അഡ്വ .ജോമോൻ കൂറ്റനാൽ പുതുപ്പരിയാരം സഹകരണ ബാങ്ക് പ്രസിഡന്റ് ;മാണി -ജോസഫ് പോരിൽ ജോസഫ് വിഭാഗത്തിന് നേട്ടം
അഡ്വ .ജോമോൻ കൂറ്റനാൽ പുതുപ്പരിയാരം സഹകരണ ബാങ്ക് പ്രസിഡന്റ് ;മാണി -ജോസഫ് പോരിൽ ജോസഫ് വിഭാഗത്തിന് നേട്ടം .
തൊടുപുഴ ∙ പുതുപ്പരിയാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് ജോസഫ്, മാണി വിഭാഗങ്ങളുടെ കടുത്ത ഭിന്നത. ഇവിടെ മുൻ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ജോസഫ് വിഭാഗം സ്ഥാനാർഥിക്കെതിരെ കോൺഗ്രസ് അംഗം മാണി ഗ്രൂപ്പ് അംഗത്തിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും ഒരാളുടെ ഭൂരിപക്ഷത്തിൽ ജോസഫിന്റെ സ്ഥാനാർഥി വിജയിച്ചു.
പുതുപ്പരിയാരം സഹകരണ ബാങ്കിൽ യുഡിഎഫ് ഭരണ സമിതിയിൽ കേരള കോൺഗ്രസിന്(എം) 6 പേരും, കോൺഗ്രസിന് 3 പേരുമാണ് ഉള്ളത്. മാണി വിഭാഗത്തിലെ കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് ആയിരുന്നു നിലവിൽ പ്രസിഡന്റ്. മുൻ ധാരണ പ്രകാരം 2 വർഷത്തിനു ശേഷം ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപ് റെജി പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു. തുടർന്നുള്ള മൂന്നു വർഷം ജോസഫ് വിഭാഗത്തിലെ ജോമോൻ കൂറ്റനാലിന് പ്രസിഡന്റ് പദം നൽകാനായിരുന്നു ധാരണ.
ഇത് പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ജോമോനെതിരെ കോൺഗ്രസിലെ ബോസ് തളിയഞ്ചിറ മത്സര രംഗത്ത് വന്നു. ജോസഫ് വിഭാഗക്കാരായ 5 പേർ ജോമോൻ കൂറ്റനാലിനും, കോൺഗ്രസിലെ 3 അംഗങ്ങളും, മാണി വിഭാഗത്തിലെ റെജി കുന്നംകോട്ടും ഉൾപ്പെടെ 4 പേർ ബോസ് തളിയഞ്ചിറക്കും വോട്ട് ചെയ്തു. ഒരാളുടെ ഭൂരിപക്ഷത്തിൽ ജോസഫ് വിഭാഗത്തിലെ ജോമോൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള താൽപര്യം ഡിസിസി അംഗമായ ബോസ് തളിയഞ്ചിറ തന്നെ അറിയിച്ചിരുന്നുവെന്നും മത്സരം ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നതായും ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. അതേ സമയം പുതുപ്പരിയാരം ബാങ്കിൽ കേരള കോൺഗ്രസിന് 6 അംഗങ്ങളും , കോൺഗ്രസിന് 3 അംഗങ്ങളുമാണ് ഉള്ളതെന്നും പ്രസിഡന്റ് പദം 5 വർഷവും കേരള കോൺഗ്രസിന് ആണ് എന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നത് ആണെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ.ജേക്കബ് പറഞ്ഞു. പ്രെസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജോമോൻ ഹൈക്കോടതിയിൽ അഭിഭാഷകനാണ് .