അന്ന് പത്മശ്രീ നൽകി ആദരിച്ചു, ഇന്ന് ജീവിക്കുന്നത് ഉറുമ്പിൻ മുട്ട തിന്ന്...
അന്ന് രാജ്യം പത്മശ്രീ നൽകി ആദരിച്ചു, ഇന്ന് ഉറുമ്പിന്റെ മുട്ട തിന്ന് ജീവിക്കേണ്ട അവസ്ഥ. ഓർമയില്ലേ ഒഡീഷയിലെ മാഞ്ചി എന്നു വിളിക്കുന്ന എഴുപത്തുഞ്ചുകാരനായ ദൈതിരി നായിക്ക് എന്ന കർഷകനെ. ഒരു മല തുരന്ന് സ്വന്തം ഗ്രാമത്തിലേക്ക് വെള്ളം എത്തിച്ച മനുഷ്യൻ. മല തുരക്കാൻ തുടങ്ങിയപ്പോൾ ആകെ അദ്ദേഹത്തിനുണ്ടായിരുന്നത് ഒരു മൺവെട്ടി മാത്രമായിരുന്നു.
ഗൊനസിക മലയില്‍ നിന്നും ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് നാട്ടുകാരോട് പറഞ്ഞപ്പോൾ അവർ അദ്ദേഹത്തെ പരിഹസിച്ചു. എന്നാല്‍ തന്റെ പ്രയത്നം അദ്ദേഹം തനിച്ച് തുടര്‍ന്നു. പിന്നോട്ടില്ലെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെട്ടതോടെ സഹോദരന്മാരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. അങ്ങനെ മൂന്ന് വര്‍ഷത്തെ പ്രയത്നത്തിനൊടുവിൽ ഗ്രാമത്തില്‍ വെള്ളമെത്തി. ഈ സേവനത്തിനാണ് ദൈതിരിയിക്ക് പത്മശ്രീ ലഭിച്ചത്.
എന്നാൽ അവാർഡ് കിട്ടിയതോടെ ദൈതിരിയെ ആരും ജോലിയ്ക്ക് വിളിക്കാതെയായി. അതുവരെ ദിവസക്കൂലിക്ക് ഗ്രാമത്തിലുള്ളവര്‍ ദൈതരി നായിക്കിനെ പണിക്ക് വിളിക്കുമായിരുന്നു. പക്ഷേ പത്മശ്രീ നല്‍കിയതോടെ കൂലിപ്പണിക്ക് വിളിക്കുന്നതൊക്കെ മോശമല്ലേ എന്ന ചിന്താഗതിയായി ഗ്രാമവാസികള്‍ക്ക്. അതോടെ ആരും പണിക്കും വിളിക്കാതായി. ഇതോടെ ദൈതിരിയും കുടുംബവും പട്ടിണിയിലാകുകയായിരുന്നു.
ഇന്ന് ഞങ്ങള്‍ ജീവിക്കുന്നത് ഉറുമ്പിന്റെ മുട്ട മാത്രം തിന്നാണ് ദൈതരി നായിക്ക് പറയുന്നു. ആകെയുള്ള വരുമാനം 700 രൂപയുടെ വാർധക്യ പെൻഷനാണ്. പണിയ്ക്ക് വിളിക്കാത്തതുകൊണ്ട് പലഹാരം വിറ്റാണ് എന്തെങ്കിലും വരുമാന മാർഗം കണ്ടെത്തുന്നത്. ഈ അവാർഡ് തിരിച്ചു കൊടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെയെങ്കിലും മറ്റൊരു തൊഴിൽ എനിക്കു കിട്ടിയാലോ എന്ന് ദൈതരി ചോദിക്കുന്നു.
പത്മശ്രീ അവാര്‍ഡ് പ്രഖ്യാപിച്ച് കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുറച്ച് നേതാക്കളെത്തി ദൈതരി നായിക്കിനെ കാണുകയും വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. പക്ഷേ ഒന്നും നടന്നില്ല. ദൈതരിയെ പത്മശ്രീ നല്‍കാനായി തെരഞ്ഞെടുത്ത കാര്യം അറിഞ്ഞപ്പോള്‍ നാട്ടുകാരും ഒരുപാട് സന്തോഷിച്ചിരുന്നു. അവരുടെ നാടിന്റെ പുരോഗതിക്ക് അത് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുമെന്നാണ് അവരെല്ലാം പ്രതീക്ഷിച്ചതും. പക്ഷേ ഒന്നും സംഭവിച്ചില്ല. ആ നാടിനെ നഗരവുമായി ബന്ധിപ്പിക്കുന്ന നല്ലൊരു റോഡ് പോലും അവിടെ ഇല്ല. പത്മശ്രീ കൊണ്ട് തനിയ്ക്ക് യാതൊരു ഗുണവുമുണ്ടായില്ലെന്ന് ഈ കർഷകൻ പറയുന്നു.
ദൈതരിയുടെ അവസ്ഥയില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയ വഴി അമര്‍ഷവും ആശങ്കയുമാണ് പങ്കുവയ്ക്കുന്നത്. 2010 ലാണ് ഗൊനാസിക മല തുരന്ന് ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാനുള്ള പണി ദൈതരി ആരംഭിച്ചത്. മലയുടെ മൂന്ന് കിലോമീറ്ററോളം തുരന്ന് 2013 ൽ തന്റെ ഗ്രാമത്തിലെ 100 ഏക്കറോളം വരുന്ന പ്രദേശത്ത് ദൈതരി വെള്ളമെത്തിച്ചു.