ചന്ദ്രയാൻ 2 ന് പിന്നിലെ ആറ് മലയാളികൾ ഇവരാണ്...
ചന്ദ്രയാൻ 2 ചന്ദ്രനിലേക്ക് കുതിച്ചുയരുമ്പോൾ മലയാളികൾക്കും ആ ചരിത്ര നിമിഷത്തിൽ അഭിമാനിക്കാം. കാരണം അമ്പിളിയെ തൊടാനുള്ള ദൗത്യത്തിന് മലയാളികൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ചന്ദ്രയാനെ ലോകത്തെ ഏറ്റവും കുറഞ്ഞ ചെലവിൽ ലക്ഷ്യത്തിലേക്കെത്തിക്കുന്ന ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിന്റെ നിർമാണം ഉൾപ്പെടെ തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് നടന്നത്.
വട്ടിയൂർക്കാവ് ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ് സെന്ററിലാണ് ചന്ദ്രയാൻ 2 ന്റെ നാവിഗേഷൻ ഘടകങ്ങൾക്ക് രൂപം നൽകിയത്. ജിഎസ്എൽവി മാർക്ക് 3 ന്റെ ക്രയോജനിക്, ലിക്വിഡ് സ്റ്റേജ് ഭാഗങ്ങൾ നിർമിച്ചത് വലിയമലയിലെ ഇസ്റോയുടെ ലിക്വിഡ് പ്രൊപ്പൽഷൽ സിസ്റ്റം സെന്ററിലാണ്.
എസ് സോമനാഥ്
ആലപ്പുഴ ചേർത്തല സ്വദേശി. ചന്ദ്രയാൻ ദൗത്യത്തിന്റെ പദ്ധതി രേഖയുണ്ടാക്കിയതു മുതൽ അതിനു പിന്നിൽ പ്രവർത്തിക്കുന്നു. വിഎസ്എസ്സി ഡയറക്റ്റർ. ജിഎസ്എൽവി മാർക്ക് 3 യുടെ തുടക്കം മുതൽ പ്രവർത്തിച്ചു. 43. 43 മീറ്റർ ഉയരമുള്ള ഈ വിക്ഷേപണ വാഹനമാണ് ചന്ദ്രയാൻ 2 ദൗത്യത്തിന് ഉപയോഗിക്കുന്നത്. റോക്കറ്റിന് 4 ടൺ ഭാരം വഹിക്കാനുള്ള ശേഷി 2 പരീക്ഷണങ്ങളിലൂടെ തെളിയിച്ചു.
പി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ പയ്യന്നൂർ സ്വദേശി. ചന്ദ്രയാൻ 2 ന്റെ പേടകത്തിന്റെ രൂപകൽപ്പനയ്ക്ക് നേതൃത്വം നൽകി. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ മുൻ ഡയറക്റ്റർ. 13 പിഎസ്എൽവി ദൗത്യങ്ങളുടെ ഡയറക്റ്ററായി പ്രവർത്തിച്ചു.
ജയപ്രകാശ്
കൊല്ലം പാരിപ്പള്ളി വേളമണ്ണൂർ സ്വദേശി. ജിഎസ്എൽവി മാർക്ക് 3-എം ഒന്ന്/ ചന്ദ്രയാൻ 2 എന്ന ദൗത്യത്തിന്റെ ഡയറക്റ്റർ.
കെ.സി രഘുനാഥപിള്ള
പത്തനംതിട്ട ചിറ്റാർ വയ്യാറ്റുപുഴ സ്വദേശി. ദൗത്യത്തിന്റെ വെഹിക്കിൾ ഡയറക്റ്റർ.
പി.എം എബ്രഹാം
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി. ദൗത്യത്തിന്റെ അസോസിയേറ്റ് വെഹിക്കൾ ഡയറക്റ്റർ. വിക്ഷേപണ വാഹനത്തിന്റെ കൂട്ടിയോജിപ്പിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രധാന പങ്കു വഹിച്ചു.
ജി.നാരായണൻ
തിരുവനന്തപുരം ശ്രീ നഗർ സ്വദേശി. അസോസിയേറ്റ് പ്രൊജക്റ്റ് ഡയറക്റ്റർ.