ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: ഉത്തരവ് പ്രതിസന്ധിയിൽ
തിരുവനന്തപുരം: ഗവ.ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലമാറ്റ ഉത്തരവ് പ്രതിസന്ധിയിൽ. കംപാഷണേറ്റ് അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റ മാനദണ്ഡം സംബന്ധിച്ച തർക്കങ്ങളാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു തടസം. മാനസികമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളായ അധ്യാപകർക്ക് ആകെ സ്ഥലം മാറ്റത്തിന്റെ പത്തുശതമാനം കംപാഷണേറ്റ് (അനുകമ്പാർഹ പരിഗണന)ആയി നൽകണമെന്നാണു നിർദേശം.
സ്ഥലം മാറ്റം സംബന്ധിച്ച് നേരത്തേ മുതൽ നിലനിന്നിരുന്ന തർക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ അധ്യയന വർഷം തുടക്കത്തിൽ നടപ്പാക്കേണ്ടിയിരുന്ന സ്ഥലം മാറ്റം നടപ്പാക്കിയത് ഒക്റ്റോബറിലായിരുന്നു. മൊത്തം എണ്ണത്തിന്റെ പത്തു ശതമാനം കംപാഷണേറ്റ് വിഭാഗത്തിന് നൽകുന്നതിന് പകരം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിഷയാധിഷ്ഠിതമാക്കുകയും ചെയ്തു. ഇതോടെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി സ്വന്തം ജില്ലയിൽ തന്നെ നിയമനം ലഭിക്കാൻ ഓപ്ഷൻ സമർപ്പിച്ച് കാത്തിരുന്ന അധ്യാപകർ പ്രതിസന്ധിയിലായി.
വിഷയാധിഷ്ഠിത ഉത്തരവ് വരും മുൻപേ പലരും നിയമനത്തിന് ഓപ്ഷൻ സമർപ്പിച്ചിരുന്നു. ഇവരിൽ വലിയൊരു വിഭാഗം സ്വന്തം ജില്ലയിലേക്കാണു മാറ്റം ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതി ഉത്തരവ് മുൻ നിർത്തിയുള്ള പട്ടികയിൽ ഇവരിൽ ഭൂരിപക്ഷവും ജില്ലയ്ക്ക് പുറത്തേക്ക് തള്ളപ്പെട്ടു. ഇത്തരത്തിൽ രക്ഷിതാക്കൾ ദൂരേക്കു മാറ്റപ്പെട്ടതോടെ മാനസിക വെല്ലുവിളി നേരിടുന്ന പല കുട്ടികളുടെയും പഠനം വരെ നിലയ്ക്കുന്ന സ്ഥിതിയുണ്ടായി.
തുടർന്ന്, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഈ അധ്യാപകർ നൽകിയ നിവേദനം പരിഗണിച്ച കേന്ദ്ര സർക്കാരും ട്രൈബ്യൂണലും ആവശ്യപ്പെടുന്ന സ്ഥലത്തു നിയമനം നൽകാൻ നിർദേശിച്ചു. രണ്ടു മാസത്തിനുള്ള വിഷയത്തിൽ തീർപ്പുകൽപ്പിക്കണമെന്ന് ട്രൈബ്യൂണൽ ഫെബ്രുവരി 27ന് വകുപ്പ് സെക്രട്ടറിക്കും സാമൂഹ്യ നീതി വകുപ്പിനും ഉത്തരവിട്ടു.എന്നാൽ ഇതു നടപ്പാക്കാൻ സർക്കാർ തയാറായില്ല.
സാധാരണ നിലയിൽ നേരത്തെ വിളിക്കേണ്ട സ്ഥലമാറ്റ അപേക്ഷ സർക്കാർ സ്വീകരിച്ചത് മാർച്ച് 23 മുതൽ. തുടർന്ന് പതിനാല് ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചു. സർവർ തകരാർ മൂലം അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി സർക്കാർ നീട്ടി നൽകി. എന്നാൽ ഇതിനിടയിൽ ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയാറാകാതിരുന്നതോടെ ഏപ്രിൽ 27ന് അലക്ഷ്യ ഹർജിയുമായി പരാതിക്കാരായ അധ്യാപകർ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചു. ഇതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി കൈക്കൊണ്ട് ട്രൈബ്യൂണലിനെ അറിയിക്കണമെന്ന് അന്തിമ ഉത്തരവ് സർക്കാരിന് കൈമാറി. ഇതോടെ സ്ഥലമാറ്റ ഉത്തരവ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു.
സർക്കാർ തയാറാക്കിയ സ്ഥലം മാറ്റ ഉത്തരവിൽ ഇവർക്കനുകൂലമായി പരിഷ്കരണങ്ങൾ വരുത്തി മാത്രമേ പുതിയ ലിസ്റ്റ് പുറത്തിറക്കാനാകു. ഇതോടെ കഴിഞ്ഞ വർഷത്തെ പോലെ തന്നെ അധ്യാപകരുടെ സ്ഥലമാറ്റ ഉത്തരവ് നീണ്ടു പോകാൻ സാധ്യതയേറി. നേരത്തേ ഇറങ്ങേണ്ട കരട് പട്ടിക പോലും ഇതുവരെയും പുറത്തിറക്കിയിട്ടില്ല. ഇതുമൂലം കംപാഷണേറ്റ് വിഭാഗത്തിൽ പെടുന്ന അധ്യാപകർക്ക് പോലും സ്വന്തം കുട്ടികളുടെ തുടർപഠനം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.
ഇതിനിടയിൽ കഴിഞ്ഞ 22നാണ് പ്രിൻസിപ്പൽമാരുടെ പ്രൊമേഷൻ ലിസ്റ്റ് സർക്കാർ പുറത്തു വിട്ടത്. ഹൈസ്കൂളിൽ നിന്ന് വ്യത്യസ്തമായി ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ വിദ്യാർഥികൾക്ക് ക്ലാസുകളെടുക്കണമെന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ അതേ വിഷയത്തിൽ മറ്റൊരധ്യാപകനുണ്ടെങ്കിൽ അയാൾക്കും സ്ഥലം മാറ്റം നൽകേണ്ടതായി വരും. അതുകൊണ്ട് തന്നെ ഈ പ്രിൻസിപ്പൽമാർ ചുമതലയേറ്റെടുത്തതിന് ശേഷം മാത്രമേ സ്ഥലം മാറ്റ ഉത്തരവിൽ കരട് പ്രസിദ്ധീകരിക്കാനാകു.