അഴിമതിയോട് സന്ധിയില്ലെന്ന് മന്ത്രി ജി. സുധാകരൻ; കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട് രജിസ്ട്രേഷന് വകുപ്പ്
കൊച്ചി: കൈക്കൂലി വാങ്ങിയതായി തെളിഞ്ഞ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ട് രജിസ്ട്രേഷന് വകുപ്പ്. പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രജിസ്ട്രേഷന് വകുപ്പിലെ രണ്ടാമത്തെ ആളെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതെന്നും ഇതൊരു സന്ദേശമാണെന്നും മന്ത്രി ജി. സുധാകരന്.
കോട്ടപ്പടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹെഡ് ക്ലാര്‍ക്കായ ജി. ഗിരീഷ് കുമാറിനെയാണ് പിരിച്ചു വിട്ടത്. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ സമര്‍പ്പിച്ച കക്ഷിയില്‍ നിന്ന് ഗിരീഷ് കുമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഇതിനെതിരെ കക്ഷി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി നല്കി. തുടര്‍ന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം വിജിലന്‍സ് കോട്ടപ്പടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഫിനോഫ്തിലിന്‍ പുരട്ടിയ നോട്ടുകള്‍ പിടികൂടി.
അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൂലി വാങ്ങിയതിന് ഗിരീഷ് കുമാര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഗിരീഷ് കുമാറിന് ഒരുവര്‍ഷത്തെ കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷ് കുമാറിനെ സര്‍വീസില്‍ തുടരാന്‍ യോഗ്യനല്ലെന്ന് കണ്ട് പിരിച്ചുവിട്ടതെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വിവാഹ സര്‍ട്ടിഫിക്കെറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ നല്കാൻ മുക്കം സബ് രജിസ്ട്രാര്‍ ഓഫിസിലെത്തിയ കക്ഷികളോട് അപമര്യാദയായി പെരുമാറിയ നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ രജിസ്ട്രേഷന് വകുപ്പില്‍ വീണ്ടും ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയെടുക്കുന്നത്.
മന്ത്രി ജി. സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
അഴിമതിക്കെതിരെ പ്രസംഗിക്കുകമാത്രമല്ല, അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് തെളിയിക്കുകയാണ് പിണറായി സർക്കാർ. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള പൊരുത്തമാണ് ഇവിടെ കാണുന്നത്.
രജിസ്ട്രേഷന് വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരവധി പരിഷ്കാരങ്ങളും നടപടികളും എടുത്ത് ജനസൗഹൃദമാക്കുകയാണ്. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍ മുതലുള്ള ഉദ്യോഗസ്ഥരെ പോലും സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിന് നടപടിക്ക് വിധേയരാക്കിയിട്ടുണ്ട്.
കുറച്ച് ദിവസം മുമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വന്ന ദമ്പതികളോട് അപമര്യാദയായി പെരുമാറിയ മുക്കം സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ നാല് പേരെ സസ്പെന്റ് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. അത് ജനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ പിന്തുണയുണ്ടാക്കിയ കാര്യവുമാണ്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രജിസ്ട്രേഷന് വകുപ്പിലെ രണ്ടാമത്തെ ആളെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കുന്നത്. സര്‍വ്വീസില്‍ നിന്നും പുറത്താക്കുന്നതിന് സര്‍ക്കാരിന് മടിയൊന്നുമില്ല. ഇതൊരു സന്ദേശമാണ്.
ഈ സന്ദേശം ഉള്‍കൊള്ളാന്‍ കഴിയുന്ന ആളുകളാണ് മഹാഭൂരിപക്ഷം വരുന്ന ജീവനക്കാരും. എന്നാല്‍ ഇതൊന്നും ഉള്‍കൊള്ളാത്ത അപൂര്‍വ്വം ചില ഉദ്യോഗസ്ഥരെയും കാണാം, അവര്‍ക്കെതിരെ നടപടി എടുത്ത് വരികയാണ്. എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ വകുപ്പുകളിലെ നിയമങ്ങളും ചട്ടങ്ങളും പഠിച്ച് മനസ്സിലാക്കി പ്രവര്‍ത്തിക്കണം.
കോട്ടപ്പടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹെഡ് ക്ലാര്‍ക്കായി ജോലി ചെയ്യവേ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ സമര്‍പ്പിച്ച കക്ഷിയില്‍ നിന്നും ചാല സബ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ജി. ഗിരീഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ കക്ഷി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി നല്‍കുകയും പരാതിയിന്മേലുളള പ്രാഥമിക അന്വേഷണത്തിനു ശേഷം വിജിലന്‍സ് കോട്ടപ്പടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ ഫിനോഫ്തിലിന്‍ പുരട്ടിയ നോട്ടുകള്‍ പിടികൂടി കോടതിയില്‍ ഹാജരാക്കി ടിയാനെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.
അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൂലി വാങ്ങിയതിന് ഗിരീഷ് കുമാര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഗിരീഷ് കുമാറിനെ ഒരുവര്‍ഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചിരിക്കുകയാണ്..
ഇതിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷ് കുമാറിനെ സര്‍വീസില്‍ തുടരാന്‍ യോഗ്യനല്ലെന്ന് കണ്ട് പിരിച്ചുവിട്ടത്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഇതൊരു മുന്നറിയിപ്പാണ്.