ഭക്ഷ്യവിഷബാധ കരുതിയിരിക്കാം
പഴകിയതോ വൃത്തിഹീനമായതോ ആയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനെ തുടര്‍ന്ന് ഒരു വ്യക്തിയ്ക്കോ ഒരു കൂട്ടം ആളുകള്‍ക്കോ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നമാണ് ഭക്ഷ്യവിഷബാധ. പഴകിയ മാംസം, മത്സ്യം, രോഗാണുബാധ ഉണ്ടായ ഫാസ്റ്റ്ഫുഡ്, പാല്, പാലുൽപ്പന്നങ്ങൾ, പച്ചക്കറിയിനങ്ങള്‍ എന്നിവയിലൂടെയെല്ലാം ഭക്ഷ്യവിഷബാധയ്ക്കു കാരണമായ രോഗാണുക്കള്‍ ശരീരത്തിനുള്ളിലെത്തി ഭക്ഷ്യവിഷബാധയുണ്ടാക്കാം. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാചകം ചെയ്ത് വിളമ്പുന്ന ഭക്ഷണസാധനങ്ങളില്‍ നിന്നും ഭക്ഷ്യവിഷബാധയുണ്ടാകാം. വിവിധതരം ബാക്ടീരിയകള്‍, വൈറസുകള്‍, പരാദങ്ങള്‍ തുടങ്ങിയ സൂക്ഷ്മ ജീവികളൊക്കെ ഭക്ഷ്യവിഷബാധയ്ക്കു കാരണമാകാറുണ്ട്.
ഭക്ഷ്യവിഷബാധ തടയാന്‍
ആഹാരസാധനങ്ങള്‍ വാങ്ങുമ്പോള്‍ മുതല്‍ അവ ഉപയോഗിക്കുമ്പോഴും മിച്ചം വന്നവ സൂക്ഷിച്ചു വയ്ക്കുമ്പോഴും ചില മുന്‍കരുതലുകള്‍ എടുത്താല്‍ ആഹാരപദാര്‍ത്ഥങ്ങളിലെ അണുബാധ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.പാകം ചെയ്യാനായി വാങ്ങുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ കാലഹരണപ്പെട്ടില്ലെന്ന് ഉറപ്പു വരുത്തണം. പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങളില്‍ എക്സ്പയറി ഡേറ്റിനു ശേഷം ഒരു ദിവസം പോലും പഴകിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കരുത്. ദുര്‍ഗന്ധമോ, നിറവ്യത്യാസമോ, പൂപ്പലോ ഉള്ള അരിയും മറ്റുധാന്യങ്ങളും നിലക്കടലയും നട്ട്സുകളുമൊന്നും ഉപയോഗിക്കരുത്.അരുചിയോ നിറവ്യത്യാസമോ ഉള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കരുത്.
മത്സ്യം ഫ്രഷ് ആണോ?
ഫ്രഷ് ആയ മത്സ്യത്തിന്റെ മാംസം ഉറപ്പുള്ളതും തിളക്കമുള്ളതുമായിരിക്കും. മത്സ്യത്തിന്റെ ഉടലില്‍ അമര്‍ത്തി നോക്കിയാല്‍ കുഴിഞ്ഞു പോകുന്നുണ്ടെങ്കില്‍ അത് പഴകിയതാണ്. മാംസം തനിയെ അടര്‍ന്നു പോകുന്നതും പഴക്കത്തെ സൂചിപ്പിക്കുന്നു. മത്സ്യത്തിന് ദുര്‍ഗന്ധം ഉണ്ടായിരിക്കരുത്. മത്സ്യത്തിന്റെ കണ്ണുകള്‍ തിളക്കമുള്ളതായിരിക്കണം. പഴകിയ മത്സ്യത്തിന്റെ കണ്ണുകള്‍ മങ്ങിയതായിരിക്കും. രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യത്തിന്റെ കണ്ണിനു നീലനിറമുണ്ടായിരിക്കാന് സാധ്യതയുണ്ട്. പുതിയ മത്സ്യത്തിന്റെ ചെകിള നനവാര്‍ന്നതും ചുവന്നനിറമുള്ളതുമായിരിക്കും. മത്സ്യത്തിന്റെ ചെതുമ്പലുകള്‍ തിളക്കമുള്ളതും ശരീരത്തില്‍ ഉറച്ചു നില്‍ക്കുന്നവയുമായിരിക്കും. മുറിച്ചു വച്ചിരിക്കുന്ന മത്സ്യം ഫ്രഷ് ആണെങ്കില്‍ നേരിയ ഈര്‍പ്പമുണ്ടാകും. നീലനിറമോ മറ്റു നിറവ്യത്യാസമോ രാസമാലിന്യങ്ങള്‍ കലര്‍ന്നതിന്റെ സൂചനയാണ്. ഫ്രീസറില്‍ വെച്ച മീന്‍ വാങ്ങുമ്പോഴും നിറവ്യത്യാസമുണ്ടോ എന്ന് പരിശോധിക്കണം. മാംസത്തിനുള്ളില്‍ വെള്ളയോ കറുപ്പോ നിറത്തിലുള്ള പൊട്ടുകളും പാടുകളും കാണുന്നുണ്ടെങ്കില്‍ അതു മാലിന്യം കലര്‍ന്നതിന്റെ സൂചനയാണ്.
