങളില്‍ (ഈരാറ്റുപേട്ട -പാലാ റോഡ്) റോഡില്‍ വെള്ളം കയറി. ഈരാറ്റുപേട്ട റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കയാണ്.