ഓണപ്പാട്ടിനെക്കാളും ഇമ്പമുളള മണി ഓര്‍മ്മകളില്‍ വിങ്ങി ചാലക്കുടി:
മലയാളികളുടെ നെഞ്ചിലെ മായാത്ത നൊമ്പരമാണു കലാഭവന്‍ മണി. ദാരിദ്ര്യത്തിനും കഷ്ടപ്പാടുകള്‍ക്കും തോല്‍പ്പിക്കാന്‍ പറ്റാത്ത പ്രതിഭയായിരുന്നു മണി. മണിയില്ലാത്ത ഓണത്തെ കുറിച്ചു ചാലക്കുടിക്കാര്‍ക്കു സങ്കല്പ്പിക്കാന് പോലും സാധിക്കില്ലെന്ന് അവരുടെ സംഭാഷണങ്ങളില്‍ നിന്നും വ്യക്തമാണ്. മണിയില്ല എന്നു വിശ്വസിക്കാന്‍ ഇതു വരെ ചാലക്കുടിക്കാരുടെ മനസു പരുവപ്പെട്ടില്ല. മണിയെ കാണാന്‍ ഓണക്കാലത്ത് തിക്കും തിരക്കുമായിരുന്ന മണിയുടെ വീട്ടില്‍ ഈ തവണ അധികം ആള്‍ക്കാരും ആരുവങ്ങളുമില്ല. മണിയെ കുറിച്ചു ചോദിക്കുമ്പോള്‍ വിങ്ങിപൊട്ടുന്ന നാട്ടുകാരുടെ കണ്ണില്‍ നിന്ന് തന്നെ നമുക്കു വായിച്ചെടുക്കാം മണിയെന്ന വലിയ മനുഷ്യനെ. മണിയെ കുറിച്ച് ഓര്‍ത്തെടുക്കുമ്പോള്‍ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന്റെ കണ്ണുകള്‍ അറിയാതെ നിറയും വാക്കുകള്‍ മുറിയും.
കരച്ചില് നിയന്ത്രിക്കാനാകാതെ ഇടയ്ക്കിടെ ഉച്ചത്തില്‍ പൊട്ടിക്കരയും. ഇഴമുറിയാതെ പൊട്ടി ഒഴുകുന്ന കണ്ണുനീര് തുടച്ചു കൊണ്ട് മണിയുമൊത്തുളള ഓണം ഓര്‍മ്മകളെ കുറിച്ച് ആര്‍എല്‍വി രാമകൃഷ്ണന് സംസാരിച്ചു തുടങ്ങി.
വീട്ടിലുണ്ടെങ്കില്‍ മണി ചേട്ടന് ഓണത്തിന്റെ അന്നു രാവിലെ കുളിച്ച് അമ്പലത്തില്‍ പോകും. ചാലക്കുടി കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലാകും പോകുക. തൊഴുതു വന്നാല്‍ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ മുതല്‍ വീടു വരെ മണിയുടെ സഹായം സ്വീകരിക്കാന്‍ കാത്തു നില്ക്കുന്ന ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുകയാണ് അടുത്ത പണി. മിനി ലോറിയില്‍ ചാക്കരി കൊണ്ടു വന്നിട്ട് എല്ലാവര്ക്കും അരി വിതരണം ചെയ്യും. ഒരു ചാക്കു തീരുമ്പോള്‍ അടുത്തതു കൊണ്ടു വരും. ഓണം ആയാലും വിഷു ആയാലും സാമ്പത്തിക സഹായം വാങ്ങിക്കാനുളള ജനങ്ങളുടെ തിരക്കായിരിക്കും വീട്ടില്‍. അടുത്തുളള വീട്ടിലുളള പ്രായമവരെ സന്ദര്‍ശിച്ച് അവര്‍ക്ക് സാമ്പത്തിക സഹായം നല്കി അവരുടെ അനുഗ്രഹം വാങ്ങിച്ചിട്ടേ ഓണാഘോഷങ്ങള്‍ മണിചേട്ടന് തുടങ്ങാറുളളു. മരിച്ചു പോയ കാര്ണവര്മാര്ക്ക് ഭക്ഷണം (വീട് വെക്കുക എന്നാണ് പറയുക) ആ ചടങ്ങാകും അടുത്തത്. പിന്നിടാണ് അദ്ദേഹം ഭക്ഷണം കഴിക്കുക. ദിവസം തോറും ആളുകളായിരിക്കും വീട്ടില്‍. വീട്ടുകാരോടും കൂട്ടുകാരോടോപ്പം ചെലവഴിക്കാനായിരുന്നു മണിചേട്ടന് എന്നും ഇഷ്ടം. കൂട്ടുകാര്‍ എന്ന് പറഞ്ഞാല്‍ മണി ചേട്ടന് ജീവനായിരുന്നു.
