ഇടതിന് ഈഴവവോട്ടും ചോർന്നതായി വിമർശനം
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സിപിഎം ചെങ്കോട്ടകളിലെ ഈഴവ വോട്ടുകളും ഈ തെരഞ്ഞെടുപ്പിൽ വൻതോതിൽ ചോർന്നതായി വിമർശനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ.എൻ. ബാലഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് മണ്ഡലം കമ്മിറ്റി അംഗങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ശബരിമലയിലെ സർക്കാർ ഇടപെടൽ, പെരിയയിലെ ഇരട്ടക്കൊല എന്നിവയൊക്കെ ഇടതുമുന്നണിയുടെ വോട്ടുചോർത്തിയ ഘടകങ്ങളാണെന്ന് കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.
തിരുവനന്തപുരം നഗരസഭാ പരിധിയിലെ 100 വാർഡുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇടതുപക്ഷത്തിന് ലീഡ് കിട്ടിയത്. അത് കാട്ടായിക്കോണമാണ്. 65 വാർഡിൽ യുഡിഎഫ് മുന്നിലെത്തിയപ്പോൾ 34ൽ ബിജെപിയാണ് ഒന്നാം സ്ഥാനത്ത്. ഉടൻ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിന്റെ പരിധിയിലുള്ള 24 നഗരസഭാ വാർഡുകളിൽ ഒരിടത്തുപോലും മുന്നിലെത്താൻ ഇടതിനായില്ല. ഇവിടെ യുഡിഎഫും ബിജെപിയും 12 വീതം സീറ്റിൽ മുന്നിലെത്തി. ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തിനുവേണ്ടിയാണ് മത്സരമെന്നും യോഗത്തിൽ മണ്ഡലം കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
സിപിഎം കോട്ടകളായിരുന്ന കടകംപള്ളി, കരിക്കകം, കുളത്തൂർ, ആറ്റിപ്ര വാർഡുകളിലെല്ലാം ബിജെപി ഇത്തവണ മുന്നിലെത്തി. ഇവയെല്ലാം ഈഴവ വിഭാഗത്തിന് ഭൂരിപക്ഷമുള്ള വാർഡുകളുമാണ്. ഇതിൽ കുളത്തൂരിൽ 70 ശതമാനവും ഈഴവ വിഭാഗക്കാരാണ്. ഇവരൊക്കെ എന്തുകൊണ്ട് ബിജെപിക്ക് വോട്ടുചെയ്തുവെന്ന് കണ്ടെത്തണം. നഗരസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര തിരുത്തൽ നടപടികൾ ഉണ്ടാവുകയും അത് ജനങ്ങൾക്ക് ബോധ്യമാവുകയും വേണമെന്നും ആവശ്യമുയർന്നു.
ശബരിമല വിഷയം സിപിഎമ്മിന്റെ അടിത്തറ ഇളക്കി. മുഖ്യമന്ത്രി ഒരഭിപ്രായവും ദേവസ്വം മന്ത്രി മറ്റൊന്നും ദേവസ്വം ബോർഡ് മൂന്നാമതൊരഭിപ്രായവും പറഞ്ഞത് ഇവർ പല തട്ടിലാണെന്ന പ്രതീതി പലവട്ടം ഉണ്ടാക്കി. ഇതേപോലെ ഗൗരവകരമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ അത്യാവശ്യം ഉണ്ടാകേണ്ട കൂടിയാലോചന ഉണ്ടായില്ലെന്ന് ഇതൊക്കെ തെളിയിച്ചു. ജനങ്ങൾ ഇത് കണ്ടുകൊണ്ടിരിക്കുകയാണെന്ന് നേതാക്കൾ ഓർക്കണമായിരുന്നെന്നും അംഗങ്ങൾ പറഞ്ഞു.
കാസർഗോഡാണ് രണ്ടുപേരെ തെരഞ്ഞെടുപ്പിനു മുമ്പ് വെട്ടിക്കൊന്നതെങ്കിലും ആ യുവാക്കളുടെ മരണം തിരുവനന്തപുരത്തു പോലും വലിയ തോതിൽ ചലനങ്ങളുണ്ടാക്കി. അവിടെ കൊലയാളികളോടൊപ്പമാണ് സർക്കാരും പാർട്ടിയുമെന്ന നിലപാട് ദോഷം ചെയ്തു.
കെഎസ്ആർടിസി വിഷയം കൈകാര്യം ചെയ്തതിൽ സർക്കാരിന് വലിയ പാളിച്ച ഉണ്ടായി. കോർപ്പറേഷൻ നേരെയാക്കാൻ വന്ന ടോമിൻ തച്ചങ്കരിയെ ജോലി ചെയ്യാൻ തയാറാവാത്ത സിഐടിയു നേതാക്കൾ ഓടിച്ചുവെന്നും അതിന് സർക്കാർ കൂട്ടുനിന്നുവെന്ന പ്രചാരണം തിരിച്ചടിച്ചു. എംപാനൽ തൊഴിലാളികളെ തെരുവിലിറക്കിയതും പിഎസ്സി നിയമന ശുപാർശ നൽകിയവരെ നിയമിക്കാൻ തയാറാകാതെ വന്നതും രണ്ടുകൂട്ടരുടെയും വോട്ട് കിട്ടാതാക്കി. നേതാക്കൾ പറയുന്നതിനപ്പുറം കാര്യമായ ചർച്ചയില്ലാതിരുന്ന കമ്മറ്റികളിൽ നിന്ന് വ്യത്യസ്തമായി തുറന്ന ചർച്ചയാണ് ഇത്തവണ നടന്നതെന്ന് ഒരു മുതിർന്ന നേതാവ് കമ്മറ്റി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ചൂണ്ടിക്കാട്ടി.