പഴങ്ങള്‍, പച്ചക്കറികള്‍ ചില മുന്‍കരുതലുകള്‍
പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ കേടുപാടുകളില്ലാത്തതും രാസമാലിന്യങ്ങള്‍ കലരാത്തതും നോക്കി തിരഞ്ഞെടുക്കുക. പച്ചക്കറികള്‍ ഒന്നിച്ചു കൂട്ടി വയ്ക്കാതെ വായു സഞ്ചാരം ലഭിക്കുന്ന തരത്തില്‍ നിരത്തി വയ്ക്കുക. ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ നന്നായി കഴുകിത്തുടച്ച് വെജിറ്റബിള്‍ ട്രേയില്‍ സൂക്ഷിക്കുക. പഴവര്‍ഗ്ഗങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കേണ്ട. വായു സഞ്ചാരമുള്ള ബാസ്ക്കറ്റുകളില്‍ അടച്ചു വയ്ക്കുക. പഴകിയതും ചീഞ്ഞതുമായവ ഉപയോഗിക്കരുത്.
മാംസങ്ങള്‍
ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന പ്രധാന വിഭവമാണ് മാംസങ്ങള്‍. ഇവയിലെ രോഗാണുക്കളുടെ സാന്നിധ്യമാണു പ്രധാനകാരണം. മാംസം വാങ്ങുമ്പോള്‍ പഴക്കമുള്ളതല്ലെന്ന് ഉറപ്പു വരുത്തുക. അധികം വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെച്ച് ദീര്ഘനാളുപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. അന്നന്നത്തെ ആവശ്യത്തിനുള്ളത് വാങ്ങുന്നതാണു നല്ലത്.
വില്ലന്മാരാകുന്ന വിഷാണുക്കള്‍ ബോട്ടുലിസം
ക്ലോസ്ടീഡിയം ബോട്ടുലിസം എന്ന ബാക്ടീരിയയുണ്ടാക്കുന്ന ഭക്ഷ്യവിഷബാധയാണ് ബോട്ടുലിസം. ബോട്ടുലിസം ബാധിച്ചവരില്‍ മൂന്നില്‍ രണ്ടുപേര്‍ക്കും മരണം സംഭവിക്കാം. തകരടിന്നിലടച്ച പഴം, പച്ചക്കറി, അച്ചാറിനങ്ങള്, ഉപ്പിട്ടുണക്കിയ മാംസം, മത്സ്യം എന്നിവയില്‍ നിന്നൊക്കെ വിഷബാധയുണ്ടാകാം.
സാല്‍മൊണല്ല
പൊതുഭക്ഷണശാലകളിലെ ശുചിത്വക്കുറവ്, ഫാസ്റ്റ്ഫുഡ്, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ അറുത്തെടുത്ത മാംസം ഉണക്കിയും പുകച്ചും സൂക്ഷിച്ച മത്സ്യമാംസങ്ങള്‍ എന്നിവയില്‍ നിന്നും സാല്‍മൊണല്ല ബാക്ടീരിയ മൂലമുള്ള ഭക്ഷ്യവിഷബാധയുണ്ടാകാം.
കാംപൈലോ ബാക്ടര്‍
ശരിയായി പാകം ചെയ്യാത്ത കോഴിയിറച്ചിയിലൂടെയാണ് കാംപൈലോ ബാക്ടര്‍ ബാക്ടീരിയ മൂലമുള്ള ഭക്ഷ്യവിഷബാധ പ്രധാനമായും ഉണ്ടാകുന്നത്. പാസ്ച്വറൈസ് ചെയ്യാത്ത പാലിലൂടെയും വിഷബാധയുണ്ടാകാം.
ക്ലോസ്ട്രീഡിയം
പാകം ചെയ്തശേഷം ശരിയായി സൂക്ഷിക്കാത്ത മാംസ വിഭവങ്ങളില്‍ പെരുകുന്ന ബാക്ടീരിയയാണ് ക്ലോസ്ട്രീഡിയം പെര്ഫ്രിന്ജന്സ്. പൊതു ഭക്ഷണശാലകളില്‍ നിന്നു ഭക്ഷണം കഴിക്കുന്നവര്ക്കാണതു കൂടുതലും കാണുന്നത്.
ബാസില്ലസ് സിറിയസ്
പാകം ചെയ്ത ശേഷം ശരിയായി സൂക്ഷിക്കാത്ത ഫ്രൈഡ് റൈസില്‍ നിന്നുമാണ് ഈ രോഗാണുബാധമൂലമുള്ള ഭക്ഷ്യവിഷബാധ പ്രധാനമായും ഉണ്ടാകുന്നത്.
ചികിത്സയിങ്ങനെ
സംശയമുള്ള ഭക്ഷണ സാമ്പിളുകള്‍ പരിശോധിച്ച് അവയിലടങ്ങിയ രോഗാണുക്കളെയോ അവ ഉത്പാദിപ്പിച്ച വിഷ (ടോക്സിനുകള്‍) സാന്നിധ്യം തിരിച്ചറിയുക. രോഗിയുടെ ഛര്‍ദി, മലം എന്നിവയില്‍ ഇവയുടെ സാന്നിധ്യമുണ്ടോ എന്നു കണ്ടെത്തുക. രോഗിക്ക് നിര്‍ജലീകരണമുണ്ടെങ്കില്‍ അതു പരിഹരിക്കുക. രോഗാണുബാധയ്ക്കെതിരെയുള്ള ആന്റി ബയോട്ടിക്കുകള്‍ നല്‍കുക എന്നിവയാണു ഭക്ഷ്യവിഷബാധയ്ക്കുള്ള അടിയന്തിര ചികിത്സകള്‍. ഇതിനായി രോഗിയെ ഉടന്‍ ആശുപത്രിയിലെത്തിക്കണം.