വിശ്വാസ വോട്ട് നേടി യെദിയൂരപ്പ; പ്രമേയം പാസായത് ശബ്ദവോട്ടോടെ
കര്‍ണാടക: വിശ്വാസ വോട്ട് നേടി കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്.
പതിനേഴ് വിമത എംഎൽഎമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തിൽ എത്താൻ ബിജെപിക്ക് വെല്ലുവിളിയുണ്ടായിരുന്നില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രൻ എച്ച്. നാഗേഷും യെദിയൂരപ്പയെ ശബ്ദ വോട്ടിൽ പിന്തുണച്ചു.
ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭയിൽ നടക്കുന്നത്. അപ്രതീക്ഷിതമായതൊന്നും നിയമസഭയിൽ നടന്നില്ല . ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ചര്‍ച്ച വേണ്ടെന്ന നിലപാട് ഐക്യകണ്ഠേനയാണ് നിയമസഭ അംഗീകരിക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പിൽ ജയിക്കുന്ന സീറ്റുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ബിജെപി സര്‍ക്കാരിന്റെ ഭാവി എന്നതും ശ്രദ്ധേയമാണ്. അതേസമയം വിശ്വാസ വോട്ട് നേടിയതോടെ ഇനി ആറ് മാസത്തേക്ക് മറ്റ് പ്രശ്നങ്ങളില്ലാതെ അധികാരത്തിൽ തുടരാൻ യെദിയൂരപ്പക്കാകും.
കോൺഗ്രസിന് 99 അംഗങ്ങളുടെ പിന്തുണയുണ്ട്. സിദ്ധരാമയ്യ തന്നെ പ്രതിപക്ഷ നേതാവായി തുടരും. ഇക്കാര്യത്തിൽ ജെഡിഎസുമായി അതിനിടെ വിമത എംഎൽഎമാര്‍ അയോഗ്യതാ നടപടിക്കെതിരെ നൽകിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കും.
സ്പീക്കർ അയോഗ്യരാക്കിയ 13 വിമത എംഎൽഎമാരാണ് ഹർജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. വിമത കോൺഗ്രസ് എംഎൽഎമാരായ മഹേഷ് കുമ്ടഹള്ളി, രമേശ് ജാർക്കിഹോളി, സ്വതന്ത്രനായ ആർ. ശങ്കർ എന്നിവർ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.