സംസ്ഥാനത്ത് പൊലീസ് രാജെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് രാജെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആഭ്യന്തരത്തിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയ്ക്ക് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. പിണറായി ഏകാധിപത്യ ഭരണം തുടരുകയാണ്. ജനകീയ സമരങ്ങളെ തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
യൂണിവേഴ്സിറ്റി, പിഎസ് സി വിഷയങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.
ഭരിക്കാൻ കഴിവില്ലെങ്കിൽ മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണം. പൊലീസിന് മേലുള്ള എല്ലാ നിയന്ത്രണങ്ങളും പിണറായി വിജയന് നഷ്ടപ്പെട്ടിരിക്കുകയാണ്. സ്റ്റേഷനിലേക്ക് ജീവനോടെ പോകുന്നവർ ശവമായി തിരിച്ചുവരുന്ന അനുഭവമാണ് സംസ്ഥാനത്തുള്ളതെന്നും ചെന്നിത്തല.
തെറ്റു തിരുത്തുകയല്ല, ആവർത്തിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് എഐസിസി അംഗം ഉമ്മൻ ചാണ്ടി ആരോപിച്ചു. സിപിഐ എംഎൽഎയെയും നേതാക്കളെയും പ്രവർത്തകരെയും പോലീസ് തല്ലിച്ചതച്ചത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പുലർച്ചെ ആറ് മുതൽ തുടങ്ങിയ ഉപരോധ സമരം ഉച്ചവരെയാണ് നിശ്ചയിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ മൂന്ന് ഗേറ്റുകളിലും യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചതോടെ ഒറ്റഗേറ്റ് വഴി മാത്രമായി പൊതുജനങ്ങളുടെയും ജീവനക്കാരുടെയും യാത്ര.
യുഡിഎഫിന്റെ ഉപരോധ സമരം കണക്കിലെടുത്ത് പൊലീസ് നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ നഗരം വൻ ഗതാഗതക്കുരുക്കിലമർന്നു. വാഹനങ്ങൾ വഴിയിൽ കുടുങ്ങി. പ്രതിഷേധക്കാർ മന്ത്രിമാരെ വഴിയിൽ തടയാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് കണക്കിലെടുത്ത് നഗരത്തിലും സെക്രട്ടറിയേറ്റ് പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ഒരുമണിയോടെ സെക്രട്ടറിയേറ്റ് ഉപരോധിച്ച യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.