കൊല്ലം കരുനാഗപ്പള്ളിയിൽ ചരക്ക് തീവണ്ടി പാളം തെറ്റി; ഗതാഗതം സ്തംഭിച്ചു
കൊല്ലം: കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിൽ കല്ലുകടവിൽ ചരക്ക് തീവണ്ടി പാളം തെറ്റി. കോട്ടയത്തേക്ക് പോകുകയായിരുന്ന ചരക്ക് തീവണ്ടിയാണ് പാളം തെറ്റിയത്. തീവണ്ടിയുടെ ഒന്‍പത് ബോഗികളാണ് പാളം തെറ്റിയത്. നാല് ബോഗികള്‍ പൂര്‍ണമായും തെറിച്ചു പോയതായാണ് റിപ്പോര്‍ട്ടുകള്‍. രാത്രി 12.30 ഓടെയാണ് അപകടം. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള എല്ലാ ട്രെയിൻ സർവീസുകളും നിലച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരത്തു നിന്നു കോട്ടയം ഭാഗത്തേക്കു രാസവളം കൊണ്ടുപോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടമുണ്ടായ സ്ഥലത്തെ പാളം ഇളകി പോയ അവസ്ഥയിലാണ്. തീവണ്ടിയുടെ വീലുകളും തെറിച്ചു പോയി.
പാളങ്ങള്‍ തകര്‍ന്നതിനാല്‍ അപകടമുണ്ടായ ട്രാക്കിലെ ഗതാഗതം സ്തംഭിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ ട്രാക്കിലൂടെ കുറഞ്ഞ വേഗതയില്‍ തീവണ്ടികള്‍ കടത്തിവിടുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് റെയില്‍വേ റെസ്ക്യൂ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.
കറുകുറ്റിയില്‍ മംഗലാപുരം എക്സ്പ്രസ്സ് പാളം തെറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായ അവസ്ഥയിലാണ്. കറുകുറ്റി അപകടത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എറണാകുളം തിരുവനന്തപുരം റൂട്ടില്‍ ഇരുന്നൂറോളം ഇടങ്ങളില്‍ പാളത്തിന് പ്രശ്നമുള്ളതായി കണ്ടെത്തിയിരുന്നു.
തുടര്‍ച്ചയായ അറ്റകുറ്റപ്പണികള്‍ക്കൊടുവില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക് തിരികെ വരുന്നതിനിടെയാണ് തെക്കന്‍ കേരളത്തില്‍ വീണ്ടുമൊരു തീവണ്ടി പാളം തെറ്റിയിരിക്കുന്നത്
റദ്ദാക്കിയ ട്രെയിനുകൾ
കൊല്ലം – ആലപ്പുഴ പാസഞ്ചർ (നമ്പർ: 56300)
ആലപ്പുഴ – എറണാകുളം പാസഞ്ചർ (നമ്പർ: 56302)
എറണാകുളം – ആലപ്പുഴ പാസഞ്ചർ (നമ്പർ: 56303)
ആലപ്പുഴ – കൊല്ലം പാസഞ്ചർ (നമ്പർ: 56301)
കൊല്ലം – എറണാകുളം പാസഞ്ചർ (നമ്പർ: 56392)
എറണാകുളം – കായംകുളം പാസഞ്ചർ (നമ്പർ: 56387)
കൊല്ലം – എറണാകുളം മെമു (നമ്പർ: 66300)
എറണാകുളം – കൊല്ലം മെമു (നമ്പർ: 66301)
കൊല്ലം – എറണാകുളം മെമു (നമ്പർ: 66302)
എറണാകുളം – കൊല്ലം മെമു (നമ്പർ: 66303)
ഭാഗീകമായി തടസപ്പെടുന്നവ
എറണാകുളം – കൊല്ലം മെമു (നമ്പർ: 66307)
കൊല്ലം – എറണാകുളം മെമുവും (നമ്പർ: 66308) കോട്ടയം – കൊല്ലം പാസഞ്ചറും (നമ്പർ: 56305) കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് നടത്തില്ല.