പാനായിക്കുളം കേസ് ; പ്രതികളെ വെറുതേ വിട്ട വിധിക്ക് സ്റ്റേയില്ല
ന്യൂഡല്‍ഹി: ആലുവ പാനായിക്കുളത്ത് നിരോധിത സംഘടനയായ സിമിയുടെ യോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജഡ്ജിമാരായ ദീപക് ഗുപ്ത, അനിരുദ്ധ് ബോസ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെതാണ് നടപടി.
കേസില്‍ എന്‍ഐഎ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും വെറുതെ വിട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി മുന്‍പാകെയുള്ളത്.അതേസമയം, കേസില്‍ എന്‍ഐഎ നല്കിയ പ്രത്യേക ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.
വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ആക്രമണത്തിന് ആഹ്വാനംചെയ്യുകയോ ചെയ്യാത്ത പക്ഷം നിരോധിത സംഘടനയുടെ അംഗത്വംകൊണ്ട് മാത്രം വ്യക്തി കുറ്റവാളിയാവില്ലെന്ന അരൂപ് ഭുയ്യന്‍ കേസിലെ ജസ്റ്റിസ് കട്ജുവിന്റെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹര്‍ജി നിലവില്‍ സുപ്രീം കോടതി മുന്പാകെയുണ്ട്. ഈ കേസിനൊപ്പമാവും എന്‍ഐഎയുടെ പുതിയ ഹര്‍ജി പരിഗണിക്കുക. ഇന്നലെ എന്‍ഐഎക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.
കട്ജുവിന്റെ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് 2016ല്‍ മോദി സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇന്നലെ എന്‍ഐഎയുടെ ഹർജി പരിഗണിക്കവെ പാനായിക്കുളം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന അഞ്ചുപേര്‍ക്കും കോടതി നോട്ടീസയച്ചു. 2006ലാണ് കേസിനാസ്പദമായ സംഭവം.
പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഈരാറ്റുപേട്ട നടക്കല്‍ പീടികക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി.എ. ഷാദുലി, ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശേരി വീട്ടില്‍ അബ്ദുല്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന് മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്ബഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് സിമി ക്യാംപ് നടത്തിയെന്ന കുറ്റം ചുമത്തി എന്‍ഐഎ കോടതി ശിക്ഷിച്ചത്. ഇവരെയാണ് തെളിവില്ലെന്നു വ്യക്തമാക്കി കഴിഞ്ഞ ഏപ്രില്‍ 12ന് ഹൈക്കോടതി വെറുതെവിട്ടത്.