അവതരിക്കും, ന്യൂ ലോർഡ്സ്
ലണ്ടൻ: ക്രിക്കറ്റിന്റെ ലോകക്രമം പുതിയ പ്രഭാതത്തിനായി കാത്തിരിക്കുന്നു. പന്ത്രണ്ടാം ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ആതിഥേയരായഇംഗ്ലണ്ടും ന്യൂസിലൻഡും കൊമ്പുകോർക്കുമ്പോൾ, ചരിത്ര പുസ്തകത്തിലെ താളുകളിൽ പുതിയ വിജയകഥ കുറിയ്ക്കപ്പെടും.ഇരു ടീമുകളിൽ ആരു ജയിച്ചാലും ലോക ക്രിക്കറ്റിന് പുതിയ ചാംപ്യനെ ലഭിക്കും. ഇന്ത്യൻ സമയം വൈകിട്ട് മൂന്നിന് മത്സരാരംഭം.
ഇംഗ്ലണ്ട്
ബാറ്റിങ് പവർ
2015 ലോകകപ്പിനുശേഷം നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ട് അസൂയാവഹമായ മുന്നേറ്റമാണ് നടത്തിയത്. ബാറ്റിങ്ങിലെ കരുത്ത് ആ കുതിപ്പിന് ചിറകേകി. ലോകകപ്പിലും ഇംഗ്ലിഷ് ബാറ്റിങ് പലകുറി തീതുപ്പി. ഓപ്പണർമാരായ ജാസൺ റോയ് (426), ജോണി ബെയർസ്റ്റോ (496), മധ്യനിരയിലെ ജീനിയസ് ജോ റൂട്ട് (549) എന്നിവരെല്ലാം റൺസിന്റെ പ്രളയം സൃഷ്ടിച്ചു. ക്യാപ്റ്റൻ ഇയോൺ മോർഗനും മോശമാക്കിയില്ല. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകി.
ആർച്ചർ മാർച്ച്
ലോകകപ്പിനുള്ള ഇംഗ്ലിഷ് ടീമിൽ അവസാന ഘട്ടത്തിൽ ഇടംപിടിച്ച പേസർ ജോഫ്ര ആർച്ചർ അവരുടെ ബൗളിങ്ങിലെ തുറുപ്പുചീട്ടായി. പത്തൊമ്പത് വിക്കറ്റുകളാണ് ആർച്ചർ എറിഞ്ഞിട്ടത്. മാർക്ക് വുഡ് (17), ക്രിസ് വോക്സ് (13) ലിയാം പ്ലങ്കറ്റ് (8) എന്നിവരും ഇംഗ്ലിഷ് ബൗളർമാരിൽ മൂർച്ചയറിച്ചു. പതിനൊന്ന് ഇരകളെ കണ്ടെത്തിയ സ്പിന്നർ ആദിൽ റഷദീന്റെ സാന്നിധ്യവും ഇംഗ്ലിഷ് ബൗളിങ്ങിന് വൈവിധ്യം നൽകുന്നു.
ന്യൂസിലൻഡ്
വില്യംസൺ ഇഫക്റ്റ്
ഒരു ക്യാപ്റ്റനും ഇതിലേറെ ടീമിനെ ചുമലിലേറ്റാനാവില്ല. കളത്തിലെ ശാന്തതയ്ക്കും കൗശലപൂർണമായ തീരുമാനങ്ങൾക്കുമൊപ്പം അചഞ്ചലവും അക്ഷോഭ്യവുമായ ബാറ്റിങ് പ്രകടനങ്ങൾകൊണ്ടും വില്യംസൺ കിവികളുടെ യഥാർത്ഥ കപ്പിത്താനായിമാറി. 548 റൺസുകളാണ് ഇതുവരെ വില്യംസന്റെ ബാറ്റിൽ നിന്ന് പിറന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ക്രീസിൽ നങ്കൂരമിട്ട വില്യംസൺ ബ്ലാക്ക് ക്യാപ്സിനെ കരകയറ്റി. മുൻനിരയിൽ നിന്ന് വില്യംസന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. എങ്കിലും റോസ് ടെയ്ലറിലൂടെ (335) വില്യംസന് മികച്ച കൂട്ടാളിയെ ലഭിച്ചു.
ബൗൾട്ട് ബോംബിങ്
ട്രന്റ് ബൗൾട്ടിന്റെ പേസാണ് ന്യൂസിലൻഡ് ബൗളിങ്ങിന്റെ നട്ടെല്ല്. പതിനേഴ് വിക്കറ്റുകളാണ് ബൗൾട്ട് പിഴുതെറിഞ്ഞത്. ഓസ്ട്രേലിയക്കെതിരായ ഹാട്രിക്ക് അതിൽ വേറിട്ടുനിൽക്കുന്നു. ലോക്കി ഫെർഗ്യൂസൻ (18) ബൗൾട്ടിന് പറ്റിയ സഹയാത്രികനായിരുന്നു. മാറ്റ് ഹെൻട്രിയും (13) എതിർ നിരയെ കീറിമുറിക്കാൻ ശേഷിയുള്ള ബൗളറാണ്. അതിനൊപ്പം ജിമ്മി നീഷത്തെയും കോളിൻ ഡെ ഗ്രാൻഡ്ഹോമിനെയും പോലെ ബഹു വൈദഗ്ധ്യമുള്ള താരങ്ങളും ന്യൂസിലൻഡിന് മുതൽക്കൂട്ടാണ്.