ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി... ഇന്ത്യയുടെ മുൻ മരുമകൻ
ന്യൂഡൽഹി: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൻ ഇന്ന് അധികാരമേൽക്കുകയാണ്. എന്നാൽ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ബോറിസിന് ഇന്ത്യയുമായി വളരെ കാലത്തെ അടുപ്പമുണ്ട്. വെറും ഒരു ബന്ധമല്ല ഇത്, ഇന്ത്യയുടെ മുൻ മരുമകനാണ് ബോറിസ് ജോൺസൻ. ബോറിസ് ജോണ്‍സന്റെ മുൻ ഭാര്യയായിരുന്ന മറീന വീലര്‍ പാതി ഇന്ത്യക്കാരിയാണ്.
പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഖുശ്വന്ത് സിംഗിന്റെ അനന്തരവളാണ് മറീന വീലര്‍. 25 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ബോറിസ് ജോണ്‍സണും മറീനയും വിവാഹ മോചിതരായത്. ദാമ്പത്യത്തില്‍ ഇവര്‍ക്ക് നാല് മക്കളുണ്ട്. ഖുശ്വന്ത് സിംഗിന്റെ ഇളയ സഹോദരന് ദല്‍ജിത് സിംഗാണ് മറീനയുടെ അച്ഛന്. മറീനയുടെ അമ്മ ദിപ് വീലര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം വരെ ബോറിസും മെറീനയും കുട്ടികളും രത്താംഭോര് ടൈഗര്‍ റിസര്‍വില്‍ എത്തിയിരുന്നു. ഖുശ്വന്ത് സിംഗിന്റെ മകന് രാഹുല്‍ സിംഗിന്റെ ക്ഷണം സ്വീകരിച്ച് വീട്ടില്‍ സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്. നിരവധി തവണ ബോറിസ് ജോണ്‍സണും മറീനയും മുംബൈ, ഡൽഹി എന്നിവിടങ്ങളില്‍ എത്തിയിട്ടുണ്ട്. താന്‍ ഇന്ത്യയുടെ മരുമകനാണെന്ന് ബോറിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നിരവധി തവണ ബോറിസും മറീനയും ഇന്ത്യയിലെത്തിയിട്ടുണ്ട്. കേരളവുമായും ബോറിസ് ജോൺസന് അടുത്ത ബന്ധമുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന, ഇപ്പോഴത്തെ ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹത്തിനാണ് ബോറിസ് ജോണ്സണ് കേരളത്തിലെത്തിയത്. 2003 ലായിരുന്നു ഇത്. മറീനയുടെ ബന്ധുവായ കബീര്‍ സിംഗിനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്. യുഎസില്‍ പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്.
കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ പൂർവികക്ഷേത്രമായ കന്യാകുമാരിയിലെ തിരുവട്ടൂര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിനിടെ ആനയിടഞ്ഞു. എല്ലാവരും ചിതറിയോടി. വിവാഹത്തിനെത്തിയ അതിഥികളിൽ ചിലർക്ക് പരുക്ക് പറ്റി. ബോറിസ് തിരക്കില്‍പ്പെട്ടെങ്കിലും പരുക്കൊന്നും പറ്റിയില്ലായെന്ന് കൃഷ്ണകുമാർ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഗോള്‍ഫ് ക്ലബിലായിരുന്നു റിസപ്ഷന്. വിവാഹത്തിനെത്തിയ ബോറിസ് ജോണ്സണ് നാല് ദിവസം കേരളത്തിൽ താമസിക്കുകയും ആലപ്പുഴയില്‍ വിനോദ സഞ്ചാരത്തിന് സമയം കണ്ടെത്തുകയും ചെയ്തു.