നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്
ന്യൂഡല്‍ഹി: നീതി ആയോഗ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്. ആരോഗ്യപരിചരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിച്ചാണ് ദേശീയ റാങ്കിങ് തയ്യാറാക്കിയത്.
ആരോഗ്യസൂചികയില്‍ രണ്ടാം സ്ഥാനത്ത് ആന്ധ്രാപ്രദേശാണ്. മഹാരാഷ്ട്രയ്ക്കാണ് മൂന്നാം സ്ഥാനം. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. ശിശു മരണങ്ങൾ ഉണ്ടായ ബിഹാറും ഉത്തർ പ്രദേശുമാണ് ദേശീയ ആരോഗ്യസൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. നീതി ആയോഗ് വൈസ് ചെയർമാൻ ഡോ രാജീവ് കുമാറാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
ഹരിയാന,രാജസ്ഥാന്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ കാര്യമായ മുന്നേറ്റം കാഴ്ചവച്ചതായി നീതി ആയോഗിന്റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ആരോഗ്യപരിപാലനരംഗത്തെ സൗകര്യങ്ങള്‍ 23 വിഭാഗങ്ങളായി തിരിച്ചാണ് സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും പട്ടിക തയ്യാറാക്കിയത്.
കേരളം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മൊത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2016-17, 2017-18 എന്നീ രണ്ട് വര്‍ഷങ്ങളിലെ ആരോഗ്യരംഗത്തെ നിലവാരവും സൗകര്യങ്ങളും പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.
ലോകബാങ്ക് സഹകരണത്തോടെയാണ് നിതി ആയോഗ് രാജ്യത്തെ ആരോഗ്യമേഖലയില്‍ പഠനം നടത്തിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയും അവരില്‍നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ചായിരുന്നു പഠനം നടത്തിയത്.