അവരൊടോപ്പം ചെണ്ട കൊണ്ടി പാട്ടു പാടിയാണ് ഓണാഘോഷം. രാത്രി ഏറെയും വൈകി പാട്ടുകള്‍ പാടി ചെണ്ട കൊട്ടി ആഘോഷിക്കും. നാട്ടുകാര്‍ക്ക് ഉറങ്ങാന്‍ പോലും ബുദ്ധിമുട്ടാകും. ഉച്ചത്തില്‍ പാട്ടുകള്‍ പാടി ഉത്സവ തിമിര്‍പ്പിലായിരിക്കും മണി ചേട്ടന്റെ ഓണാഘോഷം. ഓണമായാലും വിഷു ആയാലും ജനങ്ങള്‍ക്ക് ഇടയിലേയ്ക്ക് ഇറങ്ങി ചെല്ലുമായിരുന്നു മണിചേട്ടന്. ദാരിദ്ര്യമെന്നത് അനുഭവിച്ചതു കൊണ്ട് നമ്മുടെ കൈയ്യില്‍ സാമ്പത്തികമുളളടിത്തോളം കാലം പാവപ്പെട്ടവരെ സഹായിക്കണമെന്ന് മണിചേട്ടന് ഇടക്കിടെ എന്നോട് പറയുമായിരുന്നു. ദാരിദ്ര്യം, വിശപ്പ്, എന്നൊക്കെ കേള്‍ക്കേണ്ടി വരുമ്പോള്‍ മണിച്ചേട്ടന്റെയും നെഞ്ച് ഉരുകും. അരിയായും പൈസയായും വീട്ടില്‍ വരുന്നവര്‍ക്ക് ഓണത്തിന്റെ അന്ന് സഹായം കൊടുക്കും. വൈകുന്നേരങ്ങളില്‍ തറവാട്ടു വീട്ടിലാണ് ഒത്തു കൂടുക. പെങ്ങന്മാരുടെ മക്കളോടും ബന്ധുക്കളോടോപ്പമാണു മണിചേട്ടന്റെ ഓണാഘോഷം.ഞങ്ങള്‍ എല്ലാവര്ക്കും ആവശ്യമുളള ഓണക്കോടികള്‍ കടയില്‍ പോയി പറഞ്ഞു വെക്കും. അതു പോയി വാങ്ങിക്കണമെന്നു പ്രത്യേകിച്ച് എന്നോടു പറയും. പൈസയൊക്കെ കടയില്‍ കൊടുത്തു വെച്ചിട്ടുണ്ടാകും. വീട്ടില്‍ വരുന്ന എല്ലാവര്ക്കും ഓണക്കോടി നല്‍കും. വീട്ടിലെത്തുന്ന ചേച്ചിമാര്‍ക്ക് സാരി കൊടുക്കാന്‍ എന്നെ ഏല്‍പ്പിക്കുമായിരുന്നു. നാടു മുഴുവന്‍ ഓടി നടന്നാണ് ഓണഘോഷം. ഉച്ചക്ക് കൃത്യസമയത്തൊന്നും ഭക്ഷണത്തിന് എത്താറില്ല. മൂന്ന് മണിക്കായിരിക്കും ഊണ് കഴിക്കുക. അത്രയ്ക്കും ആളുകള്‍ ഉണ്ടാകും