കെവിൻ കൊലക്കേസ് വിധി ഓഗസ്റ്റ് 14-ന് , മൂന്ന് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കി
കോട്ടയം: ഏറെ പ്രമാദമായ കെവിൻ കൊലക്കേസിൽ ഓഗസ്റ്റ് 14-ന് വിധി പറയും. കോട്ടയം സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസിൽ പ്രത്യേക കോടതി മൂന്ന് മാസം കൊണ്ട് റെക്കോഡ് വേഗത്തിലാണ് വിചാരണ പൂർത്തിയാക്കി വിധി പറയാൻ തയ്യാറെടുക്കുന്നത്.
ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി സെഷൻസ് കോടതിയ്ക്ക് നൽകിയ നിർദേശം.
കേസ് വിചാരണയ്ക്ക് ഇടയിലും പലതരത്തിൽ വിവാദങ്ങളുണ്ടായ കേസ് കൂടിയായിയിരുന്നു കെവിൻ കൊലക്കേസ്. കെവിന്റെ കൊലപാതകത്തിൽ ഗുരുതര വീഴ്ച വരുത്തിയ എസ്ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തത് വിവാദമായതോടെ, അത് പിന്നീട് മരവിപ്പിച്ചു.
വിചാരണയ്ക്ക് ഇടയിൽ സാക്ഷികൾ പലരും മൊഴിമാറ്റി. ശക്തമായ തെളിവുകൾ തന്നെയാണ് ഹാജരാക്കിയതെന്നും കേസിൽ ശരിയായ വിധി വരുമെന്നാണ് പ്രോസിക്യൂഷന്റെ ഉറച്ച വിശ്വാസം.
മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനായത് പ്രോസിക്യൂഷനും കോട്ടയം സെഷൻസ് കോടതിയ്ക്കും നേട്ടമായി. കോടതി സമയം തുടങ്ങുന്നത് രാവിലെ 11 മണിക്കാണെങ്കിലും, ഒരു മണിക്കൂർ നേരത്തേ, പത്ത് മണി മുതൽ തന്നെ കേസ് വിചാരണ തുടങ്ങിയാണ്, കോടതി മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കിയത്.
കഴിഞ്ഞ വർഷം മെയ് 27-നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഏറ്റുമാനൂർ സ്വദേശി ഷാനുവും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ടുപോകൽ.
ദളിത് ക്രിസ്ത്യനായിരുന്ന കെവിനുമായുള്ള നീനുവിന്റെ ബന്ധത്തോട് പിതാവിനും സഹോദരനും കടുത്ത എതിർപ്പുണ്ടായിരുന്നു. ഈ പകയാണ് കെവിന്റെ കൊലയിലെത്തിച്ചത്.
28-ന് പുലർച്ചെ തെന്മലയിൽ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുന്നത്. പുഴയിൽ മുക്കിക്കൊന്ന നിലയിലായിരുന്നു മൃതദേഹം. കെവിൻ രക്ഷപ്പെടാൻ പുഴയിൽച്ചാടി മരിച്ചെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ മുക്കിക്കൊന്നതാണെന്നും ഇതിന് കൃത്യമായ ഫൊറൻസിക് തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയതായുമാണ് റിപ്പോർട്ടുകൾ.
കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിനെ അക്രമി സംഘം അന്ന് തന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി വൈകിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കേസിലുൾപ്പെട്ട ഷാനു, പിതാവ് ചാക്കോ എന്നിവരുൾപ്പെടെ 14 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു.
പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായ കേസിൽ കുടുംബത്തിന്റെ പ്രതീക്ഷ കോടതിയിലാണ്. നീനു കെവിന്റെ വീട്ടിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കി ഇപ്പോൾ എംഎസ്ഡബ്ല്യുവിന് പഠിക്കുകയാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനത്തിലാണ് നീനു പഠിക്കുന്നത്. സംസ്ഥാനസർക്കാരാണ് നീനുവിന്റെ പഠനച്ചെലവ് വഹിക്കുന്നത്.