ഏറ്റവും വരുമാനമുള്ള കായിക താരം മെസി, ഇന്ത്യൻ താരം കോഹ്ലി
ന്യൂഡൽഹി: കായികരംഗത്ത് ഏറ്റവും വരുമാനമുള്ള താരമായി മാറി ബാഴ്സലോണയുടെ അര്‍ജന്റൈന്‍ ഫുട്ബോൾ താരം ലിയോണൽ മെസി. ശമ്പളവും പരസ്യ കരാറുകളുമായി 879 കോടി രൂപയാണ് കഴിഞ്ഞ വർഷം മെസിയുടെ വരുമാനം. ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് മെസി മുന്നിലെത്തിയത്.
പട്ടികയിൽ രണ്ടാമത് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മൂന്നാമത് ബ്രസീലിയൻ താരം നെയ്മറുമാണ്.
754 കോടി രൂപ പ്രതിഫലമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുള്ളത്. 727 കോടി രൂപയുടെ വരുമാനമാണ് നെയ്മർക്കുള്ളത്.
പട്ടികയിൽ എൺപത്തിമൂന്നാം സ്ഥാനത്താണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുള്ളത്. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക കായികതാരമാണ് കോഹ്ലി. 173 കോടി രൂപയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ വാർഷികവരുമാനം. ഫോബ്സിന്റെ പട്ടികയിലെ ഏക ക്രിക്കറ്റ് താരവും കോഹ്ലിയാണ്.
പട്ടികയിലെ ആദ്യ പത്തിൽ അഞ്ച് പേരും ഫുട്ബോൾ താരങ്ങളാണ്. അമെരിക്കൻ ഫുട്ബോൾ താരങ്ങളായ റെസൽ വിൽസൻ ആറാമതും ആരോൻ റോഡ്ഗ്രസ് ഏഴാം സ്ഥാനത്തുമുണ്ട്.
മെക്സിക്കൻ ബോക്സിംഗ് താരം സോൾ അൽവാരസ് നാലും റോജർ ഫെഡറർ അഞ്ചും സ്ഥാനത്തെത്തി. ആദ്യ 100 പേരിൽ ഇടംപിടിച്ച ഏക വനിതാ താരം സെറീന വില്യംസാണ്. അറുപത്തിമൂന്നാം സ്ഥാനത്താണ് സെറീന. ഫുട്ബോളിന് പുറമെ ബോക്സിങ്, ടെന്നീസ്, ബാസ്ക്കറ്റ് ബോൾ, ഗോൾഫ്, ഓട്ടോ റെയ്സിങ്, ടെന്നീസ്, ബെയ്സ്ബോൾ, മാർഷൽ ആർട്സ്, ക്രിക്കറ്റ് മേഖലയിലെ താരങ്ങളുമാണ് 100 പേരുടെ പട്ടികയിലുള്ളത്.