വീട്ടില്‍. മൂന്ന് മണിയാകുമ്പോള്‍ വീട്ടിലെത്തി ചേച്ചിക്കും കൊച്ചിനും ഓരോ ഉരുള വാരി നല്‍കിയായിരിക്കും ഓണ സദ്യയക്ക് തുടക്കമിടുക. അതിനു ശേഷമാകും മണി ചേട്ടന് ഉണ്ണുക. വീട്ടില്‍ ഉളള സമയത്തെല്ലാം അതെല്ലാം തന്നെയാകും മണി ചേട്ടന്റെ പതിവും. വീട്ടില്‍ നിന്ന് കഴിച്ചു കഴിച്ചില്ലെന്ന് വരുത്തി. അടുത്തുളള വീടുകളിലും സുഹൃത്തുക്കളുടെ വീട്ടിലും ചെന്ന് അവരുടെ ഓണ സദ്യകളിലും മണി ചേട്ടന് പങ്കു ചേരുമായിരുന്നു. ഭക്ഷണം വളരെ കുറച്ചു മാത്രമേ ചേട്ടന് കഴിക്കാറുളളു. ഓണത്തിന് എവിടെയെങ്കിലും അദ്ദേഹത്തിന് സ്റ്റേജ് ഷോയും ഉണ്ടാകും.ഒരു ദിവസം എങ്കിലും ഒരു ദിവസം തന്നെ കൊണ്ട് ആകുന്നതു പോലെ മറ്റുളളവര്‍ക്ക് സമൃദ്ധിയുണ്ടാകാന്‍ മണി ശ്രദ്ധിച്ചിരുന്നു. ഓണത്തിന് പുതിയ കാസറ്റുകള്‍ റീലിസ് ആകുന്നതിന് മുന്‍പ് എന്നെയായിരിക്കും ആ പാട്ടുകള്‍ ആദ്യം കേള്‍പ്പിക്കുക. ചാലക്കുടിയില്‍ ടൗണില്‍ വച്ചായായിരിക്കും മിക്കപ്പോഴും എന്നെ കാണുക. എന്നെ വണ്ടിയില്‍ വിളിച്ചു കയറ്റും. വലിയ ശബ്ദത്തിലായിരിക്കും പാട്ടു വെക്കുക. ചാലക്കുടി ടൗണ്‍ മുഴുവന്‍ വണ്ടിയില്‍ ചുറ്റിച്ച് വലിയ ശബദത്തില് ആ പാട്ടുകള്‍ മുഴുവന്‍ കേള്‍പ്പിച്ച് കണ്ണാ പാട്ടു നന്നായോ എന്ന് എന്നോട് ചോദിക്കുമായിരുന്നു. ആളുകള്‍ക്കിഷ്ടപ്പെട്ട സൂപ്പര്‍ഹിറ്റാകുമെന്ന ഉറപ്പുളള പാട്ടുകളാണ് കേള്‍പ്പിക്കുക. വണ്ടി പോകുമ്പോള്‍ വണ്ടി കുലുങ്ങുന്ന ശബ്ദത്തിലാകും സ്റ്റീരിയോ വെക്കുക. ഓണത്തിനും ശബരിമല സീസണിലാകും മണി ചേട്ടന്റെ കാസറ്റ് ഇറങ്ങുക.
