പരീക്ഷാത്തട്ടിപ്പ്: ആദ്യ നൂറ് റാങ്കുകാരുടെ ഫോൺ രേഖകളെടുക്കുമെന്ന് പിഎസ്സി
തിരുവനന്തപുരം: പരീക്ഷാക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി പിഎസ്സി.
2018 ജൂണ്‍ 22 ന് നടന്ന കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈൽ വിവരം പരിശോധിക്കുമെന്ന് പിഎസ്സി ചെയര്മാന് എം.കെ. സക്കീർ. ഇക്കാര്യം സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ നിയമന ഉത്തരവ് അയക്കില്ല. പൊലീസ് കേസിന് ശുപാർശ ചെയ്തെന്നും ചെയർമാൻ.
അന്വേഷണം സത്യസന്ധമായിട്ടാണ് നടത്തിയതെന്നും പിഎസ്സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി, ആരോപണവിധേയര്‍ക്കൊപ്പം പരീക്ഷയെഴുതിയ 22 പേരുടെയും മേൽനോട്ടം വഹിച്ചവരുടെയും മൊഴിയെടുത്തു. ക്രമക്കേട് ഇല്ലെന്നായിരുന്നു പരീക്ഷാ ഇന്‍വിജിലേറ്ററുടെ മൊഴി.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചു. പല നമ്പറുകളിൽ നിന്നും പ്രതികള്‍ക്ക് എസ്എംഎസുകള്‍ വന്നിട്ടുണ്ട്. പരീക്ഷ നടന്ന ഒന്നേകാൽ മണിക്കൂറിനുള്ളിലാണ് സന്ദേശങ്ങൾ വന്നതെന്നും എം.കെ. സക്കീർ.
യൂണിവേഴ്സിറ്റി കോളെജ് കത്തി കുത്തുകേസിലെ പ്രതികൾക്ക് പിഎസ്സി പരീക്ഷ തുടങ്ങിയതിന് ശേഷമാണ് ഉത്തരങ്ങള്‍ എസ്എംഎസായി എത്തിയത്. കോൺസ്റ്റബിൾ പരീക്ഷയ്ക്കിടെ പ്രതികളുടെ ഫോണിൽ രണ്ട് മുതൽ 3.15 വരെ സന്ദേശങ്ങളെത്തി.
പല ഫോണ്‍ നമ്പറുകളില്‍ നിന്നായി ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78 സന്ദേശങ്ങളുമാണ് ലഭിച്ചത്. ഇവ അയച്ച ഫോൺ നമ്പരുകള്‍ ശേഖരിച്ചിട്ടുണ്ട്. 7907508587, 9809 269076 എന്നീ നമ്പറിൽ നിന്നും 7736493940 എന്ന ശിവരഞ്ജിത്തിന്റെ നമ്പരിലേക്ക് സന്ദേശങ്ങള്‍ വന്നു. 9809555095 എന്ന പ്രണവിന്റെ നമ്പറിലേക്ക് 79 07936722, 9809 269076, 8589964981 എന്നീ നമ്പറുകളിൽ എസ്എംഎസ് വന്നുവെന്ന് പിഎസ്സി ചെയര്മാന്.
പിഎസ്സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന മൂന്ന് പേര് സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.
പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചെന്നാണ് നിഗമനം. കേരള പൊലീസിന്റെ സൈബര്‍ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്സി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്. പരീക്ഷാക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് അറിയുന്നത്.