വിടവാങ്ങിയത് ഡൽഹിയുടെ മരുമകൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വനിതയെയാണ് ഷീലാ ദീക്ഷിതിന്റെ വിടവാങ്ങലോടെ നഷ്ടമാകുന്നത്. വളരെ ചെറുപ്പത്തിൽ പൊതുരംഗത്തെത്തിയ അവർ ഒന്നര പതിറ്റാണ്ട് കാലം ഡൽഹിയെ നയിച്ചു.
കോൺഗ്രസിന്റെ ഡൽഹിയിലെ മുഖമായ ഷീലാദീക്ഷിത് രാജ്യതലസ്ഥാനത്ത് നടന്ന പല പ്രധാന സംഭവങ്ങൾക്കും സാക്ഷിയായിരുന്നു. മുഖ്യമന്ത്രി, പിസിസി അധ്യക്ഷ, ലോക്സഭ അംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലും തലസ്ഥാനത്ത് പ്രവർത്തിച്ചു.
1938 മാർച്ച് 31ന് പഞ്ചാബിലെ കുപൂർത്തലയിൽ പഞ്ചാബി ഖട്ടാരി കുടുംബത്തിലാണ് ഷീലാദീക്ഷിതിന്റെ ജനനം. ഡൽഹി സർവകലാശാലയലിൽ ചരിത്രത്തിൽ ബിരുദാനന്തരം ബിരുദം നേടിയ ശേഷമായിരുന്നു രാഷ്ട്രീയത്തിൽ സജീവമായത്.
2014 മാർച്ച് 11 മുതൽ ഓഗസ്റ്റ് 25 വരെയാണ് ഷീലാദീക്ഷിത് കേരള ഗവർണറായി പ്രവർത്തിച്ചത്. 2000 മുതൽ 2015 വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്നു അവർ. ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിൽ നിന്നും വിജയിച്ച് 1984 മുതൽ 1989 വരെ ലോക്സഭാ അംഗവുമായി. 1986 മുതൽ 1989 വരെ കേന്ദ്ര പാർലമെന്ററി കാര്യ സഹമന്ത്രിയായും പ്രവർത്തിച്ചു. വിനോദ് ദീക്ഷിതാണ് ഭർത്താവ്. സന്ദീപ് ദീക്ഷിത്, ലതിക സയ്യിദ് എന്നിവർ മക്കളാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഇവർ അവസാനകാലം വരെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഷീലാ ദീക്ഷിത് ഹൃദയാഘാതത്തെ തുടർന്നാണ് മരണമടയുന്നത്.
ഷീലാദീക്ഷിതിന്റെ നിര്യാണത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.