വിശന്നു വരുന്നവരെ വയറു കാലിയാക്കി ഒരിക്കിലും മണി ചേട്ടന് പറഞ്ഞു വിട്ടിട്ടില്ല. ചുരുങ്ങിയതു രണ്ടു മിനി ലോറി വണ്ടികളാണ് വിതരണം ചെയ്യാനുളള അരിയുമായി ഓണത്തിനു വീട്ടിലെത്തുക. ഒരിക്കലും ഒരു ഫ്ളാറ്റിലോ ടൂറിസ്റ്റ് കേന്ദ്രത്തിലോ അല്ല മണിചേട്ടന്റെ ഓണാഘോഷം. നാട്ടുകാരുടെ കൂടെ ഒരു കാവി മുണ്ടെടുത്തായിരുന്നു ഓണാഘോഷം. സ്വയം ഓണക്കോടിയെടുക്കുന്നത് മണി ചേട്ടന് ഇഷ്ടമായിരുന്നില്ല. ദേവിയുടെ പ്രസാദം എപ്പോഴും മണിചേട്ടന്റെ നെറ്റിയില്‍ ഉണ്ടാകുമായിരുന്നു. നല്ല വസ്ത്രം ധരിക്കണമെന്ന് അദ്ദേഹത്തിന് ഒരു ആഗ്രഹമുണ്ടായിരുന്നില്ല. സിനിമാനടനായിട്ടും സാധാരണക്കാരനെ പോലെയായിരുന്നു വസത്രധാരണം.മോളും ഏടത്തിയമ്മയുമായി ഓണത്തിന്റെ ദിവസം പുറത്തു പോകും. കലാഭവന്‍ മണിയെന്ന ആള് ഒരു ജനപ്രതിനിധിയെ പോലെ ജീവിച്ച ആളാണ്. അത് കൊണ്ട് അദ്ദേഹത്തെ സ്വകാര്യതയില്‍ കിട്ടണമെന്ന് ഒരിക്കല്‍ പോലും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. ഭക്ഷണം കഴിച്ച് ആരംഭിക്കുന്നതിനു മുന്‍പ് ആളുകള്‍ മണിചേട്ടനെ വിളിക്കാന്‍ വരും. ഓണത്തിനു പരിപാടിയില്‍ ഇല്ലെങ്കില്‍ രാത്രി ഒന്‍പതു മണിയോടെയാണ് വീട്ടുകാരുമൊത്തുളള ഓണാഘോഷം. നേരം വെളുക്കുവോളം ഓണാഘോഷമാണ്. പണ്ടത്തെ ഓണം പട്ടിണിയില്‍ ആയതു കൊണ്ട് അച്ഛന് ഉണ്ടാക്കുന്ന നാരങ്ങ കറിയും മാങ്ങാകറിയുമായിരിക്കും പ്രധാന വിഭവം.
അച്ഛന്റെ ഇഷ്ട വിഭവമായ മാങ്ങാക്കറിയും നാരാങ്ങക്കറിയും ഉണ്ടാക്കാനാണ് മണിചേട്ടന് ഏറെയിഷ്ടം. ചേട്ടന് തന്നെ വന്ന് ഈ കറികള്‍ ഉണ്ടാക്കി ഞങ്ങള്‍ക്കു തരണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മുവാണ്ടന്‍ മാങ്ങ പാലു വിഴിഞ്ഞു വെക്കുന്ന കറിക്ക് മണിചേട്ടന്റെ പൊടിക്കൈകള്‍ കൂടി ആകുമ്പോള്‍ പ്രത്യേക രുചിയാണ്. ആ കറി ചേട്ടന് വന്നിട്ടേ ഉണ്ടാക്കാന്‍ പാടുളളുവെന്ന നിര്‍ബന്ധം തന്നെയുണ്ടായിരുന്നു. ആളുകള്‍ സഹായം കൊടുക്കുന്ന തിരിക്കില്‍ ഈ കറി ഉണ്ടാക്കാന്‍ സമയം കണ്ടെത്തും.
ചെറുപ്പത്തില്‍ അച്ഛനും അമ്മയും കൃഷ്ണനായര്‍ എന്നയാളുടെ വീട്ടിലാണ് പണിക്കു പോകുക.അവിടെ നിന്ന് കിട്ടുന്ന മാങ്ങയും ചാക്കയും ഒക്കെയായിരിക്കും പ്രധാന വിഭവങ്ങള്‍. അവിടെ നിന്നു കിട്ടുന്ന വള്ളിനാരങ്ങ കടുക് ഒക്കെയിട്ടു പൊട്ടിച്ചു അച്ഛന് രുചികരമായ കറി ഉണ്ടാക്കുമായിരുന്നു. ആ നാരങ്ങക്കറിയുടെ സ്വാദാണ് ഞങ്ങളുടെ ഓണത്തെ വിളിച്ചു ഉണര്‍ത്തുന്നത്. മൂന്ന് നേരം കൂട്ടാനും കറിയും ഒന്നും വീട്ടില്‍ ഉണ്ടാകുമായിരുന്നില്ല. ഈ നാരങ്ങക്കറിയും മുവാണ്ടന്‍ മാങ്ങ പാലും പിഴിഞ്ഞ് വെച്ച കറിയുമായിരിക്കും ഓണത്തിന്റെ പ്രധാന കറികള്‍. ഓണക്കോടി ഒന്നും ഉണ്ടാകുമായിരുന്നില്ല.
