കനത്ത മഴ: 12 ജില്ലകൾക്ക് നാളെ അവധി, പരീക്ഷകളും മാറ്റി
കോട്ടയം: കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതാത് ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളെജുകളും അങ്കണവാടികളും മദ്രസകൾക്കും കേന്ദ്രീയവിദ്യാലയങ്ങൾക്കും സിബിഎസ്ഇ സ്കൂളുകൾക്കും ഉൾപ്പെടെ അവധി ബാധകമാണ്.
പി.എസ്.സി വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചു. നാളെ നടത്താനിരുന്ന ജയിൽ വകുപ്പിലേക്കുള്ള വെൽഫെയർ ഓഫീസർ ഗ്രേഡ് II (കാറ്റഗറി നമ്പർ 124/2018) പരീക്ഷ ഈ മാസം 30ലേക്ക് മാറ്റി. പരീക്ഷാ സമയത്തിലും പരീക്ഷാ കേന്ദ്രത്തിലും മാറ്റമുണ്ടാകില്ലെന്നും പിഎസ്സി അറിയിച്ചിട്ടുണ്ട്. മാറ്റിവച്ച മറ്റു പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ആരോഗ്യ സർവകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ 240 മില്ലി മീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലെർട്ടും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ചു.