അഴിമതിക്കെതിരെ പോരാടിയതിനുള്ള സമ്മാനം, ഇത് അനീതിയാണ്; രാജു നാരായണ സ്വാമി
കൊച്ചി: സര്‍വീസില്‍ നിന്ന് നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയും ചീഫ് സെക്രട്ടറിയുടെ നടപടിക്കെതിരെയും രൂക്ഷ പ്രതികരണവുമായി അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി ഐഎഎസ്. അഴിമതിക്കെതിരെ പോരാടിയതിനുള്ള സമ്മാനമാണിതെന്നും നടപടി കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത വാര്‍ത്തയെ കുറിച്ച് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറത്താക്കുന്നതിനെ കുറിച്ച് തനിക്ക് ഔദ്യോഗിക നോട്ടീസ് കിട്ടിയിട്ടില്ല, മാധ്യമ വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. അങ്ങനെയുണ്ടാവില്ലെന്നാണ് കരുതുന്നത്. തനിക്ക് നോട്ടീസ് കിട്ടിയിട്ടില്ല. മൂന്നു മാസമായി ശമ്പളമില്ല. തന്റെ വയറ്റത്തടിക്കുന്ന സമീപനമാണിത്. സര്‍വീസില്‍ ക്ലീന്‍ റെക്കോഡുള്ളയാളാണ് താന്‍. ഒരു കേസും തനിക്കെതിരെയില്ല. അങ്ങനെയുള്ള ഒരാളോട് സര്‍ക്കാര്‍ കാണിക്കുന്നത് കഷ്ടമാണ്, അനീതിയാണ്.
നാളികേര ബോര്‍ഡില്‍ വന്‍ അഴിമിതിയാണ് നടക്കുന്നത്. നാളികേര വികസന ബോര്‍ഡ് ചെയര്മാന് എന്ന നിലയില്‍ സ്വീകരിച്ച അഴിമതി വിരുദ്ധ നടപടികള്‍ക്ക് ലഭിച്ച പ്രതിഫലമാണിത്. അഴിമതിക്കാര്‍ക്ക് തന്നെ ഭയമുണ്ടാവാം. താന്‍ ആരെയും ഭയക്കുന്നില്ല. തന്റെ കരങ്ങള്‍ ശുദ്ധമാണ്. തന്റെ സര്‍വീസിനെ കുറിച്ച് ഒരു സര്‍ക്കാരും മോശം പറഞ്ഞിട്ടില്ല.
നോട്ടീസ് കിട്ടിയതിന് ശേഷം നിയമ നടപടികളെ കുറിച്ച് ആലോചിക്കും.നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും തുടര്‍ നടപടി. ഇക്കാര്യത്തില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഇതൊരു സിസ്റ്റമാണ്. ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢ ശ്രമമാണിത്. അതിന്റെ ഭാഗമാണ് സഞ്ജീവ് ഭട്ടിന്റെ കേസും. സെന്‍ട്രല്‍ എസ്.ഐ നവാസിനുണ്ടായ ദുരനുഭവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാമെന്നും അദ്ദേഹം പറഞ്ഞു. നാളികേര വികസന ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് നിന്നും നാരായണസ്വാമിയെ മാര്‍ച്ചില്‍ നീക്കിയിരുന്നു.
ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ രണ്ടു വര്‍ഷം തികയുന്നതിന് തസ്തികയില്‍ നിന്ന് നീക്കം ചെയ്യുന്നുവെങ്കില്‍ അത് സംബന്ധിച്ച് ഉദ്യോഗസ്ഥന് മുന്‍കൂര്‍ അറിയിപ്പ് നല്‍കണം. തന്റെ കാര്യത്തില്‍ അക്കാര്യം ലംഘിച്ചു. ഇതേ തുടര്‍ന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കിയത്. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിനറിയാം.
ഇത് സംബന്ധിച്ച് ഒരു മെമ്മോ പോലും തനിക്ക് ഇത് വരെ ലഭിച്ചിട്ടില്ല. ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. കേസ് നിലവിലുള്ളത് മൂലമാണ് കേന്ദ്ര സര്‍വീസില്‍ ചേരാത്തതെന്ന് പറഞ്ഞ നാരായണ സ്വാമി ഇക്കാര്യം ചീഫ് സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നതായും കൊച്ചിയില്‍ പറഞ്ഞു.