സിനിമ കാണുകയെന്നതാണ് മണിചേട്ടന്റെ ഏറ്റവും വലിയ വിനോദം. പലതരം പണികള്‍ ചെയ്തും കിട്ടുന്ന കാശു സിനിമ കാണാനും കാണിക്കാനുമാണ് ഓണത്തിനു ചെലവിടുക. അക്കര തിയേറ്ററിലായിരിക്കും ഭൂരിഭാഗവും പോകുക. ഒരു രൂപ, രണ്ട് രൂപ ടിക്കറ്റ് ആയിരിക്കും എടുക്കുക. ടിക്കറ്റ് എടുക്കാന്‍ ഇടുങ്ങിയ ഒരു ഗുഹ പോലെയുളള സ്ഥലത്തു കൂടിയാണ് പോകുക. എന്റെ തല ചുമരില്‍ മുട്ടാതിരിക്കാനും അദ്ദേഹം എന്നെ എടുത്തു പിടിക്കുമായിരുന്നു. ഇന്റര്‍വെല്ലിന് ഒരു രൂപയ്ക്കു കിട്ടുന്ന മിച്ചര്‍ വാങ്ങി ഞങ്ങള്‍ക്കു തരുമായിരുന്നു.
ഓണത്തിനു ഒരു സിനിമ റിലീസ് ആകണമെന്ന് മണിചേട്ടന് വലിയ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ആദ്യമായി ഓണത്തിനു റീലിസ് ആയ സിനിമയായിരുന്നു രാജസേനന് സംവിധാനം ചെയ്ത ജയറാം ചിത്രം ദില്ലിവാല രാജകുമാരന്. അക്കര തിയേറ്ററില്‍ ഒരു രൂപ ടിക്കറ്റ് എടുത്ത് കണ്ടിരുന്ന ഞങ്ങള്‍ ബാല്‍ക്കണയില്‍ ഇരുന്ന് മണിചേട്ടന്റെ പടം കാണാനുളള ഭാഗ്യം ദൈവം ഞങ്ങള്‍ക്കു തന്നു.
അച്ഛന് പണിയെടുത്ത പാടിയെന്ന സ്ഥലം മണിച്ചേട്ടന് പിന്നീട് വാങ്ങി. ഈ സ്ഥലത്തിലൂടെ കുട്ടിക്കാലത്തെ ഒരു ഓണക്കാലത്ത് വീട്ടിലെത്താന്‍ പോകുന്ന വഴിയില്‍ പുഴ നീന്തിക്കടന്നു പോകാന്‍ ശ്രമിച്ചപ്പോള്‍ കയത്തില്‍ വീണു പോയതാണ് ഓണക്കാലത്തെ ഏറ്റവും വലിയ ദുരനുഭവം. ചേട്ടന് എന്നെ ഇറുക്കിപിടിച്ചു ചേട്ടന് മുങ്ങിതാണിട്ടും പിടിവിട്ടില്ല. ആളുകള്‍ ഓടിയെത്തിയാണ് ഞങ്ങള്‍ രണ്ടു പേരെയും രക്ഷപ്പെടുത്തിയത്.
ആ ഓണക്കാലത്ത് പാടിയുടെ താഴെയുളള പുഴയില്‍ മുങ്ങി മരിക്കേണ്ടതായിരുന്നു. ഓണ നാളില്‍ മണിക്കു വേണ്ടി കാത്തിരിക്കാറുളള ചാലക്കുടിയില്‍ ഈ തവണ ഓണമില്ലെന്നു പറയുമ്പോള്‍ രാമകൃഷ്ണന്റെ കണ്ണുകള്‍ അറിയാതെ നിറയുന്നു. എന്നെ കണ്ണാ എന്ന് മാത്രമേ ചേട്ടന് വിളിക്കാറുളളു. സ്നേഹത്തോടെ നെഞ്ചോട് ചേര്‍ത്തു പിടിച്ച ആ നല്ല മനുഷ്യനുമായി എനിക്കു പ്രശ്നങ്ങളുണ്ടായിരുന്നു എന്നെ ചേട്ടന് വീട്ടില്‍ കയറ്റിയില്ല എന്നൊക്കെ പ്രചരിപ്പിച്ചതു വന്‍ വേദനയാണ് ഉണ്ടാക്കിയത്.
കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച മണി ചേട്ടന് കുടംബം നോക്കിയില്ലെന്നു പറയുന്നത് ദൈവം പോലും പൊറുക്കാത്ത കാര്യമാണ്. മണി കുടുംബക്കാരെ നോക്കിയില്ലെന്ന പ്രചാരണം ശരിക്കും ഞങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. കുടുംബത്തിനും കൂട്ടുകാര്‍ക്കും വേണ്ടി ജീവിച്ച മനുഷ്യനാണ് അദ്ദേഹം. എന്റെ ചേട്ടന് കുടിച്ചു മരിച്ചയാളല്ല. സ്വയം വിഷം കുടിച്ചു മരിച്ചയാളുമല്ല. വിഷം മദ്യം ഉള്ളില്‍ ചെന്നിട്ടാണ് മരണം. സഹോദരന്റെ മരണത്തിന്റെ കാരണം അന്വേഷിച്ചു ചെന്ന എന്നെ ദുഷ്പ്രചാരണം കൊണ്ടാണ് അദ്ദേഹത്തിന്റെ കൂട്ടുകാരെന്ന് സ്വയം അവകാശപ്പെടുന്ന ആളുകള്‍ നേരിട്ടത്.
സമ്പത്തുകാലത്ത് അദ്ദേഹത്തിന്റെ കൂടെ കൂടിയ ഞങ്ങളുടെ കുടുംബത്ത് ആരൊക്കെയാണ് ഉള്ളതെന്ന് പോലും അറിയാത്ത മണിച്ചേട്ടന്റെ സുഹൃത്തുക്കളാണ് ഇത്രയും തരംതാണ പ്രചാരണം അഴിച്ചു വിടുന്നത്. സ്വന്തം സഹോദരന് മരിച്ചത് എന്തിനാണ് അറിയാന്‍ ഒരു സഹോദരന് ആഗ്രഹമുണ്ടാകില്ലേ. എന്റെ ചേട്ടന് പകുതിയിലധികം തീര്‍ന്നിട്ടാണ് എന്നെ അറിയിക്കുന്നത് തന്നെ.
ആദ്യകാലങ്ങളില്‍ അച്ഛന്റെ പാട്ടു പാടി. പിന്നീട് മറ്റു കാലാകാരന്മാര്ക്കും അവസരം നല്കി. ഓണം ആയാലും വിഷു ആയാവും ചാലക്കുടി മണിക്കൊപ്പം ആയിരുന്നു. മണി എന്തു ചെയ്യുന്നു എന്നായിരുന്നു ചാലക്കുടിക്കാര്‍ നോക്കിയിരുന്നത്. സഹോദരന് എന്ന നിലയിലേക്കാള്‍ മഹാനായ മനുഷ്യസ്നേഹി എന്ന നിലയില്‍ മണിയെ ഓര്‍ക്കാനാണ് രമകൃഷ്ണന് ഇഷ്ടം.
ഒരു ഓണപാട്ടിന്റെ മധുരമുണ്ട് മണിയുടെ ഓര്‍മ്മകള്‍ക്ക്. മണിയെന്ന താരത്തെയല്ല മണിയെന്ന പച്ച മനുഷ്യനെയാണ് ചാലക്കുടിയും കേരളവും നെഞ്ചില്‍ ഏറ്റിയത്. തിരശ്ശീലകളിലെ അതികായനായ നായകനും വില്ലനും എന്നതിനെക്കാള്‍ ഉപരി മണി ചാലക്കുടിയുടെ ചങ്ങാതിയായിരുന്നു. സുഖത്തിലും ദുഖത്തിലും കൂടെ നിന്ന ചാലക്കുടിയുടെ സ്വന്തം മണിച്ചേട്ടന്റെ ഓര്‍മ്മകള്‍ ഓണക്കാലത്തേക്കാള്‍ പ്രിയപ്പെട്ടതാണ് എന്നും ചാലക്കുടിക്കാര്‍ക്ക്.