കാറോടിച്ചത് ആരെന്ന മൊഴികളിൽ വൈരുധ്യം; ശ്രീറാമെന്ന് സാക്ഷികൾ, വഫയെന്ന് ശ്രീറാം, സർവത്ര ദുരൂഹത
തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് സുഹൃത്ത് വഫ ഫിറോസാണന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. താൻ തന്നെയാണ് കാറോടിച്ചതെന്ന് വഫ പൊലീസിനു മുന്നിൽ ശരിവയ്ക്കുകയും ചെയ്തു. എന്നാൽ ഇതിനു ഘടകവിരുദ്ധമായാണ് ദൃക്സാക്ഷികളുടെ മൊഴി. വാഹനം ഓടിച്ചത് ശ്രീറാം തന്നെയെന്നാണ് അപകടം നേരിൽകണ്ടവർ പറയുന്നത്.
ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറൊടിച്ചിരുന്നതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരായ ഷഫീക്ക്, മണികുട്ടൻ എന്നിവർ വെളിപ്പെടുത്തി. കാറിൽ ഇടതു വശത്താണ് വഫ ഇരുന്നതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. കൂടാതെ, കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി പ്രഥമദൃഷ്ട്യാ മനസിലായിട്ടും ഇരുവരുടേയും രക്തപരിശോധന നടത്താൻ പൊലീസ് തയാറാകാതിരുന്നതും സംശയങ്ങൾക്ക് ഇടവരുത്തുന്നു.
ജനറൽ ആശുപത്രിയിൽ ശ്രീറാം വെങ്കിട്ടരാമനെ എത്തിച്ച സമയത്ത് മദ്യപിച്ചതിന്റെ മണം ഉണ്ടായിരുന്നെന്നും ദേഹപരിശോധന നടത്തണമെന്നു മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും പരിശോധിച്ച ഡോക്റ്റർ ഒരു ചാനലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ ഒരാൾ മരിച്ച സംഭവമായിരുന്നിട്ടും തുടക്കത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നതു കാരണമാണ് രക്തപരിശോധനയ്ക്കായി ഡോക്റ്റർക്ക് നിർദേശിക്കാൻ സാധിക്കാതിരുന്നത്. കൈയ്ക്കു പരുക്കേറ്റ ശ്രീറാമിനെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ശ്രീറാമിന്റെ ഇഷ്ടപ്രകാരമാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. കാറിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയെ പൊലീസ് കസ്റ്റഡിയിൽ എടുക്കാതെ ആദ്യം വിട്ടയച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയുമില്ല. തുടർന്ന് മാധ്യമപ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഇവരെ ഫോണിൽ വിളിച്ച് വീണ്ടും സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയത്. വഫയുടെ പേരിലുള്ള കാറായിട്ടുപോലും പൊലീസ് മറ്റു നടപടികളൊന്നും സ്വീകരിച്ചുമില്ല. ഗൾഫിൽ മോഡലിങ് രംഗത്ത് പ്രവർത്തിച്ചു വരികയാണ് വഫ.
അതിനിടെ, അപകടത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. വാഹനമോടിച്ചത് ആരെന്ന് തിരിച്ചറിഞ്ഞതായും വിവരം ഉടൻ പുറത്തുവിടുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി സഞ്ജയ് കുമാര് ഗരുഡിൻ മാധ്യമങ്ങളോടു പറഞ്ഞു. സംഭവസ്ഥലത്തെ സിസിടിവി പരിശോധിക്കും. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് മാധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോൾ എല്ലായിടത്തും സിസിടിവി വയ്ക്കാനാവില്ലെന്നായിരുന്നു കമ്മിഷണറുടെ മറുപടി. അപകടത്തിൽ ഫൊറൻസിക് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.