ജില്ലാ കോടതിയടക്കം പത്ത് കോടതികളും ഓഫിസുകളും പരിസരത്തെ പൊതു സ്ഥാപനങ്ങളും സമ്പൂര്‍ണ്ണ ഹരിത ഓഫിസുകളാകുന്നു-
മുട്ടം : ജില്ലാ കോടതിയടക്കം പത്ത് കോടതികളും അനുബന്ധ ഓഫിസുകളും പരിസരത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളുകളും എന്‍ജനീയറിംഗ് കോളജുമടക്കമുള്ള ഏഴ് സ്ഥാപനങ്ങളും ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് സമ്പൂര്‍ണ്ണ ഹരിത ഓഫിസുകളാകാന് തയ്യാറെടുക്കുന്നു.ജില്ലാ ഹരിതകേരളത്തിന്റെയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിനെ തുടര്‍ന്ന് ജില്ലാ ജഡ്ജി മുഹമ്മദ് വസീം വിളിച്ചു ചേര്‍ത്ത വിവിധ ഓഫിസ് മേധാവികളുടെ യോഗത്തിലാണ് ഈ തീരുമാനം.ഓഗസ്റ്റ് 15ന് ഈ ഓഫിസുകളെയെല്ലാം ഹരിതഓഫിസുകളായി പ്രഖ്യാപിക്കും.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദാകും പ്രഖ്യാപനം നിര്‍വഹിക്കുക.
ഗ്രീന്‍ പ്രോട്ടോക്കോള്‍ എല്ലാ ഓഫിസുകളിലും പാലിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും ഇത് പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.അതിനാലാണ് ജില്ലാ കോടതിയും ചുറ്റുവട്ടത്തെ മറ്റ് പൊതു സ്ഥാപനങ്ങളിലും ഹരിതചട്ടം നിര്‍ബന്ധിതവും കര്‍ശനവുമാക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ ജഡ്ജി യോഗത്തില്‍ വിശദീകരിച്ചു.
ജില്ലാ കോടതിയടക്കമുള്ള പത്ത് കോടതികള്‍,കൂടാതെ ജില്ലാജയില്‍, പ്രോസിക്യൂഷന് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസ്,പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസ്, ലീഗല്‍ സര്‍വീസ് അതോറിറ്റി,മധ്യസ്ഥതാകേന്ദ്രം,ബാര്‍ അസോസിയേഷന്, ക്ലര്‍ക്ക് അസോസിയേഷന് ഓഫിസുകള്‍, കോടതി കാന്റീന് ,എംജി യൂണിവേഴ്സിറ്റി എന്‍ജിനീയറിംഗ് കോളജ്, ഗവ. പോളി,ഐഎച്ആര്‍ഡി കോളജ്, ടെക്നിക്കല്‍ സ്കൂള്‍,ജില്ലാ ഹോമിയോ ആശുപത്രി,വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ എന്നിവയുമാണ് ഹരിത ഓഫിസുകളാകുന്നത്. ഇതു പ്രകാരം എല്ലാ ഓഫിസുകളിലും ഓഗസ്റ്റ് ഒന്നിന് മുമ്പ് നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ച് സമയബന്ധിതമായി ഹരിത ചട്ടങ്ങള്‍ നടപ്പിലാക്കും.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് ആഘോഷങ്ങളിലും മറ്റ് ചടങ്ങുകളിലും പേപ്പര്‍ കപ്പുകളും പ്ലേറ്റുകളുമടക്കമുള്ള ഒറ്റത്തവണ ഉപയോഗ വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കും.കൂടാതെ എല്ലാ സ്ഥാപനങ്ങളും അവര്‍ക്കനുയോജ്യമായ ഉറവിട ജൈവമാലിന്യ സംവിധാനങ്ങള്‍ സജ്ജമാക്കും. ഓഫിസിലെ ജീവനക്കാര്‍ ഉച്ചഭക്ഷണം കൊണ്ടുവരുന്നതിന് ടിഫിന്‍ ബോക്സും കുടിവെള്ളത്തിന് പുനരുപയോഗ സാധ്യമായ കുപ്പികളും ഉപയോഗിക്കും.ഫ്ളക്സുകളോ പ്ലാസ്റ്റിക് അലങ്കാര വസ്തുക്കളോ ഉപയോഗിക്കില്ല.ഓരോ സ്ഥാപനവും ആവശ്യമായ സ്റ്റീല്‍,പോഴ്സലൈന്‍ പ്ലേറ്റുകളും പാത്രങ്ങളും വാങ്ങി സൂക്ഷിക്കും. കടലാസ് ,പ്ലാസ്റ്റിക്, ഇ വേസ്റ്റ് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ പ്രത്യേകം സമാഹരിച്ച് നിശ്ചിത ഇടവേളകളില്‍ പാഴ് വസ്തു വ്യാപാരികളോ ഹരിത കര്‍മ്മ സേനയോ മുഖേന കൈയ്യൊഴിയും.ഓഫിസ് പരിസരത്ത് ജൈവപച്ചക്കറി കൃഷിയോ ഔഷധ സസ്യകൃഷിയോ പൂന്തോട്ടമോ നട്ടു പിടിപ്പിക്കും.എല്ലാ സ്ഥാപനങ്ങളും അവയുടെ പരിസരത്ത് ചെറുതാണെങ്കിലും ഓരോ പച്ചത്തുരുത്തുകള്‍ ഉറപ്പാക്കും.ജില്ലാ കോടതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സ്ഥാപനമേധാവികള്‍ക്ക് പുറമേ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ്ജഡ്ജി ദിനേശ് എം പിള്ള, മുട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, വാര്‍ഡ് മെംബര്‍ ഔസേപ്പച്ചന് ചാരക്കുന്നത്ത്,പി കെ സിന്ധുമോള്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് ജൂനിയര്‍ സൂപ്രണ്ട്,ജില്ലാ ജയില്‍ സൂപ്രണ്ട് കെ എസ് അന്‍സാര്‍, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ജി എസ് മധു,റിസോഴ്സ് പേഴ്സണ്‍ എന്‍ ആര് രാജന് ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, കുടംബശ്രീ ജില്ലാ അസി.കോര്‍ഡിനേറ്റര്‍ പി എ ഷാജിമോന്‍ പങ്കെടുത്തു.
ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കോടതി ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ ജഡ്ജി മുഹമ്മദ് വസീം സംസാരിക്കുന്നു