എല്ലാം ഒന്നിച്ച് നേരിടാം, സർക്കാർ കൂടെയുണ്ടാകും: പിണറായി വിജയൻ
മേപ്പാടി: എല്ലാവരും ഒന്നിച്ച് നിന്ന് നേരിട്ട ബുദ്ധിമുട്ടുകളെ അതിജീവിക്കാൻ ശ്രമിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വയനാട് മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒറ്റക്കെട്ടായി നമുക്ക് അതിജീവിക്കാം. സർക്കാർ എന്ന നിലയിൽ വിവിധ കാര്യങ്ങളാണ് ചെയ്യാനുള്ളത്. ആദ്യം രക്ഷാപ്രവർത്തനത്തിന് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സ്ഥലം പോയവരും സ്ഥലവും വീടും നഷ്ടപ്പെട്ടവരും, കൃഷി നശിച്ചവരും എല്ലാമുണ്ട്. ഇനിയും
മണ്ണിനടിയുള്ളവരെ കണ്ടെത്തേണ്ടതുണ്ട്. എല്ലാകാര്യത്തിലും സർക്കാർ കൂടെയുണ്ടാകും. എല്ലാകാര്യത്തിലും ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ സർക്കാർ മുൻകൈയെടുക്കുമെന്നും മുഖ്യമന്ത്രി.
ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഉയർന്ന ഉദ്യോഗസ്ഥരും ഇവിടെ എത്തിയിട്ടുണ്ട്. എല്ലാകാര്യങ്ങളും ബുദ്ധിമുട്ടുകളും ഒന്നിച്ച് നിന്ന് അതിജീവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസക്യാംപിൽ കഴിയുന്നവരുമായി നേരിട്ട് സംവദിച്ചു. ചിലർ പൊട്ടികരഞ്ഞാണ് മുഖ്യമന്ത്രിയോട് വിഷമങ്ങൾ പങ്കുവച്ചത്. ആശ്വസിപ്പിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചന്ദ്രശേഖരൻ, സി.കെ. ശശീന്ദ്രൻ എംഎൽഎ തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.
പുത്തുമലയിലെ ദുരിതത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ കഴിയുന്നത് മേപ്പാടിയിലെ ക്യാംപിലാണ്. ജില്ലാ ആസ്ഥാനത്ത് അവലോകന യോഗത്തിൽപങ്കെടുത്ത ശേഷം മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ ദുരിതബാധിത കേന്ദ്രങ്ങൾ സന്ദർശിക്കും.