ദുരിത മഴ: സംസ്ഥാനത്ത് 22,165 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, 41 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ. മലബാറിലാണ് ദുരിതപെയ്ത്ത് ജനജീവിതത്തെ ബാധിച്ചത്. 20 പേർ ഇന്നു മരിച്ചതായാണ് റിപ്പോർട്ട്. വയനാട് കുത്തുമലയിൽ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. സംസ്ഥാനത്ത് ഇതിനകം 315 ദുരിതാശ്വസക്യാംപുകൾ സംസ്ഥാനത്ത് തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
5, 936 കുടുംബങ്ങളിൽ നിന്നുള്ള, 22,165 പേർ ദുരിതാശ്വാസ ക്യാംപുകളിലാണുള്ളത്. വയനാട്ടിലാണ് കൂടുതൽ ദുരിതാശ്വാസകേന്ദ്രങ്ങളിൽ കഴിയുന്നത്. 9951 പേരാണ് ഇവിടെ ക്യാംപുകളിൽ കഴിയുന്നത്. മറ്റുജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർ. തിരുവനന്തപുരം- 656 പത്തനംതിട്ട-62 ആലപ്പുഴ- 12, കോട്ടയം-114, ഇടുക്കി -299 എറണാകുളം- 1575, തൃശൂർ-536 പാലക്കാട്-1200, മലപ്പുറം- 4106 കോഴിക്കോട്-1653, കണ്ണൂർ-1483, കാസർഗോഡ്-18
സംസ്ഥാനത്തെ മഴയെ തുടർന്ന് ഇതിനകം 41 മരണം ഉണ്ടായതായി മുഖ്യമന്ത്രി. ജൂൺ 8 മുതലുള്ള കണക്കാണിത്. സംസ്ഥാനത്തെ 24 സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലുമുണ്ടായി. ഇനിയും തുടരുമെന്നാതിനാൽ ജാഗ്രതവേണം. വയനാട് മേപ്പാടിയിലാണ് വലിയ ഉരുൾപൊട്ടൽ ഉണ്ടായത്. പുത്തുമലയിൽ നിരവധിപേർ ഉരുൾപൊട്ടലിൽ അടപ്പെട്ടതായാണ് അറിയുന്നത്.
മേപ്പാടിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. എയർഫോഴ്സ് എൻഡിആർഎഫ് തുടങ്ങിയവർ അവിടെയെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കുത്തുമലയുടെ മറുഭാഗത്തുള്ളവർ ഒറ്റപ്പെട്ടതിനാൽ അവരെ മാറ്റാനുള്ള ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി. നിലമ്പൂരും പ്രശ്നങ്ങളുണ്ട്. ചാലക്കുടി പുഴയിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഓരോ ജില്ലകളിലെയും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർക്ക് പ്രത്യേക ചുമതലയിരിക്കുകയാണ്.
ദുരിതാശ്വാസ ക്യാംപുകളിൽ സൗകര്യങ്ങൾ ജില്ലാ കലക്റ്റർമാർ ഒരുക്കുന്നുണ്ട്. വസ്ത്രം, ഭക്ഷണം ശേഖരണം നടക്കുന്നുണ്ട്. ആരോഗ്യരംഗത്ത് ശ്രദ്ധവേണമെന്നതിനാൽ ശുദ്ധമായ വെള്ളം എത്തിക്കാനുള്ള ശ്രമമുണ്ട്. സ്വയം സന്നദ്ധരായി അധികൃതരെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വടക്കൻ കേരളത്തിൽ ശക്തമായ കാറ്റും മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ കഴിഞ്ഞാൽ തീവ്രത കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. കടൽ പ്രക്ഷുബ്ധമായേക്കും. മലയോര കടലോരപ്രദേശങ്ങൾ അതീവ ജാഗ്രപാലിക്കണം.