കര്‍ണാടക: സര്‍ക്കാരുണ്ടാക്കാൻ ബിജെപി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ 6 മണിക്ക്
ബെംഗളൂരു: കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് രാവിലെ പത്തു മണിയോടെ ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ ഗവർണറെ സന്ദർശിച്ചു. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഇന്നു വൈകുന്നേരം ആറു മണിക്ക് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്. 14 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നത്.
ഇന്നു ഉച്ചയ്ക്ക് 12.30ന് സത്യപ്രതിജ്ഞ വേണമെന്നാണ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലെയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വൈകുന്നേരം ആറ് മണിക്കാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. താന്‍ നിലവില്‍ പ്രതിപക്ഷ നേതാവാണ്. അതുകൊണ്ട് തന്നെ നിയമസഭാ പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല.
അതേസമയം, വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ചയോടെ ഉണ്ടാകുമെന്നാണ് വിവരം. അതുവരെ ബിജെപി പക്ഷത്തേക്ക് മാറിയ കോൺഗ്രസ്- ജെഡിഎസ് വിമത എംഎൽഎമാർ മുംബൈയിൽ തന്നെ തുടരാനാണ് സാധ്യത.
ഒരാഴ്ചയോളം നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിച്ച വിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടർന്നാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ രാജിവച്ചത്. 16 കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. തുടർന്ന് കോണ്‍ഗ്രസും ജെഡിഎസും ആവുന്നത്ര പരിശ്രമിച്ചിട്ടും വിമത എം.എല്‍.എമാര്‍ നിലപാടില്‍ ഉറച്ചു നിന്നതോടെ സഖ്യസർക്കാരിന്റെ പതനം പൂർത്തിയായി.
നിലവിൽ, കർണാടക നിയമസഭയിൽ 105 എം.എൽ.എ.മാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ഇനി 12 വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താൽ, രണ്ട് സ്വതന്ത്രരുടെ പിന്തുണയിൽ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം നേടാനാവും. കഴിഞ്ഞ ദിവസം കോൺഗ്രസ് വിമത എം.എൽ.എ.മാരായ രമേശ് എല്‍. ജര്‍ക്കിഹോളി, മഹേഷ് കുമതഹള്ളി, കെ.പി.ജെ.പി അംഗം ആർ. ശങ്കർ എന്നിവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്പീക്കർ കെ.ആര്. രമേശ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. അതേസമയം, സ്ഥിരതയുള്ള സർക്കാരാണ് വാഗ്ദാനമെങ്കിലും ഉപതെരെഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് ഏറെ നിർണായകമാകും.