ക്യൂബന്‍ സ്മരണകള്‍ ചെഗുവേരയുടെ മകളോട് പങ്കുവച്ച് പിണറായി വിജയന്
തിരുവനന്തപുരം: ക്യൂബൻ വിപ്ലവ നായകന് ഏണസ്റ്റ് ചെഗുവേരയുടെ മകള്‍ ഡോ. അലെയ്ഡ ഗുവേര, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ വച്ചാണ് ഇരുവരും സംസാരിച്ചത്.
അരമണിക്കൂര്‍ സംസാരിച്ചതിന് ശേഷമാണ് അലെയ്ഡ ക്ലിഫ് ഹൗസ് വിട്ടത്. 1994ല്‍ ക്യൂബയില്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങൾ പിണറായി വിജയന് പങ്കുവച്ചു. അന്നവിടെ താനുമുണ്ടായിരുന്നെന്ന് അലെയ്ഡയും മുഖ്യമന്ത്രിയോട് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ചിത്ര സഹിതം അലെയ്ഡയുമായി കൂടിക്കാഴ്ച നടത്തിയ വിവരം പങ്കുവച്ചത്.
കേരളത്തിലെത്തിയ അനുഭവങ്ങള്‍ അലെയ്ഡയും മുഖ്യമന്ത്രിയുമായുമായി സംസാരിച്ചു. പ്രഭാത ഭക്ഷണവും കഴിച്ചാണ് അലെയ്ഡ ക്ലിഫ് ഹൗസ് വിട്ടത്. സിപിഎം നേതാവ് എം.എ. ബേബിയും അലെയ്ഡക്കൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ഏറെ ആവേശകരമായിരുന്നു, ധീര വിപ്ലവകാരി ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേരയുമായുള്ള കൂടിക്കാഴ്ച. കേരള സന്ദർശനത്തിനെത്തിയ ഡോ അലൈഡയുമായി രാവിലെ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം സഖാവ് എം.എ. ബേബിയും കൂടെ ഉണ്ടായിരുന്നു.
ക്യൂബൻ യാത്രകളും ക്യൂബൻ ഐക്യദാർഢ്യ സമ്മേളനവും കേരളവുമെല്ലാം നിറഞ്ഞു നിന്നതായിരുന്നു അര മണിക്കൂർ നീണ്ട സംഭാഷണം. യാത്രയുടെ ക്ഷീണമുണ്ടെന്ന് പറഞ്ഞെങ്കിലും അതെല്ലാം മറന്ന് ഡോ അലൈഡ സന്ദർശനത്തെ സജീവമാക്കി. സംഭാഷണമധ്യേ സഖാവ് ബേബിയാണ് ക്യൂബൻ യാത്രയെ കുറിച്ച് ഓർമ്മിപ്പിച്ചത്. 1994 ൽ കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോൾ ക്യൂബയിൽ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ഞങ്ങൾ. സമ്മേളനത്തെ കുറിച്ച് പറഞ്ഞപ്പോൾ അന്നവിടെ ഉണ്ടായിരുന്ന കാര്യം അലൈഡയും പങ്കുവെച്ചു.
കേരളത്തിലേക്കുള്ള തന്റെ ആദ്യ യാത്രയും അവർ ഓർമ്മിച്ചു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വാദ്യകരമാണെന്നായിരുന്നു അലൈഡയുടെ അഭിപ്രായം. ചെഗുവേരയുടെ കുടുംബത്തെ കുറിച്ചും വിശദമായി അന്വേഷിച്ചറിഞ്ഞു. കുടുംബാംഗങ്ങളെ ഡോ. അലൈഡയ്ക്ക് പരിചയപ്പെടുത്തി. ഒരുമിച്ച് പ്രഭാത ഭക്ഷണവും കഴിച്ചു.
കണ്ണൂരിലും എറണാകുളത്തും നടക്കുന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ആവേശവും പങ്കുവെച്ചാണ് ഡോ. അലൈഡ യാത്ര പറഞ്ഞത്.